മൂന്നാം നാൾ പുനരുത്ഥാനം കാണാതിരിക്കില്ല
വൈറ്റ്ബോർഡ്
മൂന്നാം നാൾ പുനരുത്ഥാനം കാണാതിരിക്കില്ല
സജി മത്തായി കാതേട്ട്
കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയാണ് അവരെല്ലാം കൂടി അദ്ദേഹത്തെ ഹാരമണിയിച്ച് വരവേറ്റത്. ഭാരതത്തിൻ്റെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവായി നീറുന്ന കുറ്റം ചെയ്ത മഹേന്ദ്ര ഹെംബ്രാനേയാണവർ പൂമാലയിട്ട് സ്വീകരിച്ചത്. ഒഡിഷയിൽ കുഷ്ഠരോഗികൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനേയും രണ്ടു പിഞ്ചുമക്കളേയും 1999 ജനു. 21 ന് രാത്രി വാനിലിട്ടു തീവച്ചു കൊന്ന കേസിൽ ദാരസിങ്ങിനെയും മഹേന്ദ്ര ഹെംബ്രാനേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 25 വർഷമായി ജയിലിലെ നല്ല പെരുമാറ്റത്തെ തുടർന്ന് ശിക്ഷയിളവ് പരിഗണിച്ചാണ് മഹേന്ദ്ര ഹെംബ്രാനെ മോചിതനാക്കിയത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഉടൻ സംഘപരിവാർ അദ്ദേഹത്തെ സ്വീകരിച്ച് ആനയിച്ചത് മാധ്യമങ്ങളിലൂടെ ലോകജനത വളരെ ആശങ്കയോടും വേദനയോടും കൂടിയാണ് വീക്ഷിച്ചത്.
ശത്രുവിനെ സ്നേഹിക്കണമെന്നും ഇപ്പുറത്തെ ചെകിടിൽ തല്ലിയാൽ മറ്റേതും കാണിച്ചു കൊടുക്കണമെന്ന ക്രിസ്തുവിൻ്റെ സത് വാക്കുകൾ പിൻതുടരുന്ന ക്രിസ്ത്യാനികൾ ഇതും സഹിക്കും. പക്ഷെ മറക്കില്ല !. തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും സുവിശേഷകരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല.
ഭാരതത്തിലെ ക്രൈസ്തവരെല്ലാം എന്നും കുരിശിൻ്റെ വഴിയാണ്. ആ വഴിയിൽ ചിലയിടങ്ങളിൽ ചിലർ നമ്മെ ആശ്ലേഷിച്ചും കേക്കുകൾ തന്നും സദ്യയൊരുക്കിയും കൂടെയുണ്ടെന്നും പറഞ്ഞ് ചങ്ങാത്തം കൂടുമ്പോൾ ചിന്തിക്കുക അവരുടെ മേലാളന്മാരാണ് നോർത്തിന്ത്യയിൽ എല്ലാം തല്ലിത്തകർക്കുന്നതും മർദ്ദിക്കുന്നതും നടുറോഡിൽ വലിച്ചിഴച്ചും ചെരുപ്പുമാല അണിയിച്ച് പരിഹസിച്ചും തല്ലിയോടിച്ചും വീടുകൾ കൊള്ളയടിച്ചും സഹോദരിമാരെ പീഡിപ്പിച്ചും നമ്മെ ആട്ടിയകറ്റുന്നത്. നാമെന്നും കുരിശിൻ്റെ വഴിയേ യാത്ര ചെയ്യേണ്ടവർ തന്നെ. മൂന്നാം നാൾ പുനരുത്ഥാനം കാണാതിരിക്കില്ല!. സത്യം.
Advertisement















































