നന്മ വിതറി സമൂഹത്തിൽ സുഗന്ധം പകരാം: റവ.ജോർജ് പി. ചാക്കോ

നന്മ വിതറി സമൂഹത്തിൽ സുഗന്ധം പകരാം: റവ.ജോർജ് പി. ചാക്കോ

കോട്ടയം: മനസിലെ തിന്മയെന്ന കളയെ വേരോടെ പിഴുതെറിഞ്ഞ് സമൂഹത്തിൽ സുഗന്ധം പരത്തുന്നവരായിത്തീരണമെന്ന് ക്രൈസ്റ്റ് ഏ.ജി സീനിയർ ശുശ്രൂഷകൻ റവ. ജോർജ് പി. ചാക്കോ ആഹ്വാനം ചെയ്യ്തു. കറത്തീർന്നതും കളകളഞ്ഞതുമായ സമൂഹത്തിൽ മാത്രമേ നന്മ വിളയുകയുള്ളു. ദുഷ്ചിന്തകളും ദുഷ്പ്രവർത്തികളും നിറഞ്ഞ കളകൾ നല്ല വിത്തിനിടയിൽ വളർന്നു വരുവാൻ നാം അനുവദിക്കരുതെന്നും നല്ല നാളെയ്ക്കായി നാം പോരാടണമെന്നും അദ്ദേഹം ഉപദേശിച്ചു.

ക്രൈസ്റ്റ് ഏജി ന്യൂയോർക്കിൻ്റെ സാമൂഹിക സന്നദ്ധ സംഘടനയായ റേ ഓഫ് ലൗവ് ഡവലെപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അയ്മനത്തു നടന്ന സ്വയം സഹായസംഘങ്ങളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

റേ ഓഫ് ലൗവ് ഡയറക്ടർ പാസ്റ്റർ ജയിംസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വിവിധ തരത്തിലുള്ള 15 തൊഴിൽ തൊഴിൽ പദ്ധതികളുടെ ഉദ്ഘാടനം അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് നിർവഹിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റേ ഓഫ് ലൗവിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് പ്രസിഡണ്ട് പറഞ്ഞു.

എ.ജി മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ബോർഡ് ഡയറക്ടർ റവ. ജോർജ് വി. ഏബ്രഹാം, സന്തോഷ് വി ഏബ്രഹാം എന്നിവർ ആശംസകൾ നേർന്നു. തുടർന്നു നടന്ന വനിതാ സമ്മേളനത്തിൽ അനു ജോർജ് ചാക്കോ നല്ല കുടുംബ ബന്ധങ്ങളെക്കുറിച്ച് (Better family life) ക്ലാസ് നയിച്ചു. മേഴ്സി ജയിംസ് അദ്ധ്യക്ഷയായിരുന്നു. സ്നേഹവും ക്ഷമയും ദൈവാനുഗ്രഹവും ഒരു കുടുംബത്തിൻ്റെ നെടുംതൂണുകളാണെന്നും ഇത്തരം സാഹചര്യങ്ങൾ ഭവനങ്ങളിൽ ഊട്ടിവളർത്തണമെന്നും അനു ജോർജ് പറഞ്ഞു.

കോർഡിനേറ്റർമാരായ ലൗജി പാപ്പച്ചൻ സ്വാഗതവും സജി മത്തായി നന്ദിയും പറഞ്ഞു.