പാസ്റ്റർ എം. എ വർഗീസിൻ്റെ ശാപത്തെക്കുറിച്ചുള്ള പ്രസംഗം വേദപുസ്തക വിരുദ്ധം: പാസ്റ്റർ ഫിലിപ്പ് പി തോമസ് 

പാസ്റ്റർ എം. എ വർഗീസിൻ്റെ ശാപത്തെക്കുറിച്ചുള്ള പ്രസംഗം വേദപുസ്തക വിരുദ്ധം: പാസ്റ്റർ ഫിലിപ്പ് പി തോമസ് 

കുമ്പനാട്: ഒരു ഇടവേളക്ക്ശേഷം ദുരുപദേശ പ്രഭാഷണവുമായി പാസ്റ്റർ എം എ വർഗീസ് രംഗപ്രവേശനം ചെയ്തിരിക്കുന്നു. അദ്ദേഹം ശാപത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് വേദപുസ്തക വിരുദ്ധമാണെന്ന് ഐപിസി ജനറൽ വൈസ് പ്രസിഡൻ്റും പ്രമുഖ അപ്പോളജിസ്റ്റുമായ പാസ്റ്റർ ഫിലിപ്പ് പി തോമസ് പത്രകുറിപ്പിലൂടെ അറിയിച്ചു. യേശുവിൻ്റെ ക്രൂശുമരണം കൊണ്ടും രക്ഷിക്കപ്പെട്ടതുകൊണ്ടും ശാപങ്ങൾ മാറുന്നില്ലെന്നും അദ്ദേഹം നടത്തിയ പ്രസ്താവന കടുത്ത ദുരുപദേശമാണ്.

പാപത്തിൻ്റെ ഫലമായിട്ടാണ് ശാപം വന്നത് . യേശു ക്രിസ്തുവിൻ്റെ ക്രൂശ് മരണം പാപത്തിന് പൂർണമായ പരിഹാരം വരുത്തിയെന്ന് ബൈബിൾ രേഖപ്പെടുത്തുന്നു . 'അവൻ....... പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും.... " എന്ന് എബ്രായർ 1:3 ൽ പറയുന്നു . പാപത്തിന് പരിഹാരം വരുത്തി (ഏബ്രാ 9:26 ). പാപത്തിന് പ്രായശ്ചിത്തം വരുത്തി(എബ്രാ 2:17).

  "അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;" (കൊലോ 2:14 ).

 യേശു ക്രിസ്തുവിൻ്റെ കാൽവറി മരണം പാപത്തിന് ഭാഗികമായ പരിഹാരമല്ല , പൂർണമായ പരിഹാരമാണ് വരുത്തിയത് . ക്രൂശ് മരണത്തിൽ എന്തോ അപര്യാപ്തത ഉണ്ടെന്നു പറയുന്നത് ദൈവ നിഷേധമാണ് . ഒരുവൻ രക്ഷിക്കപ്പെടുമ്പോൾ , യേശു ക്രിസ്തു തൻ്റെ പാപത്തിന് പരിഹാരം വരുത്തിയെന്ന് വിശ്വസിച്ച് , പാപത്തിൻ്റെ ശിക്ഷാവിധിയിൽ നിന്ന് വിടുതൽ പ്രാപിക്കുന്നു . ക്രൂശ് മരണത്തിലൂടെ നമ്മുടെ ശാപത്തിനും പരിഹാരം വന്നു കഴിഞ്ഞുവെന്ന് വചനം വ്യക്തമായി പറയുന്നു .

 “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലയ്ക്കു വാങ്ങി.(ഗലാ 3:13) .

നമ്മുടെ ശരീരത്തിൻ്റെ വീണ്ടെടുപ്പ് കൃസ്തുവിൻ്റെ മടങ്ങിവരവിൽ നടക്കുന്നതു വരെ , ദുഷ്ടൻ്റെ അധീനതയിലുള്ള ഈ ഭൂമിയിൽ നാം ആയിരിക്കുമ്പോൾ പരീക്ഷകൾ ( temptation ) ഉണ്ടു് . ക്രിസ്തുവും പരീക്ഷകൾ അനുഭവിച്ചു ,എങ്കിലും പാപം ചെയ്തില്ല .

   "but was in all points tempted like as we are, yet without sin.

നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു." (എബ്രാ 4:15).

യേശു ക്രിസ്തു നമ്മുടെ പാപത്തിനും ശാപത്തിനും പരിഹാരം വരുത്തിയിരിക്കെ , ഇത്തരം വേദ വിപരീത ഉപദേശങ്ങളെ വിശ്വാസികൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളണമെന്ന് പാസ്റ്റർ ഫിലിപ്പ് പറഞ്ഞു. ഇക്കൂട്ടർ നടത്തുന്ന ശാപം മുറിക്കൽ പരിപാടികളിൽ വിശ്വാസികൾ പങ്കെടുക്കരുത്.