കൺമുന്നിൽ പിതാവിന്റെ വിയോഗം കണ്ട് വിങ്ങലായി മകൻ ഏബൽ
ആശിഷ് മാത്യു
പീച്ചി: "മനുഷ്യൻ്റെ ആയുസ്സ് പുല്ലുപോലെയും വയലിലെ പൂപോലെയുമാകുന്നു..." എന്ന തിരുവചനം അക്ഷരാർത്ഥത്തിൽ ഓർമ്മിപ്പിച്ചുകൊണ്ട്, പ്രിയ സഹോദരൻ അജി (42) കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി. തൻ്റെ കൺമുന്നിൽ വെച്ച് പ്രിയപ്പെട്ട അപ്പൻ വെള്ളത്തിലേക്ക് താഴ്ന്നുപോയപ്പോൾ, അത് മരണത്തിലേക്കുള്ള മുങ്ങാംകുഴിയാണെന്ന് തിരിച്ചറിയാതെ പകച്ചുനിൽക്കുകയായിരുന്നു പന്ത്രണ്ടുകാരൻ ഏബൽ.
ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെ ദൈവകൃപയാൽ അതിജീവിച്ച വ്യക്തിത്വമായിരുന്നു അജിയുടേത്. സ്റ്റീൽ ഫാബ്രിക്കേഷൻ മേഖലയിലെ കഠിനാധ്വാനത്തിലൂടെ, അദ്ദേഹം കുടുംബത്തെ കരകയറ്റി. സ്വന്തം അധ്വാനത്താൽ സഹോദരിയുടെ വിവാഹം നടത്താനും, മാതാപിതാക്കൾക്കും ഭാര്യയ്ക്കും മക്കൾക്കുമായി പുതിയൊരു ഭവനം പണിത് അവിടെ പാർക്കുവാനും ദൈവം അദ്ദേഹത്തെ സഹായിച്ചു. എന്നാൽ ആ സന്തോഷങ്ങളിൽ അധികനാൾ പങ്കുചേരും മുൻപേ, സ്വർഗ്ഗീയ പിതാവ് അദ്ദേഹത്തെ തിരിച്ചുവിളിച്ചു.
പണിമുടക്ക് ദിനമായിരുന്ന വ്യാഴാഴ്ച, നെല്ലിക്കുന്ന് സഭയിലെ സഹവിശ്വാസികൾ 12 കിലോമീറ്റർ അകലെയുള്ള ആൽപ്പാറയിലെ അജിയുടെ ഭവനം സന്ദർശിക്കാനെത്തിയതായിരുന്നു. വൈകുന്നേരം അടുത്ത് നടക്കുന്ന IPC പീച്ചി സെൻറർ കൺവൻഷനിൽ പങ്കെടുത്ത് മടങ്ങാനായിരുന്നു അവരുടെ തീരുമാനം. ഉച്ചഭക്ഷണത്തിനുശേഷം വീടിനടുത്തുള്ള പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അജിയും മകൻ ഏബലും സുഹൃത്തുക്കളും.
എല്ലാവരും കുളികഴിഞ്ഞ് കരയ്ക്ക് കയറാൻ തുടങ്ങിയപ്പോഴാണ് അജി തിട്ടയിൽ നിന്നും വീണ്ടും വെള്ളത്തിലേക്ക് ചാടിയത്. കൂടെയുണ്ടായിരുന്ന സഹോദരൻ അനീഷ് ആ നിമിഷത്തെക്കുറിച്ച് ഓർക്കുന്നത് വിറയലോടെയാണ്:
"ഞങ്ങളെല്ലാവരും കുളിച്ചുകഴിഞ്ഞ് മടങ്ങാൻ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് അജിച്ചേട്ടൻ അൽപ്പം മുകളിലേക്ക് കയറി തിട്ടയിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്നത് കണ്ടത്. എന്നാൽ നിമിഷങ്ങൾ കഴിഞ്ഞിട്ടും ആളെ കണ്ടില്ല. നോക്കുമ്പോൾ ചാടിയ സ്ഥലത്തുനിന്നും ആറടിയോളം മാറി ചേട്ടൻ പൊങ്ങിവന്നു. അപകടം മണത്ത ഞാൻ, നീന്തലറിയാവുന്ന സഹോദരൻ ജിനോയെ ഉച്ചത്തിൽ വിളിച്ചു..." - കണ്ണീരോടെ അനീഷ് പറയുന്നു.
അനീഷിൻ്റെ നിലവിളി കേട്ട ഉടൻ തന്നെ ജിനോ വെള്ളത്തിലേക്ക് എടുത്തുചാടി. അജിയെ ഒരുവിധം പിടികൂടിയെങ്കിലും, മനുഷ്യൻ്റെ ശ്രമങ്ങൾക്ക് പരിധിയുണ്ടായിരുന്നു. ആ നിമിഷത്തെക്കുറിച്ച് ജിനോ പറയുന്നത് ഇങ്ങനെ:
"വെള്ളത്തിൽ ചാടി ഞാൻ അജിച്ചേട്ടനെ പിടികൂടി. എൻ്റെ കൈകളിൽ ആള് ഭദ്രമായിരുന്നു. എന്നാൽ എന്നെ വലിച്ച് മുറുക്കെപ്പിടിച്ചതോടെ ഞങ്ങൾ രണ്ടുപേരും കൂടി കയത്തിലേക്ക് താഴാൻ തുടങ്ങി. ശ്വാസം കിട്ടാതെ വന്നപ്പോൾ പിടി വിടേണ്ടി വന്നു. പരമാവധി ശ്രമിച്ചിട്ടും രക്ഷിക്കാൻ സാധിച്ചില്ല..."
തുടർന്ന് താഴെ ഓടിപ്പോയി വിവരം അറിയിച്ചതിനെ തുടർന്ന്
ഓടിയെത്തിയ നാട്ടുകാരിലൊരാൾ സാഹസികമായി മുങ്ങിത്തപ്പിയാണ് പത്ത് മിനിറ്റിന് ശേഷം അജിയെ കരയ്ക്കെത്തിച്ചത്.
ഉടൻ തന്നെ മകൻ ഏബലിനെയും കൂട്ടി സുഹൃത്തുക്കൾ അജിയെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സിപിആർ നൽകി ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണവാർത്ത അറിയിക്കാതെ
നെല്ലിക്കുന്ന് സഭയിൽ നിന്നെത്തിയവർ വിങ്ങുന്ന ഹൃദയത്തോടെ മകൻ ഏബലിനെ ചേർത്തുപിടിച്ചിരിക്കുകയായിരുന്നു.അൽപ്പസമയത്തിന് ശേഷം അജിയുടെ ഭാര്യയുമായി അയൽവാസിയും ആൽപ്പാറ സഭാംഗവുമായ തമ്പി ആശുപത്രിയിലെത്തി. ആശുപത്രിയിൽ വെച്ച് അമ്മയുടെ നിലവിളി കേൾക്കും വരെ, തൻ്റെ അപ്പൻ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഏബലിന് കഴിഞ്ഞില്ല. ഏബലിനെ കൂടാതെ 15 വയസ്സുള്ള മകളുണ്ട് അജിക്ക്.
ഭവനത്തിലെ ശുശ്രൂഷകൾക്ക് നെല്ലിക്കുന്ന് ഐപിസി ഇമ്മാനുവേൽ
സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജി മോൻ K യും
സെമിത്തേരിയിലെ ശുശ്രൂഷകൾ
സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജും നേതൃത്വം നല്കി.
സഹോദരന്റെ
അപ്രതീക്ഷിത വിയോഗത്തിൽ ഉലഞ്ഞുപോയ കുടുംബത്തിനും, കൺമുന്നിൽ മരണം കാണേണ്ടി വന്ന ഏബലിനും ദൈവീക ആശ്വാസം ലഭിക്കുവാൻ ഏവരും പ്രാർത്ഥിക്കുക.
Advertisement





























































































