ലോഗോസ് ഡിജിറ്റൽ സൺഡേ സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം ദുബായിൽ പുറത്തിറങ്ങി
വാർത്ത: റെഞ്ചി ഈശോ ചരളേൽ
ദുബായ്: മാറുന്ന കാലത്തിനൊപ്പം കുട്ടികളുടെ അഭിരുചി മനസിലാക്കി ആത്മീക കാര്യങ്ങളിൽ അവരെ ചിട്ടപ്പെടുത്തി എടുക്കുവാൻ ദൈവസഭകൾ ശ്രമിക്കണമെന്നും വെള്ള പേപ്പർ പോലെ നിർമലമായ കുട്ടികളെ ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി ഒരുക്കിയെടുക്കണമെന്നും ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ വി.പി തോമസ്. ദുബായ് ഇന്ത്യ പൂർണ സുവിശേഷ ദൈവസഭ സൺഡേ സ്കൂൾ ഡിപ്പാർട്മെന്റും മീഡിയ ഡിപ്പാർട്ടുമെന്റും ചേർന്ന് പുറത്തിറക്കിയ ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ സഭാ പാസ്റ്റർ മധു എസ്. അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മിസ്സസ് സിസ്റ്റർ മെർലിൽ ഷാജൻ സ്വാഗതം പറഞ്ഞു. മീഡിയ കോർഡിനേറ്റർ ടോം ഡിജിറ്റൽ പ്ലാറ്റഫോമിന്റ് സവിശേഷതകളും പ്രവർത്തനരീതികളും വിശദീകരിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി, സ്റ്റേറ്റ് സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ ഷാലു വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
കേരള പെന്തെകോസ്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സൺഡേ സ്കൂൾ പഠനത്തിനായി ഇങ്ങനെയൊരു പദ്ധതി രൂപികരിക്കുന്നത്. കുട്ടികളുടെ ആത്മീക പഠനാനുഭവം സാങ്കേതികസഹായത്തോടെ കൂടുതൽ മികവും ആഴമുള്ളതുമായി മാറ്റുന്ന ശ്രമത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണിത്. കുട്ടികളുടെ പഠന രീതി, സാങ്കേതിക വഴികളിലൂടെ കൂടുതൽ ആകർഷകമാക്കേണ്ടതിന്റെ ആവശ്യകതയും, പുതുതലമുറയിലേക്ക് നൂതന സംവിധാനങ്ങൾ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ടു.
Advertisement





































































