സീയോൻ ചർച്ച് സിൽവർ ജൂബിലി നിറവിൽ; പുതിയ ആരാധനാലയ സമർപ്പണം ഓഗ. 29-ന്
വാർത്ത: പ്രസാദ് തീയാടിക്കൽ
ഡാളസ്: ഡാളസിലെ സീയോൻ ചർച്ചിന്റെ 25-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയ ആരാധനാലയത്തിന്റെ സമർപ്പണം ഓഗസ്റ്റ് 29-ന് നടക്കും. 2000 നവംബർ 12-ന് ഏഴ് കുടുംബങ്ങളുമായി പാസ്റ്റർ ലിജു പണിക്കരുടെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് അഫിലിയേറ്റഡ് സഭയായി പ്രവർത്തനം ആരംഭിച്ച സീയോൻ ചർച്ച്, കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ബഹുഭാഷാ-ബഹുസംസ്കാര വിശ്വാസികളുടെ വലിയൊരു കൂട്ടായ്മയായി വളർന്നു.
ആദ്യകാലങ്ങളിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സഭയ്ക്ക്, അസംബ്ലീസ് ഓഫ് ഗോഡ് യാതൊരു ചെലവുമില്ലാതെ നൽകിയ സ്ഥലവും കെട്ടിടവുമാണ് തുടർന്നുള്ള വളർച്ചയ്ക്ക് ശക്തമായ അടിത്തറയായത്. നിലവിൽ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലുള്ള ആരാധനകൾക്ക് പുറമെ ഫ്രിസ്കോ ക്യാമ്പസും സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹിന്ദി ഭാഷയിലുള്ള ശുശ്രൂഷകൾ ഉടൻ ആരംഭിക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.
നിലവിൽ പാസ്റ്റർ ജസ്റ്റിൻ സാബു ലീഡ് പാസ്റ്ററായും പാസ്റ്റർ ബിജു ഡാനിയേൽ, പാസ്റ്റർ ജിജോ ജോയി (മലയാളം), പാസ്റ്റർ പീറ്റേഴ്സൺ മാത്യൂസ് (തമിഴ്), പാസ്റ്റർ സ്റ്റീവൻ പോൾ (ഫ്രിസ്കോ ക്യാമ്പസ്) എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് ഫിനാൻഷ്യൽ ടീമിന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കിയ പുതിയ മന്ദിരം വരുംദിനങ്ങളിൽ സഭയുടെ വിപുലമായ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറും.




