മാനസാന്തരം ദൈവത്തിങ്കലേക്കു തന്നെയോ?

മാനസാന്തരം ദൈവത്തിങ്കലേക്കു തന്നെയോ?

യേശു പാദാന്തികം 8

മാനസാന്തരം ദൈവത്തിങ്കലേക്കു തന്നെയോ?

ന്തുകൊണ്ടു നാം  "ദൈവത്തിങ്കലേക്കു മാനസാന്തരപ്പെടണം"? കാരണം, അവനില്‍ നിന്നാണു നാം വീണുപോയത്. നാം കേള്‍ക്കുന്ന, അനുസരിക്കുന്ന മരണത്തിന്‍റെ ലോകത്തുനിന്നു ദൈവത്തിന്റെ ജീവനിലേക്കുള്ള പ്രവേശനമാണു മാനസാന്തരം. ഊണിലും ഉറക്കത്തിലും ദൈവമുഖം കാണുന്നതാണു മാനസാന്തരം- ദൈവത്തിലേക്കുള്ള മാനസാന്തരം.

"തോമസുകുട്ടി മാനസാന്തരപ്പെട്ടു, അവന്‍ കള്ളുകുടിയൊക്കെ നിര്‍ത്തി" എന്നൊക്കെ നാം കേള്‍ക്കാറില്ലേ? നിരന്തര മദ്യപാനത്താല്‍ കരള്‍ ദ്രവിച്ചു. ഡോക്ടര്‍ പറഞ്ഞു "ലിവര്‍ സിറോസിന് ആണ്. ഇനി മദ്യം തൊട്ടാല്‍ ചത്തു പോകും" അതുകൊണ്ടു തോമസുകുട്ടി മദ്യപാനം തീര്‍ത്തും ഉപേക്ഷിച്ചു. ഇതുപോലെയുള്ള ചില ചില്ലറ ഉപേക്ഷണങ്ങളൊക്കെയാണ് 'മാനസാന്തരം' എന്നു വിളിക്കാറ്. എന്നാല്‍ വേദപുസ്തകത്തില്‍ മാനസാന്തരം വളരെ വിശാലവും വ്യത്യസ്തവുമാണ്! ദൈവത്തിങ്കലേക്കുള്ള തിരിവാണു വേദപുസ്തകത്തിലെ മാനസാന്തരം. (ദൈവത്തിങ്കലേക്കു തിരിയുന്ന വ്യക്തികളുടെ പ്രവൃത്തികള്‍ വ്യത്യാസപ്പെടുമെങ്കിലും പ്രവൃത്തികളില്‍ വ്യത്യാസമുണ്ടാക്കികൊണ്ട് ഒരാള്‍ക്കു ദൈവത്തിങ്കലേക്കു തിരിയാനാകില്ല).

നമ്മുടെ കഴിഞ്ഞകാല ജീവിതത്തില്‍ നാം ദൈവത്തിലേക്കു നോക്കുന്നതിനു പകരം ലോകത്തെ നോക്കി യാത്ര ചെയ്തു. ദൈവത്തിന് മുഖം കൊടുക്കാതെ പകരം പുറം തിരിഞ്ഞു നടന്നു. ദൈവം പറയുന്നതു കേള്‍ക്കുന്നതിനു പകരം ലോകത്തിന്‍റെ ശബ്ദത്തിനു കാതോര്‍ത്തു. ലോകത്തിന്‍റെ പണത്തിന്, ആരോഗ്യത്തിന്, ബന്ധങ്ങള്‍ക്ക്, കൂട്ടുകാര്‍ക്ക്, കുടുംബത്തിന്...... നാം മുഖം കൊടുത്തു. നമുക്കാവശ്യമുള്ളതെല്ലാം നല്കാന്‍ അവര്‍ക്കൊക്കെ, അതിനൊക്കെ കഴിയുമെന്നു നാം വ്യാമോഹിച്ചു. ലോകമാണ്, സമ്പത്താണ്, അധികാരമാണ് എല്ലാമെല്ലാം എന്നു നാം തെറ്റിദ്ധരിച്ചു.

ഒടുവില്‍ നാം യാഥാര്‍ഥ്യം മനസ്സിലാക്കി. നമ്മുടെ യാത്ര വിരുദ്ധദിശയിലാണെന്ന സത്യം!. ഓട്ടം ഒത്തിരി ഓടിയെങ്കിലും എങ്ങും എത്തിയില്ലെന്ന തിരിച്ചറിവില്‍ പകച്ചു നിന്നപ്പോള്‍ നമ്മുടെ സങ്കടത്തില്‍ നാമൊരു തീരുമാനമെടുത്തു. എന്തായാലും ഇനി മുന്നോട്ടില്ല. അപ്പോഴാണ് സുവിശേഷത്തിന്‍റെ സന്ദേശമെത്തുന്നത് മാനസാന്തരപ്പെടുക! സുവിശേഷം അംഗീകരിച്ച് നാം തിരിച്ചു നടന്നു. ദൈവത്തിങ്കലേക്ക്! അതു കൊണ്ടു പൗലോസ് പറയുന്നു; ഇതു ദൈവത്തിങ്കലേക്കുള്ള മാനസാന്തരമാണ്!

ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ ഇതു നാം കാണുന്നു (ലൂക്കൊസ് 15). അവിടെ പിതാവ് സ്വര്‍ഗ്ഗീയനായ ദൈവത്തിന്‍റെ പ്രതീകമാണ്. ആദ്യം മകന്‍ പിതാവിന്‍റെ ഭവനം വിട്ടു ലോകത്തിലേക്ക് ഇറങ്ങിപ്പോയി (ലൂക്കൊസ് 15:12, 13). എന്നാല്‍ 'സുബോധം' വന്നപ്പോള്‍ (വാക്യം 17) തന്‍റെ വഴി നാശം എന്നു അവന്‍ തിരിച്ചറിഞ്ഞു. "ഇനിമുതല്‍ ഞാന്‍ മദ്യപാനവും ദുര്‍നടപ്പും നിര്‍ത്തി" എന്നല്ല അവന്‍റെ തീരുമാനം "ഞാന്‍ എഴുന്നേറ്റു അപ്പന്‍റെ ഭവനത്തിലേക്കു മടങ്ങിച്ചെല്ലും" (വാക്യം 18) എന്നാണ് അവന്‍റെ തീരുമാനം. (അപ്പന്‍റെ ഭവനത്തില്‍ ദുര്‍നടപ്പുകാരായി ജീവിക്കാന്‍ കഴിയില്ല എന്നത് മറ്റൊരു കാര്യം).

നമ്മുടെ പാപങ്ങളെയോര്‍ത്തു സങ്കടപ്പെടുന്നതുകൊണ്ടോ അതിനെയോര്‍ത്തു കരയുന്നതുകൊണ്ടോ പോലും മാനസാന്തരം പൂര്‍ണ്ണമാവുന്നില്ല. അത് പഴയ വഴികളെ ഇഷ്ടങ്ങളെ എല്ലാം ഉപേക്ഷിച്ച് ദൈവത്തിങ്കലേക്കു നടന്നു കയറുന്നതാണ്. "നിര്‍ജ്ജീവ പ്രവൃത്തികളില്‍ നിന്നുള്ള (എബ്രായര്‍ 6:1) മാനസാന്തരമാണ്, ദൈവത്തിങ്കലേക്കുള്ള മാനസാന്തരമാണ്!

ഈ 'തിരിവ്' നടന്നു കഴിയുമ്പോള്‍ ദൈവം നമ്മുടെ ലക്ഷ്യമായി തീരുന്നു. ദൈവം നമ്മുടെ അഭിലാഷമായി തീരുന്നു. അവിടുന്നു നമ്മുടെ 'കണ്‍ട്രോള്‍ സ്റ്റേഷന്‍' ആയിത്തീരുന്നു.

എന്തുകൊണ്ട് നാം "ദൈവത്തിങ്കലേക്കു" മാനസാന്തരപ്പെടണം?. കാരണം അവനില്‍ നിന്നാണ് നാം വീണുപോയത്!. ദൈവത്തില്‍ നിന്നും വീണുപോയപ്പോള്‍ നാം 'ജീവനില്‍' നിന്നു വീണു പോയി (എഫെസ്യര്‍ 4:18) ജീവനായവനില്‍ നിന്നു വേര്‍പെട്ടപ്പോള്‍ മുതല്‍ നമ്മുടെ പ്രവൃത്തികള്‍ എല്ലാം നിര്‍ജീവ പ്രവൃത്തികളായിരുന്നു. യേശു വന്നത്, ദൈവത്തിങ്കലേക്കു നമ്മെ പുനഃസ്ഥാപിച്ചു കൊണ്ടു ജീവനിലേക്കു നമ്മെ തിരികെ കയറ്റാനാണ്. നമുക്ക് ജീവനുണ്ടാകുവാനും, അതു സമൃദ്ധിയായി ഉണ്ടാകുവാനുമാണ് യേശു വന്നത്. (യോഹ. 10:10)

ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ മാത്രമാണു നമുക്ക് യഥാര്‍ത്ഥ ജീവന്‍ കാണുവാന്‍ കഴിയുന്നത്. കാരണം അവിടുന്നാണ് ജീവന്‍റെ ഉറവിടം. "അവനില്‍ ജീവനുണ്ടായിരുന്നു ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു", (യോഹന്നാന്‍ 1:4). അതിനാല്‍ മാനസാന്തരപ്പെടുന്നത് ദൈവ സന്നിധിയുടെ ജീവനിലേക്കു യഥാസ്ഥാനപ്പെടല്‍ ആണ്.

ഏത് ജീവനും ജീവിക്കപ്പെടണം. അല്ലെങ്കില്‍ അത് കെട്ടുപോകും. അഗ്നി കത്തിക്കൊണ്ടിരുന്നില്ലെങ്കില്‍ കെട്ടുപോകുന്നതു പോലെ! അങ്ങനെ തന്നെ യഥാസ്ഥാപനത്തിലൂടെ മരണത്തില്‍ നിന്നും ദൈവ സാന്നിദ്ധ്യത്തിലെ ജീവനിലേക്കു കടക്കുന്നവന്‍ "യേശുക്രിസ്തുവിലെ വിശ്വാസത്താല്‍" ആ ജീവന്‍ ജീവിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പൗലൊസ് "ദൈവത്തിലേക്കുള്ള മാനസാന്തരവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും" പ്രസംഗിച്ചത്. അതാണു സുവിശേഷത്തെ പൂര്‍ണമാക്കുന്നത്.

ലോകത്തെ കാണുന്ന, കേള്‍ക്കുന്ന, അനുസരിക്കുന്ന മരണത്തിന്‍റെ ലോകത്തു നിന്നു ദൈവത്തിന്‍റെ സന്നിധിയിലെ ജീവനിലേക്കു തിരിഞ്ഞു കയറുന്നതാണു മാനസാന്തരം. പിന്നീട് കഴിഞ്ഞ കാലത്തെയും, വഴികളെയും തിരിഞ്ഞുനോക്കുവാന്‍ ചിന്തിക്കുവാന്‍ പോലും നാം ധൈര്യപ്പെടുകയില്ല. ഇതു നിര്‍ജീവ പ്രവൃത്തികളില്‍ നിന്നുള്ള മാനസാന്തരമാണ്. അതേസമയം ദൈവത്തിങ്കലേക്കുള്ള മനന്തിരിവുമാണ്. ഊണിലും ഉറക്കത്തിലും ദൈവമുഖം മാത്രം കാണുന്നതാണു മാനസാന്തരം. ആ ജീവനിൽ ഞാന്‍ ജീവിക്കുന്നത്, ക്രിസ്തു യേശുവിലുള്ള സമര്‍പ്പണത്താല്‍!

സമര്‍പ്പണ പ്രാര്‍ത്ഥന
കര്‍ത്താവേ, നിര്‍ജീവ പ്രവൃത്തികൾ വിട്ട് ഞാന്‍ അങ്ങയിലേക്കു പ്രവേശിക്കുന്നു. എന്‍റെ ജീവനേ, അവിടുന്ന് എന്‍റെ ആശ, എന്‍റെ ലക്ഷ്യം, എന്‍റെ നിയന്ത്രണ ശക്തി........... ആമേന്‍!

തുടര്‍വായനയ്ക്ക്: 
അപ്പൊസ്തല പ്രവൃത്തികള്‍ 2:36-41, കൊലൊസ്യര്‍ 3: 5-14.

Advt.

Advt.