നമ്മെ വിലയുള്ളവരായി കാണാൻ ശ്രമിക്കുക
റവ. ജോർജ് മാത്യു പുതുപ്പള്ളി
രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സൈനിക ജനറൽ ആയിരുന്നു മോണ്ട് ഗോമറി. ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന സൈന്യം പല യുദ്ധങ്ങൾ നടത്തി വിജയം നേടുകയുണ്ടായി. അന്ന് വളരെ ശക്തിയോടുകൂടി ഇരച്ചുകയറിയ ജർമൻ സൈന്യത്തെ പരാജയപ്പെടുത്തുവാൻ മോണ്ട് ഗോമറി കാണിച്ച ധൈര്യം അപാരമായിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ പന്ത്രണ്ട് രാജ്യങ്ങളാണ് ഇക്കാര്യത്തിൽ മോണ്ട് ഗോമറിയെ അഭിനന്ദിച്ചത്. ഫീൽഡ് മാർഷൽ എന്ന പദവിയും അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം തന്റെ കീഴിലുള്ള സൈനികരോടൊപ്പം ജീവിക്കുകയും അവരുടെ കഷ്ടങ്ങളിൽ പങ്കു ചേരുകയും ചെയ്തു.
ഒരു ദിവസം സൈനികരെ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ അദ്ദേഹം ഒരു പട്ടാളക്കാരനോട് 'താങ്കളുടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം എന്താണ് ?' എന്നു ചോദിക്കുകയുണ്ടായി. ആ പട്ടാളക്കാരൻ തന്റെ തോക്ക് കയ്യിൽ പിടിച്ചുകൊണ്ട് 'ഈ തോക്കാണ് എന്റെ ഏറ്റവും വിലയുള്ള സമ്പാദ്യം' എന്ന് പറഞ്ഞു. മോണ്ട് ഗോമറി ആ സൈനികനോട് 'നിങ്ങൾ പറഞ്ഞത് തെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വിലയുള്ളത് നിങ്ങളുടെ ജീവനാണെന്ന് നിങ്ങൾ മനസിലാക്കണം. ഈ തോക്ക് നിങ്ങളുടെ ജീവനെ സംരക്ഷിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ്' എന്നു പറഞ്ഞു.
നമ്മിൽ എന്തുണ്ട് എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതം വിലയുള്ളതായിത്തീരുന്നത്. നമ്മിലേക്ക് ദൈവം പകർന്നു തന്ന ദൈവത്തിന്റെ ആത്മാവാണ് നമ്മെ വിലയുള്ളവരാക്കിത്തീ ർക്കുന്നത്. എപ്പോഴും തകർന്നു പോകാവുന്ന ശരീരത്തിന് നാം വില കൊടുത്താൽ നിത്യതയിലേക്ക് പ്രവേശിക്കേണ്ട ആത്മാവിന്റെ വിലയെ നാം കെടുത്തിക്കളയും. അപ്രകാരമുള്ളവരുടെ ജീവിതവും വിലയില്ലാത്തതായി ത്തീരും. അങ്ങനെ വിലയില്ലാത്തതായി തീരുന്നവർക്ക് എങ്ങനെ മറ്റുള്ളവരെ വിലയുള്ളവരായി കാണുവാൻ കഴിയും ?
തങ്ങൾ വിലയില്ലാത്തവരെങ്കിൽ അപ്രകാരമുള്ളവർ തങ്ങളെ എങ്ങനെ സ്നേഹിക്കും ? തങ്ങളെ സ്നേഹിക്കാത്തവർക്ക് മറ്റുള്ളവരെ സ്നേഹിക്കുവാൻ കഴിയുന്നതല്ല. അതുകൊണ്ടാണ് നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളുടെ അയൽക്കാരെയും സ്നേഹിക്കണമെന്ന് കർത്താവ് പറഞ്ഞത്. നമ്മെ ഏവരെയും കർത്താവ് വിലയുള്ളവരായി കാണുന്നതുപോലെ നമ്മെ നാമും വിലയുള്ളവരായി കാണേണ്ടതാണ്. ആത്മാവിനെ വിലയുള്ളതായി കരുതാത്തവൻ തങ്ങളുടെ വില കെടുത്തിക്കളയുന്നു. അങ്ങനെ സംഭവിക്കാതെ നമുക്കു സൂക്ഷിക്കാം.
ചിന്തക്ക്: 'നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത് ? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം ? നീ അവനെ ദൈവത്തെക്കാൾ അൽപം മാത്രം താഴ്ത്തി, തേജസും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴെയാക്കിയിരിക്കുന്നു. ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.' (സങ്കീർത്തനങ്ങൾ 8 : 3...8).
Advertisement




























































