അക്സാ: സമർപ്പണത്തിന്റെ പര്യായമായി മാറിയ ജീവിതം
പാസ്റ്റർ ജോൺസൻ സാമൂവേൽ (ജോ. സെക്രട്ടറി, തിമഥി ഇൻസ്റ്റിറ്റ്യൂട്ട്)
കുട്ടിക്കാലം മുതൽ തന്നെ വിബിഎസ് പ്രവർത്തനങ്ങളിൽ അതീവ ഉത്സാഹത്തോടും ഊർജസ്വലതയോടും പങ്കെടുത്തിരുന്ന വിദ്യാർത്ഥിനിയായിരുന്നു അക്സ. മാതാപിതാക്കളുടെ പ്രോത്സാഹനത്താൽ സഹോദരി ഫേബയോടൊപ്പം അക്സ വി.ബി.എസ്-ിൽ പങ്കെടുത്തും ദൈവവചനത്തിൽ വളർന്നും, തന്റെ കഴിവുകളെ ദൈവരാജ്യത്തിനായി ഉപയോഗിക്കുവാനും തയ്യാറായിരുന്നു.
അക്സയുടെയും ഫേബയുടെയും താലന്തുകളും സമർപ്പണവും തിരിച്ചറിഞ്ഞ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് അവരെ കൗമാരപ്രായം മുതൽ പ്രോത്സാഹിപ്പിച്ചു. അങ്ങനെ അക്സ വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ എറണാകുളം ചാപ്റ്ററിന്റെ സജീവ പ്രവർത്തകയായി മാറി. വി.ബി.എസ് ടീച്ചേഴ്സ്, ഡയറക്ടേഴ്സ് ട്രെയിനിംഗ്, മാസ്റ്റേഴ്സ് ട്രെയിനിംഗ് തുടങ്ങി നിരവധി ശുശ്രൂഷകളിലൂടെ തന്റെ കഴിവുകൾ തെളിയിക്കുകയും Faithcity Church, Church of God Gospel Centre (Palarivattom), United Pentecostal Church (Ernakulam), Sharon Fellowship Church (Vyttila) തുടങ്ങിയ സഭകളിൽ വി.ബി.എസ് അദ്ധ്യാപികയായും ഡയറക്ടറായും പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ, തിമഥി യൂത്ത് ലീഡറായും, ചിൽഡ്രൻസ് ഫെസ്റ്റ് ക്ലബ് ലീഡറായും സേവനം അനുഷ്ഠിക്കാൻ ദൈവം സഹായിച്ചു.
ഗാനപരിശീലനം, ആക്ഷൻ സോങ്ങുകൾ, ക്രാഫ്റ്റ് വർക്ക്, വേദപഠന ക്ലാസുകൾ, നേതൃപാടവം തുടങ്ങി വിവിധ മേഖലകളിൽ അക്സ തന്റെ മികവ് തെളിയിച്ചിരുന്നു. ഏതു കാര്യവും ആത്മാർത്ഥതയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്തു തീർക്കുന്ന വ്യക്തിയായിരുന്നു അവൾ. പ്രത്യേകിച്ച് കുട്ടികളുടെ ശുശ്രൂഷയിൽ നൽകിയ സംഭാവനകൾ, അക്സയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തി.
കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി എനിക്ക് അക്സാമോളിനൊപ്പം പ്രവർത്തിക്കാനുള്ള ദൈവീകാവസരം ലഭിച്ചത് ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു.
ശാരീരിക വെല്ലുവിളികൾ നേരിട്ടിരുന്നിട്ടും, അവൾ ശുശ്രൂഷയിൽ ഒരിക്കലും പിന്നോട്ടില്ലാതെയിരുന്നു. പ്രമേഹരോഗിയായതിനാൽ പലപ്പോഴും ക്ഷീണിതയായി, ചില വർഷങ്ങൾക്കുമുമ്പ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നപ്പോൾ പോലും അവൾ പറഞ്ഞത് ഇന്നും മനസ്സിൽ മുഴങ്ങുന്നു: “പാസ്റ്റർ അങ്കിൾ, ഞാൻ ജീവിച്ചിരിക്കുമ്പോൾ വി.ബി.എസ്-ിൽ വീണ്ടും പങ്കെടുക്കാൻ എന്നെ മറക്കരുതേ. ഇനി മുഴുവൻ ജീവിതവും കുട്ടികളുടെ ഇടയിലെ ശുശ്രൂഷയ്ക്കായി സമർപ്പിക്കാനാണ് എന്റെ തീരുമാനം.”
ദൈവം അത്ഭുതകരമായി അവളെ മരണത്തിൽ നിന്ന് തിരികെ ഉയർത്തി, പിന്നീട് രണ്ട് വർഷം കൂടി അവൾ സമർപ്പണത്തോടും വിശ്വാസത്തോടും കൂടി പ്രവർത്തിച്ചു. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്തിരുന്നിട്ടും അവളുടെ ഉത്സാഹം ചുറ്റുമുള്ളവർക്ക് എന്നും പ്രചോദനമായിരുന്നു.
അക്സ കുട്ടികളുടെ ശുശ്രൂഷയിലെ ഒരു തെളിനക്ഷത്രമായിരുന്നു. എന്റെ ശുശ്രൂഷയിൽ ഒരു ആത്മീയ പൈതലായി അവൾ നിലകൊണ്ടിരുന്നു. അക്സാമോളിന്റെ വേർപാട്, എന്റെ വ്യക്തിജീവിതത്തിനും, ചിൽഡ്രൻസ് മിനിസ്ട്രിക്കും, തിമഥി എറണാകുളം ചാപ്റ്ററിനും തീരാനഷ്ടമാണ്.
ഇന്ന് അവൾ ദൈവത്തിൻ്റെ സന്നിധിയിൽ വിശ്രമിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പിക്കുന്നു. അക്സയുടെ ജീവിതവും, ശുശ്രൂഷയും, സമർപ്പണവും വരും തലമുറയ്ക്ക് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു മാതൃകയായി തുടരും. അക്സാ മോൾ സമർപ്പണത്തിന്റെ പര്യായം ആയിരുന്നുവെന്ന് പറയുന്നത് ഒരു അതിശയോക്തിയല്ല.
ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങൾക്കു പിതാവായ ദൈവം സമാധാനവും പ്രത്യാശയും നൽകുമാറാകട്ടെ.

