അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം 

അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം 

അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം

ഷാജൻ പാറക്കടവിൽ

ഡൊമനിക്ക് ലാപ്പിയർ എന്ന ഫ്രഞ്ചുക്കാരന്റെയും ലാരി കോളിൻസ് എന്ന അമേരിക്കക്കാരന്റെയും മൂന്നുവർഷത്തെ നീണ്ട ഗവേഷണ ഫലമായി പിറന്ന വിഖ്യാത ഗ്രന്ഥമാണ് ” ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്”. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അകപുറം തേടിയുള്ള ഒരു യാത്ര. സ്വാതന്ത്ര്യസമരത്തിലെ അപൂർവ്വ മുഹൂർത്തങ്ങളും അറിയാകഥകളും സഹനമെന്ന സമരായുധത്തിലൂടെ വൈദേശികാധിപത്യത്തിനെതിരെ നടത്തിയപ്പോൾ മുന്നേറ്റത്തിൽ ജീവൻ ബലിയർപ്പിച്ച ആയിരങ്ങളുടെ ജീവിതകഥകളും, സംഭവങ്ങളും അധികാരിക രേഖകളുടെ പിൻബലത്തിൽ രചിക്കപ്പെട്ട “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ “ ആഗോള പ്രശംസ പിടിച്ചുപറ്റി.  മറ്റൊരു കൃതിക്കും ലഭിക്കാത്ത പ്രചാരവും അംഗീകാരവും ഈ കൃതിക്ക് ലഭിച്ചു.

ഇതൊരു രാഷ്ട്രീയ ചരിത്രകൃതിമാത്രമല്ല.  മറിച്ച് ഒരു ജനതയുടെ പറിച്ചു മാറ്റപ്പെട്ട സ്വത്വം പുന:സ്ഥാപിക്കുവാൻ സഹനം എന്ന സംസ്കാരം സമരായുധമാക്കിയ ഒരു ജനതയുടെ ജീവിതകഥ കൂടിയാണ്. ഭാരതത്തിന്റെ വൈവിധ്യ മുഖങ്ങൾ ഇത്രയധികം അധികാരികമായി അനാവരണം ചെയ്യപ്പെട്ട കൃതി വേറെയില്ല. സ്വാതന്ത്ര്യത്തിന്റെ  എഴുപത്തിയെട്ടാം പിറന്നാൾ ആഘോഷവേളയിൽ പുനർവായനയ്ക്ക് വിധേയപ്പെടുത്തണം ഇത്തരം കൃതികൾ.ആധുനികതയുടെ വർണ്ണച്ചാത്തുകളിൽ പുതിയ ഇന്ത്യയെ വരച്ചുതീർക്കാതെ വൈദേശികാധിനിവേശത്തിൽ അവർ തീറെഴുതിയെടുത്ത ഭാരതത്തിന്റെ അവകാശങ്ങൾ തിരിച്ചുപിടിക്കുമ്പോൾ തീരാനഷ്ടങ്ങളുടെ ഭാണ്ഡവും പേറി കേവല സ്മരണകളായി അന്ത്യവിശ്രമം കൊള്ളുന്നവരെയും, കൊള്ളുന്നവയുടെയും ജീവിത ഏടുകൾ ചേർത്തു വയ്ക്കുമ്പോൾ ആണ് ഒരുപരിധിവരെ ഇന്ത്യയുടെ ചിത്രം പൂർണമാകുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യം ഉപഭൂഖണ്ഡത്തിൽ ചരിത്രപരമായ പല പരിവർത്തനങ്ങൾക്കും കാരണമായി തീർന്നു. ലോക ജനസംഖ്യയുടെ അഞ്ചിലൊന്നു ഉൾക്കൊള്ളുന്ന ഇന്ത്യയും പാക്കിസ്ഥാനുമെന്ന രണ്ട് രാഷ്ട്രങ്ങൾ ജനിച്ചു.  ഒരു കോടിയിലധികം ജനങ്ങൾ സ്വഭവനങ്ങളിൽ നിന്നും പിഴുതെറിയപ്പെട്ടു എറിയപ്പെട്ടു. രണ്ടര ലക്ഷത്തോളം പേർ വധിക്കപ്പെട്ടു. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹനത്തിന് ലോകം സാക്ഷ്യം  വഹിച്ചു. ജന്മാവകാശമെന്ന സ്വാതന്ത്ര്യത്തിന്റെ മേൽ ആയുധമേന്തി  അധികാരം ഉറപ്പിച്ചവരെ നിരായുധ ചെറുത്തുനിൽപ്പിലൂടെ കടൽ കടത്തിയ സമര കഥ ലോകം അതിശയത്തോടെ വീക്ഷിച്ചതും ഈ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ വിജയ ഘടകങ്ങളിൽ ഒന്നാണ്. 

ഒരു അർദ്ധരാത്രിയിൽ, 1947 ആഗസ്റ്റ് 15-ന് ഭാരത ത്തിന്റെ മണ്ണിൽ സ്വാതന്ത്ര്യത്തിന്റെ  പതാക ഉയർന്നു പറന്നപ്പോൾ ഭാരതീയത നെഞ്ചിലേറ്റിയ സ്വാതന്ത്ര്യം വെളിച്ചം വിതറിയ പുലരിയുടെതായിരുന്നു. സ്വത്വം  നഷ്ടപ്പെട്ടുപോയ ജനത അത് വീണ്ടെടുത്തപ്പോൾ സ്വാതന്ത്ര്യത്തിന്റെ എല്ലാ അർത്ഥതലങ്ങളും ആവോളം ആസ്വദിക്കാമെന്ന് അവർ മോഹിച്ചു പോയി. സ്വതന്ത്ര ഭാരതത്തിന്റെ അസ്ഥിത്വം തന്നെ അതിന്റെ ഭരണഘടനയിലാണ്  നിലകൊള്ളുന്നത്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും അനുഭവിക്കുവാനുള്ള ഒരു പൗരന്റെ അവകാശം കേവലം മോഹമായി മാത്രം മാറുന്ന ദയനീയ കാഴ്ച ഏറെ നൊമ്പരപെടുത്തുന്നു. വർത്തമാനകാല ഭാരതത്തിൽ മത,വർഗ്ഗ ജാതീയ വിശ്വാസ ആചാര വേർതിരിവുകൾ, രാഷ്ട്രീയ ധ്രൂവീകരണം, മാറ്റിത്തര  വിധ്വംസ പ്രവർത്തനങ്ങൾ തുടങ്ങി  ഭാരതത്തെ പങ്കുവയ്ക്കുന്ന വർത്തമാനകാല സംഭവങ്ങൾ സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിമിർപ്പിലും പാരതന്ത്ര്യത്തിന്റെ കരുവാളിച്ച മുഖമായി നിൽക്കുന്ന പൗരന്റെതായി മാറുന്നു. ഇന്നും ചിലർക്ക് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ പുലരിയുടെ പുതിയ വെളിച്ചം കാണാൻ അവർക്ക് അർഹതയില്ലെന്നും വിധിക്കുന്നവരുടെ ആക്രോശങ്ങൾ പെരുമ്പറ മുഴക്കുമ്പോൾ എങ്ങനെയാവും സ്വാതന്ത്ര്യത്തിന്റെ ഗീതകങ്ങൾ ഏറ്റു പാടുക. ഔദാര്യമില്ലാത്ത അവകാശമാണ് സ്വാതന്ത്ര്യമെന്ന് ഉറക്കെ പറയാൻ  ധൈര്യമുണ്ടാകാത്ത കാലമത്രെയും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തന്നെയാണ്.  നേരം വെളുത്തിട്ടും അത് അറിയാതിരിക്കുന്നത് അറിയിക്കാതിരിക്കുക ഒരുതരത്തിൽ അധിനിവേശം തന്നെയാണ്.  അനുവദിക്കണം നാം മറ്റുള്ളവരെ ആവോളം അനുഭവിക്കുവാനും ആസ്വദിക്കുവാനും പുലരിയിൽ പിറന്ന ഈ സ്വാതന്ത്ര്യം നമുക്ക് ആവോളം ആസ്വദിക്കാം.

സ്വതന്ത്ര ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയേട്ടാമത് ജന്മദിനം ആഘോഷിച്ചു അതിന്റെ ആവേശതിമിർപ്പിലാണ് .സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ ചെങ്കോട്ടയിൽ ഉയർന്ന ത്രിവർണ്ണ പതാക നാടെങ്ങും ഉയർത്തിക്കെട്ടിയും വീടുകളുടെ പൂമുഖങ്ങൾ അലങ്കരിച്ചും ഓഫീസുകളും മറ്റ് സർക്കാർ കേന്ദ്രങ്ങളിലും സംവിധാനങ്ങളിലും പതാക ഉയർത്തിയും ആഘോഷിക്കുകയാണ് ഇപ്പോൾ ഭാരത ജനത. സ്വാതന്ത്ര്യത്തിന്റെ മൂല്യം നന്നായി തിരിച്ചറിഞ്ഞു അത് ആവോളം ആസ്വദിക്കുന്ന ജനത സ്വാതന്ത്ര്യം നേടിത്തന്ന അവകാശങ്ങളെക്കുറിച്ച് അജ്ഞരാകരുത് ഈ ജന്മദിന ആഹ്ലാദങ്ങൾക്കിടയിൽ.

ബഹുസ്വരതയുടെ നാടായി അറിയപ്പെടുന്ന ഭാരതം നാനാത്വത്തിൽ ഏകത്വം എന്ന ആപ്തവാക്യം ഉയർത്തി സർവ്വമതങ്ങളുടെയും ആശയ വിശ്വാസപ്രമാണങ്ങൾക്കും ആരാധന ആചാര രീതികൾക്കും അനുഷ്ഠാനങ്ങൾക്കും ഒരുപോലെ സ്വാതന്ത്ര്യവും അംഗീകാരം നൽകുകയും എല്ലാ മതങ്ങളെയും അവയുടെ കാഴ്ചപ്പാടുകളെയും പരസ്പരം അംഗീകരിക്കുകയും അത് സ്വീകരിച്ച് വ്യക്തിസ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുവാൻ അനുവാദം നൽകുകയും  ചെയ്യുന്ന നാടായി നമ്മൾ അറിയപ്പെടുന്നുവെങ്കിലും നമ്മൾ ഉയർത്തിപ്പിടിക്കുന്ന ഈ സംസ്കാര സമ്പന്നത എത്രത്തോളം ഈ വർത്തമാനകാലത്തിൽ പ്രാവർത്തികമാകുന്നുയെന്നത് പുനർ വിചിന്തനത്തിന് വിധേയപ്പെടുത്തേണ്ടവ തന്നെയാണ്.  മതനിരപേക്ഷതയിലും ജനാധിപത്യ മൂല്യങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലും തുടങ്ങി ഒരു വ്യക്തിയുടെ ആശയ രൂപീകരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒപ്പം  വ്യക്തിയെ ബാധിക്കുന്ന സമസ്ത മേഖലകളിലും പൂർണ്ണ സ്വാതന്ത്ര്യവും അവകാശവും നൽകുന്ന ഭരണഘടന നമുക്കുണ്ടെന്നുള്ളതും ഭരണഘടന ഉറപ്പു നൽകുന്ന എല്ലാ അവകാശങ്ങളും അനുഭവിക്കാനുള്ള നിയമപരിരക്ഷയും സാധൂകരിക്കപ്പെട്ടിട്ടുള്ളത് ഭാരതത്തെ ജനാധിപത്യ മൂല്യവും ബോധവുമുള്ള രാഷ്ട്രമായി ലോക ജനത മാതൃകയാക്കുന്നു. എന്നാൽ ഈ അവകാശങ്ങൾ വ്യക്തികളിലേക്ക് വികേന്ദ്രീകരിക്കപ്പെടുമ്പോൾ അതിൽ എത്രത്തോളം നിയമപരിരക്ഷ ലഭിക്കുന്നു എന്നുള്ളതും പ്രാവർത്തിക തലത്തിൽ  എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നു എന്നുള്ളതും വർത്തമാനകാല സംഭവങ്ങളുടെ വെളിച്ചത്തിൽ ചർച്ചയ്ക്ക് വിധേയപ്പെടുത്തേണ്ടതാണ്.

 തുല്യതയ്ക്കും  വിശ്വാസ സ്വീകരണത്തിനും  അഭിപ്രായത്തിനും വ്യക്തിസ്വാതന്ത്ര്യം നൽകുകയും അത് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുകയും ചെയ്യുന്നത് വർത്തമാനകാല അനുഭവങ്ങളിൽ നിന്നും ഓരോ പൗരനും ചിന്തിച്ചു തുടങ്ങും വൈദേശികാധിപത്യത്തിന്റെ പുതിയ ഉല് പ്പന്നങ്ങളായി നമ്മൾ നേടിയ സ്വാതന്ത്ര്യം മാറിയോ എന്ന്.നമുക്ക് ലഭിച്ച സ്വാതന്ത്ര്യവും ഭരണഘടന നൽകുന്ന അവകാശങ്ങളും മറ്റൊരുവന്റെ സ്വാതന്ത്ര്യത്തിൻമ്മേൽ കൂര കെട്ടി ഉറപ്പിക്കാനുള്ള കയ്യൂക്കായി മാറുന്നെങ്കിൽ സംശയിക്കേണ്ട നാം ഇന്നും അധികാരത്തിന്റെ മേലെങ്കി അണിഞ്ഞ വെള്ളക്കാരന്റെ ജാര സന്തതികൾ തന്നെ. തുല്യതയും ദേശീയതയും ജനാധിപത്യവും മത നിരപേക്ഷതയും ബഹുസ്വരതയും  നാനാത്വത്തവും ഒക്കെ ജനാധിപത്യം ബോധമുള്ള ഏതൊരു പൗരന്റെ ഉള്ളിലും നാവിൻ തുമ്പിലും പൗരബോധത്തോടൊപ്പം ഉണരുന്ന ചില കാല്പനിക പദങ്ങളായി മാത്രം മാറുന്ന കാഴ്ച ഈ ജന്മദിനാഘോഷവേളകളിലും നമ്മെ ഏറെ നൊമ്പരപ്പെടുത്തുന്നു. സ്വാതന്ത്ര്യം എന്നത് ജന്മാവകാശമാണ്.ഈ അവകാശം മറ്റൊരാൾക്ക് തീറെഴുതി കൊടുത്തിട്ട് അവരുടെ ഔദാര്യത്തിൽ ജീവിക്കേണ്ടി വരുന്ന ഗതികേട് ഉയർന്ന ജനാധിപത്യം മൂല്യങ്ങൾ ഉയർത്തുന്നവർക്ക് എന്നും നൊമ്പരങ്ങൾ തന്നെയാണ്. ബഹുസ്വരതയുടെ നാടെന്ന ആഗോള അംഗീകാരം നേടിയെടുക്കുന്ന നമ്മുടെ ഭാരതത്തിൽ സമീപകാലത്ത് അനുഭവിക്കേണ്ടി വന്നതും ഇന്നും തുടർന്നു കൊണ്ട് ഇരിക്കുന്നതുമായ ന്യൂനപക്ഷ പീഡനങ്ങൾ, വംശീയാധിക്ഷേപങ്ങൾ, നിയമപരമല്ലാത്ത കൈയേറ്റങ്ങൾ, തെളിവുകളുടെ പിൻബലമില്ലാതെ ചാർത്തപ്പെട്ട കുറ്റങ്ങൾ ആരോപണ വിധേയമാക്കി ന്യൂനപക്ഷങ്ങളെ  വിശ്വാസപ്രചാരകരെ സാമൂഹിക പ്രവർത്തകരെ  ജയിൽ അറകളിൽ അടയ്ക്കുന്ന സംഭവങ്ങളും ബഹുഭൂരിപക്ഷങ്ങളുടെ നിയമനിർമ്മാണങ്ങളും  ഈ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പുനർവിചിന്തനത്തിന് വിധേയപ്പെടുത്തേണ്ടതാണ്.

 സ്വാതന്ത്ര്യം എന്ന ജന്മാവകാശം  പാരതന്ത്ര്യം എന്ന കൈവിലങ്ങ് അണിഞ്ഞ്  അനുഭവിക്കേണ്ടിവരുന്ന ഗതികേട് പൗരബോധമുള്ള ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്നും ഒരു പ്രഹേളികയാണ്. പിറന്ന മണ്ണിൽ നീതി നിഷേധിക്കപ്പെട്ടാൽ സ്വതം നഷ്ടപ്പെട്ട ഒരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടുന്നു. അവരുടെ കൈ കാലുകളിൽ വിലങ്ങണി യിച്ചിട്ട് സ്വാതന്ത്ര്യം ആവോളം മൂഞ്ചി കുടിക്കൂ എന്ന് ആക്രോശിക്കുന്നവരുടെ നീണ്ട നിര വ്യക്തമായ  അജണ്ടകൾ നടപ്പിൽ വരുത്തുന്ന വ്യാജ രാജ്യസ്നേഹികൾ എന്ന പേരിൽ നമ്മൾ പിറന്ന മണ്ണിൽ ഉയരുന്നു.

പിറന്ന മണ്ണിന്റെ ജന്മദിനാഘോഷവേളകളിൽ  നൊമ്പരം ഇല്ലാതെ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ഗീതകങ്ങൾ ഉറക്ക പാടാൻ എന്ന്‌ നമുക്ക് കഴിയുമോ  ആ പുലരിയിൽ ആയിരിക്കും നാം യഥാർത്ഥ സ്വാതന്ത്ര്യം പ്രാപിച്ചവർ എന്ന് അവകാശപ്പെടാൻ കഴിയുക. സ്വാതന്ത്ര്യം അത് അവകാശമാണ് ഔദാര്യമല്ല.