മത്സ്യവും ചുണ്ടെലിയും നൽകുന്ന ഗുണപാഠം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഒരു ദിവസത്തെ കഠിനാദ്ധ്വാനത്തിനുശേഷം പ്രസംഗകനായ സി എച്ച് സ്പർജൻ അദ്ദേഹത്തിന്റെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. പതിവിലധികം പ്രതികൂലങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പെട്ടെന്നൊരു വചനഭാഗം അദ്ദേഹത്തിന്റെ മനസിലേക്ക് ഓടിയെത്തി. 'എന്റെ കൃപ ബലഹീനതയിൽ തികഞ്ഞു വരുന്നു' എന്നതായിരുന്നു അത്. തുടർന്ന് അദ്ദേഹം ആ വേദഭാഗം എടുത്തു വായിക്കുവാൻ തീരുമാനിച്ചു. വിശുദ്ധ ബൈബിൾ തുറന്നപ്പോൾ ലഭിച്ചതും അതേ വാക്യമായിരുന്നു ആ വാക്യം അദ്ദേഹത്തെ വളരെയധികം ചിന്തിപ്പിച്ചു.
തുടർന്ന് സി എച്ച് സ്പർജൻ ഭാവനയിൽക്കൂടി സഞ്ചരിക്കുവാൻ തുടങ്ങി. ഒരു നദിയിൽ ജനിക്കുന്ന മത്സ്യം ദാഹിക്കുന്ന കാഴ്ച അദ്ദേഹം മനസിൽ കണ്ടു പെട്ടെന്ന് ഒരു വ്യക്തി അതിന്റെ അരികിലെത്തി ഇങ്ങനെ പറഞ്ഞു : 'കൊച്ചുമത്സ്യമേ, നദിയിൽനിന്നും ആവശ്യത്തിനു വെള്ളം നീ കുടിച്ചുകൊള്ളുക'. പഴയനിയമത്തിലെ യോസേഫിന്റെ രൂപവും അദ്ദേഹത്തിന്റെ അകതാരിൽ തെളിഞ്ഞുവന്നു. ഒരു കൊച്ചു ചുണ്ടെലി വിശന്ന് യോസേഫിന്റെ അരികിൽ എത്തുന്നു.
ആ അവസരത്തിൽ യോസേഫ് എന്തായിരിക്കും അതിനോടു പറയുക ? എന്റെ കലവറയിൽ നിനക്ക് ആവശ്യമുള്ളതിലേറെ ആഹാരം ഉണ്ടെന്നായിരിക്കും. ഈവിധ ചിന്തകൾ സ്പർജന്റെ മനസിലേക്കു വരികയും അത് അദ്ദേഹത്തെ വേറൊരു ചിന്താധാരയിലേക്ക് നയിക്കുകയും ചെയ്തു.
എല്ലാ ദിവസവും ഒരു വലിയ അളവിൽ ഓക്സിജനാണ് നാം ശ്വസിക്കുന്നത്. പക്ഷെ അത് ഒരിക്കലും തീർന്നുപോകുന്നില്ല. അതിനെക്കുറിച്ച് നാം ആശങ്കപ്പെടുകയാണെങ്കിൽ പ്രകൃതി നമ്മോട് വിളിച്ചുപറയും : 'മനുഷ്യാ, നീ ആവശ്യത്തിനു ശ്വസിക്കുക. നിന്റെ ആവശ്യത്തിൽ കവിയുന്ന ഓക്സിജൻ എന്റെ പക്കലുണ്ട്.'
വിശ്വാസികളിൽ വിശ്വാസം പൂർണമായ നിലയിലാണ് സ്ഥിതിചെയ്യേണ്ടത്. അൽപവിശ്വാസമേ നമ്മിൽ ഉള്ളുവെങ്കിലും ഒരു പക്ഷെ നമ്മുടെ മനസ് സ്വർഗത്തിൽ എത്തിയേക്കും. അക്കാര്യങ്ങളെക്കുറിച്ച് ചിലതൊക്കെ ചിന്തിക്കാനും സാധിച്ചേക്കും. എന്നാൽ പൂർണമായ വിശ്വാസം നമ്മിലുണ്ടെങ്കിൽ സ്വർഗം നമ്മുടെ ആത്മവിലേക്ക് ഇറങ്ങിവരും. സ്വർഗം ഇറങ്ങിവരിക എന്നതിനർത്ഥം നാം സ്വർഗീയാന്തരീക്ഷത്തിൽ ജീവിക്കും എന്നതാണ്. വിശ്വാസത്തിന്റെയും അത്ഭുതത്തിന്റെയും പ്രത്യാശയുടെയും നിറകുടമായി നാം മാറും. ദൈവത്തിന്റെ കൃപയ്ക്കു മാത്രമേ നമ്മുടെ ബലഹീനതകളെ ശക്തിപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ നാം വിശ്വസിക്കുമ്പോൾ ബലഹീനതക്ക് നമ്മിൽ ശക്തിപ്പെടുവാൻ കഴിയുകയില്ല.
ചിന്തക്ക് : 'വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു. ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെതന്നെ. അത് എന്നെ വിട്ടു നീങ്ങേണ്ടതിനു ഞാൻ മൂന്നു വട്ടം കർത്താവിനോട് അപേക്ഷിച്ചു. അവൻ എന്നോട് : എന്റെ കൃപ നിനക്കു മതി. എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു. ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്‌തനാകുന്നു' (2 കൊരിന്ത്യർ 12 : 7...10).

