ഒയാസിസ് മിനിസ്ട്രീസിൻ്റെ 'ബൈബിളിലൂടെ ഒരു യാത്ര' ശ്രദ്ധേയമാകുന്നു

ഒയാസിസ് മിനിസ്ട്രീസിൻ്റെ 'ബൈബിളിലൂടെ ഒരു യാത്ര' ശ്രദ്ധേയമാകുന്നു
അറുപതു വാക്യം മന:പാഠം പറഞ്ഞ ആറു വയസ്സുള്ള ആമോസ് കിഷ്കുവും 250 വാക്യം പറഞ്ഞ ലബണി ബേരയും ബ്രദർ മാത്യു മത്തായിയിൽനിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നു

ഡോ.തോമസ് പി. ജോൺസൻ ഹ്യൂസ്റ്റൺ

അവളുടെ മാനസികനില പൂർണമായും തെറ്റിയിരുന്നു. വീട്ടുകാർക്കുപോലും അവൾ ഭാരമായപ്പോൾ, ഗ്രാമത്തിലെ ഒരു സുവിശേഷകനും കുടുംബവും അവളെ ചേർത്തുനിർത്തി സ്നേഹത്തോടെ പരിചരിച്ചു. നിരന്തര പ്രാർത്ഥനകളിലൂടെ ദൈവകൃപ അവളുടെ ജീവിതത്തിൽ ഇടപെട്ടു. കർത്താവ് അവളെ പൂർണമായി സൗഖ്യമാക്കി.

അവളുടെ പ്രായത്തിലുള്ള സുവിശേഷകന്റെ മകൾ മനഃപാഠമാക്കി കൊണ്ടിരുന്ന ബൈബിൾ വചനങ്ങൾ അവളും ഹൃദിസ്ഥമാക്കാൻ തുടങ്ങി. അങ്ങനെ ബൈബിൾവാക്യ മനഃപാഠ മത്സരത്തിൽ അവളും പങ്കുചേർന്നു.

21 വചനങ്ങൾ മാത്രമേ അവൾ പറഞ്ഞുള്ളൂ എങ്കിലും, അവളെ പരിചയപ്പെട്ട എല്ലാവർക്കും അത് ഒരു അത്ഭുതമായിരുന്നു. ഒരു ചെറുസമ്മാനം അവൾ കരസ്ഥമാക്കി. എന്നാൽ അതിനേക്കാൾ വലുതായിരുന്നു അവളുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടൽ.

ഇത് ഒയാസിസ് മിനിസ്ട്രീസ് നടത്തുന്ന ബൈബിളിലൂടെ ഒരു യാത്ര (Journey Through The Bible) എന്ന പദ്ധതിയിൽ പങ്കെടുത്ത ഒരു കൊച്ചു സഹോദരിയുടെ ഹൃദയസ്പർശിയായ സാക്ഷ്യമാണ്.

വ്യത്യസ്ത പശ്ചാത്തലങ്ങൾ – ഒരേ ആത്മീയ ആവേശം

പശ്ചിമബംഗാളിൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ അതീവ ആവേശത്തോടെ ഈ ബൈബിൾവാക്യ മനഃപാഠ പദ്ധതിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.

2022-ലാണ് ബൈബിളിലൂടെ ഒരു യാത്ര എന്ന പേരിൽ ഈ പദ്ധതി ആരംഭിച്ചത്. ആദ്യവർഷം 119-ാം സങ്കീർത്തനം മനഃപാഠമാക്കുകയായിരുന്നു ലക്ഷ്യം. തുടർവർഷങ്ങളിൽ 150, 200, 250 എന്നിങ്ങനെ തിരഞ്ഞെടുത്ത ബൈബിൾ വചനങ്ങൾ പഠിപ്പിക്കുകയും മനഃപാഠമാക്കുകയും ചെയ്തു.

കുഞ്ഞുങ്ങൾ മുതൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, സാധാരണ കൃഷിക്കാർ വരെ — 6 മുതൽ 65 വരെ പ്രായമുള്ള വിശ്വാസികൾ ഈ പദ്ധതിയിൽ പങ്കെടുത്തു. അക്ഷരാഭ്യാസം ഇല്ലാത്തവർപോലും ഓഡിയോ ബൈബിളിന്റെ സഹായത്തോടെ വചനങ്ങൾ പഠിക്കാൻ മുന്നോട്ടുവന്നത് ഞങ്ങളെ അതിശയിപ്പിച്ചു.

ആത്മീയ പകർച്ചയായി മാറുന്ന ദൈവവചന പ്രവാഹം

നദീജലംപോലെ ബൈബിൾവാക്യങ്ങളുടെ പ്രവാഹം ഇടതടവില്ലാതെ അവരുടെ ഹൃദയങ്ങളിൽനിന്ന് ഒഴുകി. ഇന്ന് ഇത് ഒരു ആത്മീയ പകർച്ചയായി മാറിയിരിക്കുന്നു. ദൈവത്തിന്റെ മാറ്റമില്ലാത്ത വചനങ്ങളുടെ നിധി ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഉത്തമ വിശ്വാസിസമൂഹം പശ്ചിമബംഗാളിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു.

ജലധാരകളുടെ അരികിൽ നട്ടിരിക്കുന്ന വൃക്ഷങ്ങളെപ്പോലെ, സമയത്തു ഫലം കായ്ക്കുകയും ഇല വാടാതെയും നിൽക്കുന്ന വിശ്വാസികൾ ഗ്രാമങ്ങളിൽ ഉയർന്നു വരുന്നതിൽ ഞങ്ങൾ അത്യന്തം സന്തോഷിക്കുന്നു. ജീവനുള്ള ദൈവവചനത്തിൽ അവർ ആഴത്തിൽ വേരൂന്നിയിരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

ഭീഷണികളും കൊടുങ്കാറ്റുകളും നിറഞ്ഞ കാലങ്ങളിലും അവർ ഉറച്ചു നിൽക്കും. കാരണം ദൈവവചനം അവരുടെ കാലിനു ദീപവും പാതയ്ക്കു പ്രകാശവും, ശത്രുവിനെതിരെയുള്ള ശക്തമായ ആയുധവുമാകുന്നു.

പ്രോത്സാഹനവും ദർശനവും

ഈ പദ്ധതിക്ക് കൂടുതൽ ഉത്സാഹം നൽകിയ മറ്റൊരു ഘടകം ഇതായിരുന്നു:  250 ബൈബിൾവചനങ്ങൾ പൂർണമായി മനഃപാഠം പറഞ്ഞ ഓരോരുത്തർക്കും ₹10,000 വീതം നൽകപ്പെട്ടു. ഭാഗികമായി പൂർത്തിയാക്കിയവർക്കും അതനുസരിച്ച്  സഹായം നൽകി.

ഈ സംരംഭത്തിന്റെ പിന്നിൽ ആദ്യ ആശയം മുന്നോട്ടുവെച്ച ഒരു ഉദാരദാതാവിന്റെ ദർശനമുണ്ട്. ഭർത്താവും ഭാര്യയും മക്കളും ചേർന്ന് അവരുടെ ഫാമിലി ലിവിംഗ് റൂമിൽ ബൈബിൾ വചനങ്ങൾ മനഃപാഠമാക്കി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഈ ആശയം ജനിച്ചത്. പിന്നീട് അത് ഗ്രാമങ്ങളിലെ വിശ്വാസികളിലേക്കും വ്യാപിച്ചു.

സമകാലീന പെന്തെക്കോസ്ത് എഴുത്തുകാരനും മിഷണറിയുമായ ബിജു പി. സാമുവൽ, ഒയാസിസ് മിനിസ്ട്രീസിന്റെ മുതിർന്ന നേതാക്കളുടെയും പ്രാദേശിക പാസ്റ്റർമാരുടെയും സഹകരണത്തോടെ, ഈ ദൈവദർശനത്തെ വിവിധ മിഷൻ മേഖലകളിലേക്ക് എത്തിക്കുന്നതിനുള്ള ഭാരമേറ്റെടുത്തു.

2025-ലെ സമ്മാനവിതരണം

2025-ലെ ബൈബിളിലൂടെ ഒരു യാത്ര പദ്ധതിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനവിതരണ സമ്മേളനങ്ങൾ

ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ഖരക്പൂർ, ബർദ്ധമാൻ ഏറിയകളിൽ അനുഗ്രഹകരമായി നടന്നു.

ഈ സമ്മേളനങ്ങളിൽ ഒയാസിസ് മിനിസ്ട്രീസ് ജനറൽ സെക്രട്ടറി മാത്യു മത്തായി സമ്മാനവിതരണം നിർവഹിച്ചു.

ദൈവവചനത്തെ സ്നേഹിക്കുകയും അതിനെ ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന അനേകം വിശ്വാസികൾക്ക് ഇത് വലിയ പ്രോത്സാഹനമായി മാറി.

മുന്നോട്ടുള്ള ദർശനം

ദൈവത്തിന്റെ ഇഷ്ടപ്രകാരം, 2026-ൽ ഈ പദ്ധതിയെ നമ്മുടെ എല്ലാ മിഷൻ മേഖലകളിലേക്കും വ്യാപിപ്പിക്കുവാൻ ഞങ്ങൾ പ്രാർത്ഥനാപൂർവ്വം പദ്ധതിയിടുന്നു. ദൈവവചനം ഹൃദയങ്ങളിൽ നട്ടുവളർത്തുന്ന ആത്മീയപ്രസ്ഥാനങ്ങൾ ഉടലെടുക്കട്ടെ!!

“തിരുവചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.” — സങ്കീർത്തനങ്ങൾ 119:105.