പ്രോത്സാഹനങ്ങൾ: അത് നമ്മെ വളർത്തും
മറക്കാനാവാത്ത ഓർമകൾ 6
പ്രോത്സാഹനങ്ങൾ: അത് നമ്മെ വളർത്തും
സി.വി. മാത്യു
‘ഞാനിപ്പോൾ കുമ്പനാട്ടേക്കല്ല പോകുന്നത്, ബ്രദർ ഈ കവർ കുഞ്ഞൂഞ്ഞിനു അയച്ചുകൊടുക്കുക, എഡിറ്റ് ചെയ്യേണ്ട എന്ന് ഞാൻ പറഞ്ഞതായും അറിയിക്കുക’.
ഞാനെഴുത്ത് ആരംഭിച്ചു കുറച്ചു കഴിഞ്ഞപ്പോൾ, ഒരിക്കൽ കെ.ഇ. എബ്രഹാം സാർ ആൽപ്പാറ കൺവെൻഷന് പ്രസംഗകനായി എത്തി. സാർ മടങ്ങി പോകുവാൻ ഒരുങ്ങുമ്പോൾ അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയോടെ ഞാൻ ഒരു ലേഖനം അടങ്ങിയ കവർ സാറിനെ ഏൽപ്പിക്കുവാൻ ശ്രമിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് മുകളിൽ കുറിച്ചത്. എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത പ്രചോദനം നൽകിയ ഒരു അനുഭവമായിരുന്നു അത്.

തക്കസമയത്ത് നാം പറയുന്ന ഒരു വാക്ക് മറ്റൊരാളുടെ വളർച്ചക്ക് പ്രയോജനമായിരിക്കും. എങ്കിലും ഇപ്രകാരം പ്രോത്സാഹനം നൽകുവാൻ നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. പ്രോത്സാഹനം ലഭിക്കുന്നവർ അത് തുറന്നു പറയുവാൻ ശ്രമിക്കാറുമില്ല.
ഒന്ന് രണ്ട് അനുഭവം എന്റെ ഓർമ്മയിലുണ്ട്. ഞാൻ എഴുത്ത് ആരംഭിച്ച കാലഘട്ടം. ഇന്നത്തെപ്പോലെ വിവരങ്ങൾ ശേഖരിക്കുവാൻ ഗൂഗിളിന്റെയോ ഇന്റർനെറ്റിന്റെയോ സഹായം തേടുവാൻ യാതൊരു സാധ്യത ഇല്ലായിരുന്നു. വല്ലതും വായിച്ചു പഠിച്ചു ലഭിക്കുന്ന അറിവ് മാത്രമാണ് എന്തെങ്കിലും എഴുതാൻ ഉപയോഗിച്ചിരുന്നത് എങ്കിലും, കുറച്ചെങ്കിലും പ്രയോജനം ഉണ്ടായതുകൊണ്ടാണ് പ്രശസ്ത എഴുത്തുകാർ മാത്രം അന്ന് എഴുതിയിരുന്ന സീയോൻ കാഹളത്തിൽ എന്റെ ലേഖനങ്ങളും ഉൾപ്പെടുത്തുവാൻ പത്രാധികൾ ശ്രമിച്ചത്.
വളരെ കാലങ്ങൾക്ക് ശേഷം ഗുഡ്ന്യൂസ് ക്രമീകരിച്ച ഒരു പഠന ക്ലാസിൽ ഫീച്ചറിനെക്കുറിച്ച് പഠിപ്പിക്കുവാൻ വിളിച്ചിരുന്നത് മനോരമ എഡിറ്ററായ ബ്രദർ ജോജി ടി. സാമുവലിനെ ആയിരുന്നു. അദ്ദേഹം പറഞ്ഞ ഒരു കമൻറ് മറക്കാൻ കഴിയില്ല. ഫീച്ചറിന് ഉദാഹരണം തേടി മറ്റെങ്ങും പോകേണ്ട പിവൈപിഎ സിൽവർ ജൂബിലി സുവനീറിലെ അവസാനത്തെ റിപ്പോർട്ട് വായിച്ചാൽ മതി. ആ വാചകം എനിക്ക് പ്രോത്സാഹനമായിരുന്നു.
യുവജന കാഹളം ആരംഭിച്ചത് കഴിവുള്ള എഴുത്തുകാരുടെ എണ്ണം വളരെ കുറവുള്ള കാലഘട്ടത്തിൽ ആയിരുന്നു. ലേഖനം അയക്കുന്നവരെ പരമാവധി പ്രോത്സാഹിപ്പിക്കുവാൻ ഞാൻ ശ്രമിച്ചിരുന്നു. നിലവാരം കുറഞ്ഞ ലേഖനം ആണെങ്കിലും അല്പം തിരുത്തൽ വരുത്തി പ്രസിദ്ധീകരിക്കാൻ കഴിയുമെങ്കിൽ ഞാൻ അതിന് ശ്രമിച്ചിരുന്നു.
അവർക്കുള്ള അനുഭവങ്ങൾ പങ്കുവെച്ച രണ്ടുപേരുടെ കാര്യം പലപ്പോഴും ഞാൻ ഓർക്കാറുണ്ട്.
ഇപ്പോൾ അമേരിക്കയിൽ ആയിരിക്കുന്ന ബ്രദർ ജോയ് തുമ്പമൺ, കോഴിക്കോട് ഐപിസി സെൻ്റർ പാസ്റ്റർ ബാബു എബ്രഹാം എന്നിവർ രണ്ട് സന്ദർഭങ്ങളിലായി അവരുടെ അനുഭവങ്ങൾ കുറിച്ച് അയച്ചത് ഓർക്കുന്നു. പച്ച മഷിയിൽ അന്ന് ഞാൻ അയച്ച നിർദ്ദേശങ്ങൾ അവർക്ക് എഴുതുവാൻ വളരെ പ്രോത്സാഹനം നൽകി എന്ന് കേട്ടത് എനിക്ക് സന്തോഷം നൽകി. ഇത്തരം അനുഭവങ്ങൾ ഉള്ള പലരുണ്ടെങ്കിലും പറയാതിരിക്കുന്നതാണെ ന്ന് കരുതുന്നു.
ഗുഡ്ന്യൂസ് മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തിൽ എഡിറ്റിംഗ് കൂടാതെ ഉപയോഗിക്കാൻ കഴിയാത്ത നിരവധി ലേഖനങ്ങൾ ലഭിക്കാറുണ്ട്. അവ ചവിട്ടുകൊട്ടയിൽ കളയാതെ സമയം കിട്ടുമ്പോൾ വീണ്ടും വായിച്ച് പരമാവധി വിശദീകരിക്കുവാൻ ശ്രമിച്ചത് ഓർമ്മയിലുണ്ട്.
ഒരു നെഗറ്റീവ് പ്രതികരണം കൂടെ ഇവിടെ പ്രസക്തമാണെന്ന് കരുതുന്നു. ഞാൻ പ്രീ യൂണിവേഴ്സിറ്റി ക്ലാസിൽ പഠിക്കുന്ന കാലം. കോളേജ് മാഗസിനിലേക്ക് രചനകൾ ക്ഷണിച്ചുകൊണ്ടുള്ള ഒരറിയിപ്പ് നോട്ടീസ് ബോർഡിൽ കണ്ടു. വളരെ ചിന്തിച്ച് എന്തോ ഒരു ചെറിയ രചനയുണ്ടാക്കി കവറിലാക്കി സൂക്ഷിച്ചു. അധ്യാപകരെയും മറ്റ് ഭാരവാഹികളെയും ഒക്കെ പരിചയപ്പെട്ടു വരുന്നേയുള്ളൂ. മലയാളം ക്ലാസ് എടുക്കാൻ വന്ന മാഗസിൻ കമ്മിറ്റിയിൽപെട്ട അധ്യാപകൻ ക്ലാസെടുത്തു പോകുമ്പോൾ ഈ കവറുമായി അദ്ദേഹത്തെ സമീപിച്ച് സൗമ്യമായി ഞാൻ ചോദിച്ചു. 'സാർ ഈ കവർ ഒന്ന് മാഗസിൻ എഡിറ്ററെ ഒന്ന് ഏൽപ്പിക്കാമോ'. പരുഷഭാവത്തിലുള്ള അദ്ദേഹത്തിൻറെ മറുപടി വിചിത്രമായിരുന്നു 'I am I your peoun ? ' അതോടെ എൻ്റെ മാഗസിൻ എഴുത്താഗ്രഹം അവസാനിച്ചു. ആ മറുപടിക്ക് പകരം കവർ ഇന്ന സ്ഥലത്തെത്തിച്ചാൽ മതി, എന്ന ഒരു നിർദ്ദേശം നൽകിയെങ്കിൽ അനുഭവ വ്യത്യസ്തമാകുമായിരുന്നു.
യുവജനകാഹളത്തിലേക്കും ഗുഡ്ന്യൂസിലേക്കും ലേഖനങ്ങൾ അയക്കുന്നവരെ നിരുത്സാഹപ്പെടുത്താതിരിക്കാൻ ഈ ഓർമ്മ എനിക്ക് പ്രേരകമായി.
ചിലപ്പോൾ നമ്മുടെ ഒരു വാക്കോ നോക്കോ പുഞ്ചിരിയോ മതിയാകും ഒരാളെ വളർത്തുവാനും തളർത്തുവാനും. നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുന്നതാകട്ടെ.
Advertisement




































































































