ദാവീദോ ദാവീദു പുത്രനോ?

ദാവീദോ ദാവീദു പുത്രനോ?

ദാവീദോ ദാവീദു പുത്രനോ?

ബാല്യകാലത്ത് സ്‌നേഹിതന്മാര്‍ ഒരിക്കല്‍ ഒത്തുകൂടിയപ്പോള്‍ ചര്‍ച്ചാ വിഷയം, മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പാസ്റ്റര്‍മാര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു. പല അഭിപ്രായങ്ങള്‍ക്കിടയില്‍ എന്റെ കണ്ടെത്തല്‍ പറഞ്ഞതോര്‍ക്കുന്നു: 150 സങ്കീര്‍ത്തനങ്ങള്‍ വായിച്ചുതീര്‍ക്കാന്‍ മൂന്ന് വര്‍ഷം എടുക്കും. വര്‍ഷത്തില്‍ ആകെയുള്ള 52 ഞായറാഴ്ചകളില്‍ ഡിസ്ട്രിക്ട് കണ്‍വന്‍ഷനും ജനറല്‍ കണ്‍വന്‍ഷനും ഓരോന്നു മാറ്റിവച്ചാല്‍ ബാക്കി കൃത്യം 150; അതു കഴിയുമ്പോള്‍ ട്രാന്‍സ്ഫര്‍!

കേരളത്തിലെ പെന്തക്കോസ്ത് സഭകളുടെ ആരംഭം മുതല്‍, സഭായോഗങ്ങളില്‍ സങ്കീര്‍ത്തനം വായിക്കുന്നതും തുടര്‍ന്ന് പ്രബോധനം നടത്തുന്നതും ഒരു പതിവാണ്. ഇന്നും അത് ചടങ്ങുപോലെ തുടരുന്നു മിക്കസഭകളിലും. ആരാധ്യനായ ദൈവത്തെ വാഴ്ത്തി സ്തുതിക്കുന്ന ഒരു സ്‌തോത്ര സങ്കീര്‍ത്തനം ഒന്നിച്ചു പാടി മഹത്വപ്പെടുത്തുന്നത് തികച്ചും അനുയോജ്യം തന്നെ. എന്നാല്‍, പ്രശ്‌നം അവിടെയല്ല. സങ്കീര്‍ത്തനങ്ങളില്‍ പകുതിയോളം രചിച്ചത് ദാവീദ് ആകുന്നതുകൊണ്ട്, വര്‍ഷത്തിലെ പകുതി സഭായോഗങ്ങളിലും ദാവീദിനെക്കുറിച്ച് മാത്രം കേള്‍ക്കാന്‍ വിശ്വാസികള്‍ വിധിക്കപ്പെടുകയും, ദാവീദിനെയല്ലാതെ മറ്റാരെയും അറിയാത്തവരായി ആത്മീയജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്നുവെന്നതിനാലാണ്.

വിശുദ്ധ സഭായോഗത്തിന്റെ 'പ്രൈം ടൈമി'ല്‍ നടത്തപ്പെടുന്ന സങ്കീര്‍ത്തന ധ്യാനം മൂലം ദാവീദ്, ആസാഫ് തുടങ്ങിയവരുടെ ജീവിതാനുഭവങ്ങളില്‍, അവര്‍ ദൈവത്തെ അനുഭവിച്ചറഞ്ഞതുമാത്രം കേട്ട് ഒടുവില്‍, മനസ്സും ശരീരവും ക്ഷീണിച്ചു തുടങ്ങുന്ന സമയം നടത്തുന്ന ലഘുപ്രസംഗത്തിന് പലപ്പോഴും, വിശ്വാസിയുടെ ഹൃദയത്തില്‍ വേണ്ടത്ര മാറ്റം വരുത്തുവാന്‍ കഴിയുന്നില്ല. സങ്കീര്‍ത്തന പ്രബോധനം എന്ന 'പൂര്‍വ്വികരുടെ സമ്പ്രദായം' മൂലം, ദാവിദിനെക്കുറിച്ച് മാത്രം കേള്‍ക്കുകയും, ദാവിദുപുത്രനായി പിറന്ന യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം ഇല്ലാതെ, വികലമായ ആത്മീയ അനുഭവത്തിന്റെ ഉടമകളായി വിശ്വാസികള്‍ മാറുന്നുവെന്നതാണ് ദുഃഖസത്യം.
സങ്കീര്‍ത്തനങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ദൈവീക വെളിപ്പാടുകള്‍ മനസ്സിലാക്കി ജനത്തിന് പകര്‍ന്നുകൊടുക്കുന്നത് ആവശ്യവും അനുഗ്രഹവും തന്നെയാണ്. സഭായോഗത്തിന്റെ 1/3 സമയം ദൈവവചനശുശ്രൂഷയ്ക്കായി മാറ്റിവച്ചുകൊണ്ട്, ഒരു സങ്കീര്‍ത്തനം തെരഞ്ഞെടുത്ത് പ്രസംഗിക്കുന്നതും, 'തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനെ കാണിക്കുന്ന ദൈവീക രക്ഷയെ'ക്കുറിച്ച് (സങ്കീ. 50:23) വചനം ശുശ്രൂഷിക്കുന്നതുമൊക്കെ തികച്ചും അഭികാമ്യമാണ്. എന്നാല്‍, ആദ്യസമയത്തെ സ്തുതി ആരാധനയെ തുടര്‍ന്നുതന്നെ, ശരീരവും മനസ്സും 'ഫ്രെഷ്' ആയിരിക്കുമ്പോള്‍ നല്‍കുന്ന വചനസന്ദേശമാണ്, രണ്ടു സമയം ചെയ്യുന്ന പ്രസംഗങ്ങളെക്കാള്‍ കൂടുതല്‍ പ്രയോജനപ്രദമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു വിശ്വാസി ശ്രദ്ധിച്ചുനോക്കാനുള്ള ക്രിസ്തു എന്ന ദൈവമര്‍മ്മത്തിന്റെ വെളിപ്പാടും, യേശുവിന്റെ ജീവിതം, സ്വഭാവം, ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം സഭായോഗത്തിലല്ലെങ്കില്‍ പിന്നെ ഏത് യോഗത്തിലാണ് എല്ലാ വിശ്വാസികള്‍ക്കും ലഭിക്കുന്നത്? ദൈവം നിയോഗിച്ചിട്ടുള്ള 'വചനത്തിന്റെ ശുശ്രൂഷകനായ' പാസ്റ്റര്‍ അല്ലാതെ, 'അവന്‍ നടന്നതുപോലെ നടക്കാനും' 'അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ നിര്‍മലനായിരിക്കുവാനും' ആരാണ് പഠിപ്പിക്കേണ്ടത്?
പൗലോസ് എന്ന വലിയ പാസ്റ്റര്‍ പറയുന്നു: സര്‍വ്വജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികള്‍ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവര്‍ക്ക് അറിയാന്‍ കഴിയേണ്ടതിന്, പരിജ്ഞാനത്തിന്റെ പരിപൂര്‍ണ നിശ്ചയം സമൃദ്ധമായി ലഭിക്കാന്‍ ഞാന്‍ എത്ര വലിയ പോരാട്ടം കഴിക്കുന്നു. (കൊല. 2:2 ആധുനിക പരിഭാഷ) തന്റെ നിയോഗത്തെപ്പറ്റി വ്യക്തമാക്കുന്നത് ഇങ്ങനെ: നിങ്ങള്‍ക്കുവേണ്ടി ദൈവം എനിക്ക് നല്‍കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവര്‍ത്തിക്കേണ്ടതിന് ഞാന്‍ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.

'.... ഏത് മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിന് പ്രബോധിപ്പിക്കുകയും ഏതു മനുഷ്യനോടും സകലജ്ഞാനത്തോടും കൂടെ ഉപദേശിക്കുകയും ചെയ്യുന്നു' (1:28) ഇതല്ലെ സഭയിലെ വചനശുശ്രൂഷയില്‍ നടത്തപ്പെടേണ്ടത്?

പഴയനിയമത്തില്‍ ദൈവത്തിന്റെ ശക്തിയും സ്വഭാവവും വീര്യപ്രവര്‍ത്തികളും വിവരിച്ചിട്ടുള്ളത്, വിശ്വാസവും ആശ്വാസവും ആവേശവും വര്‍ദ്ധിപ്പിക്കുന്നതിനാല്‍, അതു കേള്‍ക്കുകയും പ്രസംഗിക്കുകയും ചെയ്യേണ്ടതാണ്. പക്ഷെ, അവിടെമാത്രം ജനത്തെ എപ്പോഴും തളച്ചിട്ടാല്‍, ആത്മീയ വളര്‍ച്ചയ്ക്ക് അവശ്യമായ പുതിയനിയമ വെളിപ്പാടുകള്‍ നഷ്ടപ്പെടുമെന്ന് ഓര്‍ക്കുക. അതുകൊണ്ടുതന്നെ, പഴയനിയമ വീക്ഷണത്തിലുള്ള ഭൗതീക അനുഗ്രഹങ്ങളും ഉയര്‍ച്ചകളും മാത്രം നല്‍കുന്ന ദൈവത്തില്‍, വിശ്വാസികളുടെ വചനപരിജ്ഞാനം ഒതുക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ സ്വഭാവവും ഉപദേശത്തിന്റെ പ്രായോഗികതയും, അവയിലൂടെ ഉണ്ടായി വരേണ്ട ആത്മീയ ഔന്നത്യവും വളര്‍ച്ചയുമൊക്കെ പ്രാപിക്കാത്ത, ഭൗതീകാധിഷ്ഠിത ആത്മീയതയുടെ 'ആരാധകരാ'യി ജനത്തെ ഇന്ന് മാറ്റുകയല്ലെ?

അതുകൊണ്ടുതന്നെ, സ്വകാര്യജീവിതത്തിലും സഭാസാമൂഹ്യജീവിതത്തിലും ദൈവമക്കള്‍ പാലിക്കേണ്ട, ക്രിസ്തുവിന്റെ കല്‍പ്പനകളുടെയും അപ്പൊസ്തലിക ഉപദേശങ്ങളുടെയും ആഴം അറിയാത്ത ഒരു കൂട്ടമായി സഭ മാറുന്നുവെന്ന് നാം മറക്കരുത്. പഴയനിയമ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വിശ്വാസികള്‍ക്ക് പുസ്തകം തുറക്കുകപോലും വേ്‌ണ്ടെങ്കില്‍, പുതിയനിയമത്തിന്റെ പ്രായോഗിക ജീവിതത്തിനുള്ള ഉപദേശം ഗ്രഹിപ്പാന്‍ വചനത്തിലൂടെ സഞ്ചരിച്ചേ പറ്റൂ. അതു വെളിപ്പെടുത്തിക്കൊടുക്കാന്‍ നല്ല ഒരുക്കവും പഠനവും പ്രാര്‍ത്ഥനയോടൊപ്പം പ്രസംഗകനും ഉണ്ടായേ തീരു.

ദൈവവചനം 'കേട്ടും പഠിച്ചും അറിഞ്ഞും നിശ്ചയം പ്രാപിച്ചും അതില്‍ നിലനില്‍ക്കുവാന്‍' അത് തികച്ചും അനിവാര്യം തന്നെ

Advertisement