ഗുണ്ടർട്ട് സ്മൃതി ഇന്ന് ജൂലൈ 23 ന്
കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതിന്റെ 187-ാം വാർഷികത്തിൽ ഒരു ഓർമ്മപ്പെടുത്തൽ
സാം കൊണ്ടാഴി
തലശ്ശേരി: 1839 ജൂലൈ 23-നാണ് ജർമൻ മിഷനറിയും ഭാഷാശാസ്ത്രജ്ഞനുമായ ഡോ. ഹെർമൻ ഗുണ്ടർട്ട് ആദ്യമായി കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയത്. മലയാള ഭാഷയുടെയും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെയും ഗതിമാറ്റത്തിന് വഴിയൊരുക്കിയ ഈ ചരിത്രദിനത്തിന്റെ സ്മരണാർത്ഥം, 2026 ജൂലൈ 23-ന് തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് സ്മാരകത്തിൽ “ഗുണ്ടർട്ട് സ്മൃതി” എന്ന പേരിൽ ദിനാചരണം സംഘടിപ്പിക്കുന്നു. ഹെർമൻ ഗുണ്ടർട്ട് എജ്യൂക്കേഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി, മലയാള ഭാഷയ്ക്കും വിദ്യാഭ്യാസത്തിനും അച്ചടിക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
“മലകളിലെല്ലാം പച്ചപ്പ്; വരണ്ട കർണാടക ദേശം കടന്നുവരുന്നവന് ഈ നാട് ദൈവത്തിന്റെ തോട്ടമാണ്” എന്നായിരുന്നു ഗുണ്ടർട്ട് മലബാറിനെ വിശേഷിപ്പിച്ചത്. ആ “ദൈവത്തിന്റെ തോട്ടം” അദ്ദേഹം സ്വന്തം പ്രവർത്തനഭൂമിയാക്കി മാറ്റി.
1814 ഫെബ്രുവരി 4-ന് ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ ജനിച്ച ഗുണ്ടർട്ട്, 1838-ൽ ബാസൽ മിഷന്റെ ഭാഗമായി ഇന്ത്യയിലെത്തി. പിന്നീട് തലശ്ശേരിയും ചിറയ്ക്കലും കേന്ദ്രമാക്കി പ്രവർത്തിച്ച അദ്ദേഹം മലയാള ഭാഷയെയും സംസ്കാരത്തെയും ആഴത്തിൽ പഠിച്ചു. പനി ബാധിച്ച് സംസാരശേഷി താൽക്കാലികമായി നഷ്ടപ്പെട്ട കാലഘട്ടം പോലും അദ്ദേഹം മലയാളത്തിനുവേണ്ടിയുള്ള രചനകളുടെ സമയമാക്കി മാറ്റി.
‘മലയാളം–ഇംഗ്ലീഷ് നിഘണ്ടു’, ‘മലയാളഭാഷാ വ്യാകരണം’, ബൈബിൾ വിവർത്തനം, പഴഞ്ചൊല്ലുകളുടെ സമാഹാരം, പാഠപുസ്തകങ്ങൾ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകളാണ്. സ്വന്തമായി സ്ഥാപിച്ച അച്ചടിശാലയിൽ നിന്നാണ് മലയാളത്തിലെ ആദ്യകാല വാർത്താപത്രികകളായ ‘രാജ്യസമാചാരം’ (1847), ‘പശ്ചിമോദയം’ എന്നിവ പ്രസിദ്ധീകരിച്ചത്. ‘കേരളോൽപത്തി’ പോലുള്ള കൃതികളുടെ പ്രസിദ്ധീകരണവും മലയാള സാഹിത്യചരിത്രത്തിൽ ശ്രദ്ധേയമാണ്.
ഹീബ്രു, ഗ്രീക്ക്, ലാറ്റിൻ, സംസ്കൃതം ഉൾപ്പെടെ നിരവധി ഭാഷകളിൽ പ്രാവീണ്യം നേടിയ ഗുണ്ടർട്ടിനെ ജീവചരിത്രകാരന്മാർ “പറുദീസയിലെ ഭാഷാപണ്ഡിതൻ” എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകപ്രശസ്ത നോബൽ ജേതാവായ ജർമൻ സാഹിത്യകാരൻ ഹെർമൻ ഹെസ്സെ അദ്ദേഹത്തിന്റെ കൊച്ചുമകനാണ്.
1893 ഏപ്രിൽ 25-ന് ജർമനിയിൽ അന്തരിച്ചെങ്കിലും, ഗുണ്ടർട്ടിന്റെ പൈതൃകം ഇന്നും മലയാളത്തിന്റെ ഹൃദയത്തിൽ ജീവിക്കുന്നു. ലിപി, വ്യാകരണം, നിഘണ്ടു, അച്ചടി, വിദ്യാഭ്യാസം, ഭാഷാപഠനം, ബൈബിൾ വിവർത്തനം എന്നിവയിലൂടെ അദ്ദേഹം പാകിയ അടിത്തറയാണ് ആധുനിക മലയാളത്തിന്റെ വളർച്ചയ്ക്ക് ശക്തി പകർന്നത്.
മലയാളം അദ്ദേഹത്തിന്റെ മാതൃഭാഷയായിരുന്നില്ല. എന്നാൽ മലയാളത്തെ സ്വന്തം ഭാഷയെപ്പോലെ സ്നേഹിക്കുകയും അതിന്റെ വളർച്ചയ്ക്കായി ജീവിതം സമർപ്പിക്കുകയും ചെയ്തതിനാലാണ് ഡോ. ഹെർമൻ ഗുണ്ടർട്ടിനെ മലയാളികൾ ഇന്നും ആദരവോടെ “മലയാളത്തിന്റെ പ്രിയസുഹൃത്ത്” എന്ന് വിളിക്കുന്നത്.
കേരളത്തിൽ നിന്ന് മടങ്ങുമ്പോൾ ഗുണ്ടർട്ട് തന്റെ കൈവശമുണ്ടായിരുന്ന വിലപ്പെട്ട മലയാള പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം അദ്ദേഹം പഠിച്ച ജർമനിയിലെ റ്റ്യൂബിങ്ങൻ സർവകലാശാല ലൈബ്രറിക്ക് കൈമാറി. ഈ അമൂല്യ ശേഖരം പതിറ്റാണ്ടുകളോളം അവിടെ സൂക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് മലയാള ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഗുണ്ടർട്ട് പഠനങ്ങൾക്ക് പുതിയൊരു ദിശ തുറന്നു.
സമീപകാലത്ത് റ്റ്യൂബിങ്ങൻ സർവകലാശാലയുടെ സഹകരണത്തോടെ, ഷിജു അലക്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിജിറ്റൽ സംരക്ഷണ പ്രവർത്തനങ്ങളുടെയും ഗ്രന്ഥപ്പുര (Granthappura) എന്നിവയുടെ പങ്കാളിത്തത്തിന്റെയും ഫലമായി ഈ അപൂർവ ശേഖരത്തിന്റെ വലിയൊരു ഭാഗം ഡിജിറ്റലൈസ് ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ബെഞ്ചമിൻ ബെയിലിയുടെ ആദ്യകാല ബൈബിൾ പതിപ്പുകൾ, ഗുണ്ടർട്ടിന്റെ ബൈബിൾ വിവർത്തനങ്ങൾ, മലയാളം–ഇംഗ്ലീഷ് നിഘണ്ടു, മലയാളഭാഷാ വ്യാകരണം, കേരളോൽപത്തി, കൈയെഴുത്തുപ്രതികൾ, പഴഞ്ചൊല്ലുകളുടെ സമാഹാരങ്ങൾ തുടങ്ങി നൂറുകണക്കിന് അപൂർവരേഖകൾ ഇന്ന് ഗവേഷകർക്കും പൊതുജനങ്ങൾക്കും ഓൺലൈനിൽ ലഭ്യമാണ്. ഈ ഡിജിറ്റൽ ശേഖരങ്ങൾ മലയാളത്തിന്റെ അച്ചടി, ഭാഷ, സാഹിത്യം, ബൈബിൾ വിവർത്തനം എന്നിവയുടെ ചരിത്രം പഠിക്കുന്നവർക്ക് അമൂല്യമായ ഗവേഷണസ്രോതസ്സായി മാറിയിരിക്കുകയാണ്.
ഡിജിറ്റലൈസ് ചെയ്ത ഗുണ്ടർട്ട് ശേഖരം കാണാൻ:
https://gpura.org/item/1843-keralolpathi
https://gundert-portal.de/?page=scope
Advertisement



































































