രാജി റോബിനു ജസ്റ്റിസ് ഓഫ് പീസ് പദവി; ന്യൂസിലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനത്തിളക്കം

രാജി റോബിനു ജസ്റ്റിസ് ഓഫ് പീസ് പദവി; ന്യൂസിലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനത്തിളക്കം

പാമേർസ്റ്റൺ: ന്യൂസിലൻഡിലെ ബഹുമാന്യ പദവിയായ ജസ്റ്റിസ് ഓഫ് പീസ് (JP) നേടി മലയാളി സമൂഹത്തിന് അഭിമാനമായി രാജീ റോബിൻ. സമൂഹത്തിനായി മികച്ച സേവനങ്ങളും  വിവിധ ക്ഷേമപ്രവർത്തനങ്ങളും ചെയ്യുന്നവർക്കായി ന്യൂസിലാൻഡ് ഗവൺമെൻ്റ് നല്കുന്ന പദവിയാണ് ജസ്റ്റിസ് ഓഫ് പീസ്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാനമായ ഈ പദവിയിലേക്ക് ഒരു മലയാളി വനിത എത്തുന്നത് ന്യൂസിലൻഡിലെ മുഴുവൻ മലയാളി സമൂഹത്തിനും യുവതലമുറയ്ക്കും പ്രചോദനമായി.

പാമേർസ്റ്റൺ ഫെയ്ത്ത് റിവൈവൽ ചർച്ച് അംഗമായ രാജീ റോബിൻ പാമേർസ്റ്റൺ നോർത്തിലെ ആൽഡൻ അരോഹ  കെയർ ഹോമിൽ  രജിസ്ട്രേഡ് നഴ്സായ രാജി ക്ലിനിക്കൽ സർവ്വീസസ് മാനേജരായി ജോലി ചെയ്യുന്നു. 2014-ൽ ആണ് രാജി ന്യൂസിലാൻ്റിൽ എത്തുന്നത്

കൊല്ലം ആയൂർ സ്വദേശിയും പെരുങ്ങളളൂർ ബേഥേൽ ഐപിസി സഭാംഗവുമാണ്. മാവിലഴികത്ത് തെക്കേ വിളയിൽ സാമുവേൽ വർഗീസും സാറാമ്മയുമാണ് മാതാപിതാക്കൾ. നാട്ടിൽ സൺഡേസ്കൂൾ, പിവൈപിഎ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഭർത്താവ് കവിയൂർ സ്വദേശിയും ഐപിസി ശാലേം കവിയൂർ സഭാംഗവുമായ വാഴയിൽ റോബിൻ ജോസഫ്. മക്കൾ: ഡിയോൺ, ഡെബോറ, ഡാനിയേല.

ആരോഗ്യമേഖലയിലെ തിരക്കിട്ട ജീവിതത്തിനിടയിലും വർഷങ്ങളായി സമൂഹത്തിൽ നിസ്വാർത്ഥ സേവനം കാഴ്ചവെക്കുകയും സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്ത രാജീ റോബിന്റെ കഠിനാധ്വാനത്തിനും സത്യസന്ധതയ്ക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. പാമേർസ്റ്റൺ നോർത്തിലെ മലയാളി കൂട്ടായ്മകളിലും പൊതുരംഗത്തും രാജീ റോബിന്റെ പ്രവർത്തനവും സാന്നിധ്യവും സജീവമാണ്.

ജസ്റ്റിസ് ഓഫ് പീസ് എന്ന നിലയിൽ സമൂഹത്തിന് നിയമപരമായ പിന്തുണ നൽകുന്നതിൽ രാജീ റോബിന്റെ പങ്ക് നിർണ്ണായകമാകും. ഈ നിയമനം ന്യൂസിലൻഡിലെ മലയാളി സമൂഹത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും കൂടുതൽ പേർക്ക് പൊതുരംഗത്ത് സജീവമാകാൻ പ്രചോദനമാകുമെന്നും പ്രതീക്ഷിക്കുന്നു.