' എന്റെ ഭൂമി, ഹരിത ഭൂമി': 50,000 വൃക്ഷതൈകൾ നടാനൊരുങ്ങി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്
ചിങ്ങവനം: ഭാരതത്തിൻ്റെ ഉണർവിനായി പ്രേക്ഷിത പ്രവർത്തനത്തിൽ അരനൂറ്റാണ്ടായി നിലകൊള്ളുന്ന മുൻനിര സഭകളിലൊന്നായ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് 50,000 വൃക്ഷ കൈത്തകൾ നടാനുള്ള പദ്ധതിക്ക് തുടക്കമായി. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം സഭാ ആസ്ഥാനമായ ചിങ്ങവനത്ത് നടന്നു. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. എബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി. എം കുരുവിള , സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ വൃക്ഷത്തൈകൾ നട്ട് ആരംഭം കുറിച്ചു.
'എന്റെ ഭൂമി, ഹരിത ഭൂമി' എന്ന പേരിൽ കേരളത്തിലുടനീളം നട്ടുപിടിപ്പിച്ച് സംരക്ഷിക്കുമെന്നും സഭയുടെ യുവജന വിഭാഗമായ വൈപിസിഎ ഇതിനു നേതൃത്വം നല്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഹരിതാഭമായ സുന്ദര ലോകവും പരിസ്ഥിതിയും സ്ഥാപിക്കേണ്ടത് സഭയുടെ ദൗത്യമാണെന്നും അതിനായി സഭയുടെ പ്രതിബദ്ധതയോടെ പ്രവർത്തിക്കുുമെന്നും മീഡിയ ചെയർമാൻ പാസ്റ്റർ ലിജോ ജോസഫ് ഗുഡ്ന്യൂസിനോട് പറഞ്ഞു.
വൈപിസിഎയുടെ രാജ്യത്തെ വിവിധ ശാഖകളിലൂടെ ആയിരക്കണക്കിന് സസ്യങ്ങൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. ഈ മഹത്തായ ശ്രമം പച്ചപുതുക്കുന്ന, ആരോഗ്യകരമായ ഭാവിയിലേക്കുള്ള ഒരു കൂട്ടായ ചുവടുവയ്പ്പായി മാറുമെന്ന പ്രതീക്ഷയിലാണ് സഭാനേതൃത്വം.
വൈപിസിഎ 5000 വൃക്ഷത്തൈകൾ കഴിഞ്ഞ ചില വർഷങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ടുകഴിഞ്ഞതാണ് ഭാരവാഹികൾ പറഞ്ഞു.

