സീവിയുടെ ജീവചരിത്രം അമേരിക്കൻ മലയാളികളിലേക്ക് ; വിതരണോദ്ഘാടനം ചിക്കാഗോ പിസിനാക്കിൽ നടന്നു
ചിക്കാഗോ: പ്രമുഖ മാധ്യമപ്രവർത്തകനും ഗുഡ്ന്യൂസ് വാരികയുടെ ചീഫ് എഡിറ്ററുമായ സി.വി. മാത്യുവിന്റെ ജീവിതവും എഴുത്തും ആസ്പദമാക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ അമേരിക്കയിലെ വിതരണോദ്ഘാടനം പ്രൗഢമായ ചടങ്ങിൽ നടന്നു. നാല്പതാമത് പെന്തെക്കോസ്ത് കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്ക (പിസിഎൻഎകെ) വേദിയാണ് ഈ സവിശേഷമായ യോഗത്തിന് സാക്ഷ്യം വഹിച്ചത്.
ശനിയാഴ്ച വൈകിട്ട് നടന്ന സമ്മേളനത്തിൽ പി.സി.നാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, എഴുത്തുകാരനും ഗ്രന്ഥകാരനുമായ പാസ്റ്റർ റോയി വാകത്താനത്തിന് പുസ്തകം നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ദശാബ്ദങ്ങൾക്ക് മുമ്പ് കേരളത്തിൽ പി.വൈ.പി.എ. പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ സി.വി. മാത്യുവുമായി ഒന്നിച്ച് പ്രവർത്തിച്ച മനോഹരമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ ഉദ്ഘാടനപ്രസംഗം നടത്തിയത്.
പാസ്റ്റർ തോമസ് കിടങ്ങാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഗുഡ്ന്യൂസ് റീജിനൽ ഡയറക്ടറും പി.സി.നാക്ക് നാഷണൽ മീഡിയ കോർഡിനേറ്ററുമായ കുര്യൻ ഫിലിപ്പ് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും സഭാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. പ്രശസ്‌ത എഴുത്തുകാരായ സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ എന്നിവരാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
സി.വിയുടെ ജീവിതവും എഴുത്തും അനുഭവങ്ങളും വിവരിക്കുന്ന പുസ്തകത്തിൽ പ്രമുഖരായ നൂറിലധികം പേരുടെ ഓർമ്മക്കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുസ്തകം അമേരിക്കയിൽ ലഭ്യമാകാൻ വെസ്ളി മാത്യു ഡാളസ് :+1 (214) 929-7614, കുര്യൻ ഫിലിപ്പ് ചിക്കാഗോ: +1 (847) 912-5578, നിബു വെള്ളവന്താനം: +1 (516) 643-3085, ജോസഫ് കുമ്പനാട് ന്യൂയോർക്ക് : +1 (516) 967-8740 എന്നിവരുമായി ബന്ധപ്പെടുക.
വാർത്ത: കുര്യൻ ഫിലിപ്പ്





