വി.എം. മാത്യു അവാര്‍ഡ് വിതരണം നവം. 10 നാളെ എറണാകുളത്ത്

വി.എം. മാത്യു അവാര്‍ഡ് വിതരണം നവം.  10 നാളെ എറണാകുളത്ത്

എറണാകുളം: ഗുഡ്ന്യൂസ് സ്ഥാപക ചെയർമാനായിരുന്ന വി.എം മാത്യു സാറിൻ്റെ  പേരിൽ ക്രൈസ്തവചിന്ത ഏർപ്പെടുത്തിയ ക്രൈസ്തവചിന്ത വി.എം. മാത്യു അവാർഡ് അന്തർദേശീയ മാധ്യമപ്രവർത്തകൻ മാത്യു ശാമുവേലിന്.  നവംബർ 10ന് വൈകിട്ട് 5ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡും  ഫലകവും അദ്ദേഹത്തിന് സമ്മാനിക്കും. ക്രൈസ്തവചിന്ത എഡിറ്റർ വർഗീസ് ചാക്കോ ഷാർജ, റവ. ബാബു ജോൺ ഡൽഹി, റവ. സണ്ണി താഴാംപള്ളം ഹ്യൂസ്റ്റൺ, ഫിന്നി കോര ഡാളസ് , ഡോ. ഓമന റസ്സൽ എന്നിവരടങ്ങിയ പാനലാണ് മാത്യു സാമുവേലിനെ അവാർഡിനായി തെരത്തെടുത്തത്.

പത്തനാപുരം സ്വദേശിയായ മാത്യു ശാമുവൽ പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കോളജ് യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചു. മാധ്യമപ്രവർത്തനത്തിന് അദ്ദേഹം തെരഞ്ഞെടുത്ത തട്ടകം ഡൽഹിയാണ്. മംഗളം, മിഡ്‌ഡേ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിൻ്റെ പത്രപ്രവർത്തനം ആരംഭിക്കുന്നത്. 

തെഹൽകയിൽ സ്റ്റാഫ് റിപ്പോർട്ടറായി പ്രവർത്തനം തുടങ്ങിയ മാത്യു ശാമുവൽ അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് കൊണ്ട് 2014-ൽ മാനേജിംഗ് എഡിറ്റർ സ്ഥാനത്തെത്തി. തെഹൽകയിൽ മാത്യു ശാമുവൽ നേതൃത്വം നൽകിയ ' ഓപ്പറേഷൻ വെസ്റ്റ് എൻഡ് ' ഇന്ത്യയിലെ പ്രതിരോധ ഇടപാടിലെ അഴിമതി പുറത്തു കൊണ്ടുവന്നു. അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കോളിളക്കം സൃഷ്ടിച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ആയിരുന്നു. പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് ഉൾപ്പെടെ നാലു മന്ത്രിമാർ രാജി വെയ്ക്കേണ്ടിവന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മൻ, ജെയ് ജെയ്റ്റ്‌ലി , മേജർ ജനറൽ പി.എസ്.കെ ചൗധരി, മഞ്ജിത് സിംഗ് അലുവാലിയ എന്നിവരാണ് തെഹൽക ഒരുക്കിയ  കുരുക്കിൽപ്പെട്ടത്. ഇവർ പണം വാങ്ങുന്നത് വീഡിയോ തെളിവുകൾ സഹിതം പുറഞ്ഞുവന്നതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടായി. ഈ സംഭവത്തോടെ   മാത്യു ശാമുവൽ അന്താരാഷ്ട്ര മാധ്യമരംഗത്ത് ശ്രദ്ധേയനാവുകയായിരുന്നു.

ഇതിനിടെ  ന്യൂസ് എക്സ്, ലൈവ് ഇന്ത്യ, ഇന്ത്യാ റ്റി.വി ഉൾപ്പെടെയുള്ള റ്റി.വി ചാനലുകളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചു. ഇന്ത്യ റ്റുഡേയിലും പ്രവർത്തിച്ചിട്ടുണ്ട്. 2016-ൽ  തെഹൽക വിട്ട ശേഷം നാരദ ന്യൂസ് എന്ന ഡിജിറ്റൽ ഫ്ലാറ്റ്ഫോം ആരംഭിച്ചു. ഇക്കാലത്താണ് തൃണമൂൽ കോൺഗ്രസിലെ ഉന്നത നേതാക്കളുടെ അഴിമതി അദ്ദേഹം പുറത്ത് കൊണ്ട് വരുന്നത്. രാഷ്ട്രീയ പ്രതിയോഗികൾ അന്വേഷണ ഏജൻസികളെക്കൊണ്ട് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചെങ്കിലും ഏശിയില്ല എന്നത് ചരിത്രം.

സോഷ്യൽ മീഡിയയിൽ ഇന്നദ്ദേഹം സജീവ സാന്നിദ്ധ്യമാണ്. വേർപെട്ട ക്രൈസ്തവ സമൂഹത്തിന് ഭാരത ഭരണകൂടത്തിൽ നിന്നും ഏൽക്കേണ്ടി വരുന്ന ഭീഷണികൾക്കും പീഡകൾക്കുമെതിരെ മാത്യു ശാമുവൽ ഒരു അത്താണിയായി നിലകൊള്ളുന്നു.

Advt.