തലമുറയോട് പറയുക: ആത്മാവിനാൽ ജനിക്കുക; ആത്മാവിനാൽ നിറയപ്പെടുക; ആത്മനിറവിൽ ജീവിക്കുക
പിസിനാക് ചിക്കാഗോയിൽ ഡോ. തോംസൺ കെ. മാത്യു നൽകിയ സന്ദേശം
പ്രശസ്ത സുവിശേഷകൻ ഡി.എൽ. മൂഡിയുടെയും മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പേരിലാണ് ചിക്കാഗോ ഇന്ന് അറിയപ്പെടുന്നത്. എന്നാൽ ആധുനിക പെന്തെക്കോസ്ത് ചരിത്രത്തിൽ 'അസൂസ സ്ട്രീറ്റ്' കഴിഞ്ഞാൽ രണ്ടാമത്തെ തലസ്ഥാനം ചിക്കാഗോ ആയിരുന്നു എന്ന് നിങ്ങൾക്കറിയാമോ? ഇല്ല, പെന്തെക്കോസ്തുകാരായ നാം അത്മറന്നുപോയി. നമുക്ക് ആത്മീയമായ ഒരു മറവിരോഗം ബാധിച്ചിട്ടുണ്ട്.
ഹോളിനസ്സ് സഭയിലെ ഏറ്റവും പ്രശസ്തനായ രോഗശാന്തി ശുശ്രൂഷകനായിരുന്നു കുടിയേറ്റക്കാരനായിരുന്ന ജോൺ അലക്സാണ്ടർ ഡൗവി. ചിക്കാഗോയിലുടനീളം അദ്ദേഹം രോഗശാന്തി ഭവനങ്ങൾ (ഹീലിംഗ് ഹോംസ്) സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രാർത്ഥനയാൽ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കന്റെ കസിൻ അമാണ്ട ഹിക്സ് (Amanda Hicks) കാൻസറിൽ നിന്നും പൂർണ്ണസൗഖ്യം പ്രാപിച്ചു. ആ വാർത്ത പരന്നു. എന്നാൽ 1895 -ൽ, ലൈസൻസില്ലാതെ മെഡിസിൻ പ്രാക്ടീസ് ചെയ്തു എന്ന ആരോപണത്തിന്മേൽ പോലീസുകാർ ഡൗവിയെയും ഭാര്യയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ആ കാലഘട്ടത്തിലാണ്, ടൊപ്പേക്കയിൽ (Topeka) അന്യഭാഷഭാഷണത്തോടെയുള്ള ആത്മസ്നാനം അനുഭവിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ചാൾസ് പാർഹം ചിക്കാഗോയിലെത്തുകയും ഡൗവിയുടെ സഭയിൽ പ്രസംഗിക്കുകയും ചെയ്തത്. അവിടെവച്ച് അനേകർ ആത്മസ്നാനം പ്രാപിക്കുകയും ആ സഭ ഒരു പെന്തെക്കോസ്ത് സഭയായി മാറുകയും ചെയ്തു. ഡൗവി വ്യക്തിപരമായി പെന്തെക്കോസ്തുകാരനായി മാറിയില്ലെങ്കിലും, ചിക്കാഗോയിൽ വച്ച് പർഹവും ഡൗവിയും മൂലം അന്യഭാഷാഭാഷണത്തോടു കൂടിയ ആത്മസ്നാനവും ദൈവിക രോഗശാന്തിയും ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പെന്തെക്കോസ്ത് ഉപദേശങ്ങളായി തീർന്നു.
ചിക്കാഗോയിൽ വച്ച് ആത്മസ്നാനം പ്രാപിച്ച മേരി ബെർജസ് എന്ന യുവതി ദൈവശബ്ദം കേട്ട് ന്യൂയോർക്കിൽ പോയി സുവിശേഷവേല ചെയ്തു. അങ്ങനെ ഉണ്ടായതാണ് അവിടുത്തെ 'ഗ്ലാഡ് ടൈഡിങ്സ് ടാബർനാക്കിൾ' എന്ന ആദ്യ പെന്തെക്കോസ്ത് സഭ. ആ സഭയിൽ നിന്ന് പോയവർ കണക്ടിക്കട്ടിലെ ന്യൂ ഹെവനിൽ ഗോസ്പൽ ടാബർനാക്കിൽ എന്ന പെന്തെക്കോസ്ത് സഭ ആരംഭിച്ചു. അത് ഇപ്പോൾ 'ഹോപ്പ് ക്രിസ്ത്യൻ ചർച്ച്' (നോർത്ത് ഹെവൻ) എന്നറിയപ്പെടുന്നു. ആ സഭയുടെ പതിനാറാമത്തെ പാസ്റ്ററായിരുന്നു കേരളത്തിലെ ഒരു പാസ്റ്ററുടെ (പാസ്റ്റർ കെ.ടി. മാത്യു) മകനായ ഞാൻ. 'ക്രൈസ്റ്റ് ഫോർ ദി നേഷൻസ്' സ്ഥാപകൻ ഗോർഡൻ ലിൻസിയും അസംബ്ലീസ് ഓഫ് ഗോഡിന്റെ സ്ഥാപകരിലൊരാളായ ജെ.ആർ. ഫ്ലവറും ഈ ചിക്കാഗോ പെന്തെക്കോസ്ത് ഉണർവിന്റെ ഫലങ്ങളായിരുന്നു.
എന്നാൽ ആത്മീയ മറവിരോഗം മൂലം നാം ഇതെല്ലാം മറന്നുപോയി. ഈ ദീനത്തിന് ഭൗതികമായ ചികിത്സയില്ല, ആത്മീയ ചികിത്സ മാത്രമേയുള്ളൂ.
വാഗ്ദത്ത ദേശത്തെ ആദ്യത്തെ മൂന്ന് തലമുറകൾക്കും ഈ രോഗം ഉണ്ടായിരുന്നു. വാഗ്ദത്ത നാട്ടിലെത്തിയ ഒന്നാം തലമുറ പ്രവാസികൾ ചെങ്കടലിലെ അത്ഭുതങ്ങളും മന്നായും കാടപ്പക്ഷിയെയുമെല്ലാം മറന്നുപോയി. പ്രവാസികളുടെ മക്കളായ രണ്ടാം തലമുറയാകട്ടെ ദൈവത്തെത്തന്നെ മറന്നു. മൂന്നാമത്തെ തലമുറയായപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾക്ക് മറ്റു ജാതികളെപ്പോലെ ഒരു രാജാവ് വേണം" (1 ശാമുവേൽ 8: 19,20).
തങ്ങളുടെ ദൈവീക സാക്ഷ്യവും കാതലായ ഉപദേശങ്ങളും ഒരു തലമുറ അടുത്ത തലമുറയോട് പറഞ്ഞു കൊടുക്കാതെ, ധനസമ്പാദനത്തിനും ഗോത്ര വഴക്കുകൾക്കുമായി സമയം ചെലവഴിച്ചതുകൊണ്ടാണ് അടുത്ത തലമുറയ്ക്ക് ഈ അപചയം സംഭവിച്ചത്. ദൈവം അത്ഭുതവാനാണെന്നും ദൈവം വിശുദ്ധനാണെന്നും നാം അവനുമായി ഉടമ്പടി ചെയ്ത ജനമാണെന്നും തങ്ങളുടെ മക്കളെ ധരിപ്പിക്കുന്നതിൽ ഒന്നാം തലമുറ പരാജയപ്പെട്ടു.
വടക്കേ അമേരിക്കയിലെ പെന്തെക്കോസ്തുകാർ തങ്ങളുടെ തലമുറയോട് പറയേണ്ടത് എന്താണ്? നമ്മുടെ പൂർവ്വപിതാക്കന്മാർ നമുക്ക് പറഞ്ഞുതന്ന നാല് അടിസ്ഥാന സത്യങ്ങളുണ്ട്:
1. യേശുക്രിസ്തു പാപികളെ രക്ഷിക്കുന്നു.
2. അവൻ രോഗികളെ സൗഖ്യമാക്കുന്നു.
3. അവൻ പരിശുദ്ധാത്മാവിനെ നൽകുന്നു.
4. അവൻ രാജാവായി വേഗം വരുന്നു.
ഇതെല്ലാം നാം അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കണം.
എന്നാൽ, "യേശുക്രിസ്തു പാപികളെ രക്ഷിക്കുന്നു" എന്ന് നാം പറഞ്ഞില്ലെങ്കിൽ അത് ബാപ്റ്റിസ്റ്റ് സഹോദരന്മാരും മൂഡി റേഡിയോയും പറഞ്ഞുകൊള്ളും. "യേശുക്രിസ്തു രോഗികളെ സൗഖ്യമാക്കുന്നു" എന്ന് നാം പറഞ്ഞില്ലെങ്കിൽ അത് ഹോളിനസ്സുകാർ മുതൽ ആംഗ്ലിക്കന്മാർ വരെ പറഞ്ഞുകൊള്ളും. "യേശുക്രിസ്തു വീണ്ടും വരുന്നു" എന്ന് നാം പറഞ്ഞില്ലെങ്കിൽ അത് ലൂഥറൻ സഭക്കാർ മുതൽ ഓർത്തഡോക്സ് സഹോദരങ്ങൾ വരെ ഓർമ്മിപ്പിച്ചുകൊള്ളും. എന്നാൽ, "യേശുക്രിസ്തു പരിശുദ്ധാത്മാവിനെ നൽകുന്നു"എന്ന് പെന്തെക്കോസ്തുകാർ പറയാതിരുന്നാൽ, ആ വിഷയം വചനപ്രകാരം കർശനമായി പറയുവാൻ ലോകത്തിൽ മറ്റാരുമില്ല!
അതുകൊണ്ട് അന്യഭാഷാഭാഷണത്തെ ആരും പരിഹസിക്കരുത്. ആത്മാവ് ഉച്ചരിപ്പാൻ നൽകുന്നതുപോലെ നമ്മുടെ തലമുറകൾ സംസാരിക്കട്ടെ. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും അവർ ദൈവത്തെ ആരാധിക്കട്ടെ. തിരുവചന പ്രകാരം ആത്മാവിൽ അവർ ദൈവ സന്നിധിയിൽ ഞരങ്ങട്ടെ!
യേശുക്രിസ്തു പരിശുദ്ധാത്മാവിനെ നൽകുന്നു എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്?
ഒന്നാമതായി, നാം ആത്മാവിനാൽ ജനിക്കണം:
ശാരീരികമായ ഒന്നാം ജനനത്തിൽ നമ്മുടെ ഭൗതിക പിതാവിന്റെ പ്രകൃതിയും സ്വഭാവവും (DNA) നമുക്ക് ലഭിക്കുന്നു. എന്നാൽ ആത്മാവിനാൽ വീണ്ടും ജനിക്കുമ്പോൾ സ്വർഗ്ഗീയ പിതാവിന്റെ ആത്മീയ സ്വഭാവത്തിന്റെ 'ഡിവൈൻ ഡി.എൻ.എ' നമ്മിൽ നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുന്നത്.
രണ്ടാമതായി, നാം ആത്മാവിനാൽ നിറയപ്പെടണം: ഈ ആത്മസ്നാനത്തിന്റെ ബാഹ്യവും പ്രത്യക്ഷവുമായ അടയാളമാണ് അന്യഭാഷാഭാഷണം. അന്യഭാഷയെ തരംതാഴ്ത്തി സംസാരിക്കുന്നത് പ്രസംഗകരുടെ ഒരു ഫാഷനായി മാറരുത്. ലോകപ്രശസ്തമായ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും, യേൽ (Yale) യൂണിവേഴ്സിറ്റിയിൽ നിന്നും, ഓറൽ റോബർട്ട്സ് (Oral Roberts) യൂണിവേഴ്സിറ്റിയിൽ നിന്നും, ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുമൊക്കെ ബിരുദങ്ങൾ നേടിയ വ്യക്തിയാണ് ഞാൻ. എന്നാൽ ഞാൻ എല്ലാറ്റിനേക്കാളുമേറെ ദൈവവചനത്തെയാണ് വിശ്വസിക്കുന്നത്.
മൂന്നാമതായി, നാം ആത്മനിറവിൽ ജീവിക്കണം: കുറേ അന്യഭാഷ സംസാരിച്ചതിന് ശേഷം നാം ആത്മീയ ജീവിതം നയിക്കാത്തതുകൊണ്ടാണ് അടുത്ത തലമുറ ചോദിക്കുന്നത്, "പിന്നെ എന്തിനാണ് ഈ ആത്മസ്നാനം?" എന്ന്. സ്തേഫാനോസ് ആത്മനിറവുള്ളവനായിരുന്നു എന്ന് നാം ബൈബിളിൽ വായിക്കുന്നു. ബർന്നബാസ് ആത്മാവും വിശ്വാസവും നിറഞ്ഞവനായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ആത്മസ്നാനമോ അന്യഭാഷയോ അല്ല പ്രശ്നം, ആത്മനിറവിൽ ജീവിക്കാത്തതാണ് പ്രതിസന്ധി.
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഈ സത്യങ്ങൾ നിങ്ങളുടെ തലമുറയോട് പറയുക: ആത്മാവിനാൽ ജനിക്കുക, ആത്മാവിൽ നിറയപ്പെടുക, ആത്മനിറവിൽ ജീവിക്കുക.
ഇപ്പോൾത്തന്നെ നമ്മുടെ മക്കളുടെയും കൊച്ചുമക്കളുടെയും പേരുകൾ വിളിച്ച് പറഞ്ഞ്, ഇതുവരെയും ആത്മനിറവ് പ്രാപിച്ചിട്ടില്ലാത്തവർ അത് പ്രാപിക്കേണ്ടതിനായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
Advertisement
































































