ഡോ. കെ. മുരളീധറിനും പാസ്റ്റർ ജോർജ് പി. ചാക്കോയ്ക്കും ആദരവ് നല്കി തമിഴ്നാട് എം.എൽ.എ

ഡോ. കെ. മുരളീധറിനും  പാസ്റ്റർ ജോർജ് പി. ചാക്കോയ്ക്കും ആദരവ് നല്കി തമിഴ്നാട് എം.എൽ.എ

ഗൂഡല്ലൂർ: വേദനിക്കുന്നവരു ടെയിടയിൽ ആശ്വാസമായെത്തിയ ഡോ. കെ. മുരളീധറിനെയും പാസ്റ്റർ ജോർജ് പി. ചാക്കോയേയും ആദരിച്ച് തമിഴ്നാട് എം.എൽ.എ പൊൻ ജയശീലൻ.

കഴിഞ്ഞ ദിവസം ഗൂഡല്ലൂർ ഓവേലി പഞ്ചായത്തിലെ സീ ഫോർത്ത് ഗ്രാമത്തിലെ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് മുഖ്യാതിഥിയെത്തിയ എം എൽഎ ഡോ.കെ.മുരളീധരിനെയും പാസ്റ്റർ ജോർജ് പി. ചാക്കോയേയും ആദരിച്ചത്.

'ഈ ഗ്രാമത്തിലെത്തിയ നിങ്ങളെ ആദരിക്കാതിരിക്കാൻ കഴിയില്ല. തീർത്തും അർഹരായ ഇവരെ നിങ്ങൾ എങ്ങനെ കണ്ടെത്തി. കിലോമീറ്ററുകൾ യാത്ര ചെയ്തു വേണം ഇവിടുള്ളവർ മെയിൻലാൻഡിൽ എത്തുവാൻ. അതിനാണെങ്കിൽ വേണ്ടത്ര യാത്ര സൗകര്യവുമില്ല. ഇവിടെ എത്തുക എന്നത് ഈ ഗ്രാമത്തിനു ലഭിക്കുന്ന ആദരവും കരുതലുമാണ്. ശരിയായ സ്നേഹമാണ് ഇപ്പോൾ ഇവിടെ സ്ഫുരിക്കുന്നത്. നിങ്ങളോരോരുത്തരോടും ആദരവു തോന്നുന്നുവെന്നും ' എംഎൽഎ പറഞ്ഞു. ചെറുതും മനോഹരവുമായ പ്രഭാഷണമാണ് ഗൂഡല്ലൂർ എംഎൽഎ. പൊൻ ജയശീലൻ നടത്തിയത്.

എംഎൽഎ മാർ ഉദ്ഘാടന പ്രസംഗം കഴിഞ്ഞാൽ മടങ്ങിപ്പോകുന്ന പതിവു വിട്ട് ജയശീലൻ എം.എൽ.എ വേദിയിൽ തുടർന്നു. മീറ്റിംഗിൻ്റെ ഇടയിൽ പേഴ്സനൽ അസിസ്റ്റൻ്റിനെ പൊന്നാട വാങ്ങിവരുവാൻ അയച്ചതൊന്നും ആരും അറിഞ്ഞില്ല. പൊന്നാടകൾ എത്തിക്കഴിഞ്ഞപ്പോൾ എം.എൽ.എ വീണ്ടും എഴുന്നേറ്റു വാക്കുകൾ തുടർന്നു.

'ഞാൻ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങളിലൂടെ ഞങ്ങൾക്കു തന്നതിനാൽ നിങ്ങളാണ് ആദരിക്കപ്പെടേണ്ടവർ. ആരാരും എത്താത്ത ഈ ഗ്രാമത്തെ സ്നേഹിച്ചെത്തിയ നിങ്ങൾക്ക് തമിഴ്നാടിന്റെ ആദരവ്. ഇന്ന് ഞാനല്ല ആദരവ് വാങ്ങേണ്ടത്, ഞാൻ നിങ്ങളെ ആദരിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ ഗ്രാമത്തിലെത്തി ഈ മഹത്കർമ്മം നിർവ്വഹിക്കുന്ന ഡോ.കെ.മുരളീധറിനെയും ജോർജ് പി ചാക്കോയെയും ആണ് ആദരിക്കേണ്ടത്, അവരെ ഞാൻ ആദരിക്കുന്നു ' എന്നു പറഞ്ഞു എം.എൽ.എ അവർക്കരികിലേക്കെത്തി ഷാൾ അണിയിച്ച് ആദരിച്ചു. ഗ്രാമം എഴുന്നേറ്റു നിന്നു കരഘോഷത്തോടെ അവരുടെയും സ്നേഹാദരവ് പ്രകടിപ്പിച്ചു.

അർഹിക്കുന്നിടങ്ങളിൽ എത്തിച്ചേർന്നു എന്നതിൻ്റെ നേരടയാളമായിരുന്നു ആ നിമിഷങ്ങൾ. പിന്നെയും മണിക്കൂറുകൾ എം.എൽ.എ യും ഗ്രാമാധികാരികളുമൊക്കെ ആ മലമുകളിൽ ജനങ്ങൾക്കിടയിൽ സമയം ചെലവഴിച്ചിട്ടാണ് മടങ്ങിയത്.

ഡോ.കെ.മുരളീധറിൻ്റെ നേതൃത്വത്തിൽ ബഥേൽ മെഡിക്കൽ മിഷനും ഒക്കലഹോമയിലെ പാസ്റ്റർ പി.സി. ജേക്കബിന്റെ നേതൃത്വത്തിൽ ഐ.സി. പി.എഫ് മെഡിക്കൽ ടീമുമാണ് ക്യാമ്പിൻ്റെ പാർട്ണറായി പ്രവർത്തിച്ചത്.

വികസനം ഒട്ടുമെത്താത്ത പാവപ്പെട്ടവർ മാത്രം താമസിക്കുന്ന ഗൂഡല്ലൂരിലെ സീഫോർത്തിൽ 18 വർഷങ്ങൾക്ക് മുമ്പാണ് ഒരു മെഡിക്കൽ ക്യാമ്പ് നടന്നത്. എല്ലാ വിധത്തിലും പ്രയാസമനുഭവിക്കുന്ന ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ സർക്കാരിനോടൊപ്പം വികസനമെത്തിക്കാനുള്ള പ്രയത്നത്തിലാണ് ന്യൂയോർക്കിലെ ക്രൈസ്റ്റ് ഏജി സഭ നേതൃത്വം നല്കുന്ന റേ ഓഫ് ലൗ ഡവലെപ്പ്മെന്റ് ഫൗണ്ടേഷനും.

ഇവിടെയുള്ളവർക്ക് ഏറ്റവും തൊട്ടടുത്ത ആശുപത്രിയിലെത്തണമെങ്കിൽ 20 കിലോമീറ്റർ താണ്ടി ഗൂഡല്ലൂർ ടൗണിലെത്തണം. കാടും കാട്ടരുവികളും താണ്ടി വീതി കുറഞ്ഞ റോഡിലൂടെ ദീർഘദൂരം നടന്നും മറ്റുംമാണ് ഇവിടെയുള്ളവർക്ക് പുറംലോകത്ത് എത്താനാവുക. മണിക്കൂറുകൾ കാത്തിരിരുന്നാൽ എത്തുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്, ജീപ്പ് എന്നിവയാണ് പ്രധാനയാത്രാമാർഗ്ഗം.

വിദ്യാഭ്യാസം , ആരോഗ്യം എന്നീ രണ്ടു പ്രോജക്ടുകളിലൂടെയാണ് റേ ഓഫ് ലൗ ഇവിടെ വികസന പരിപാടികൾ നടപ്പിലാക്കുന്നത്. ഇവിടെയുള്ള സ്കൂളുകളുടെ വികസനത്തിനും തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചും വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

പാസ്റ്റർ ജോർജ് പി. ചാക്കോ, ജോർജ് എബ്രഹാം വാഴയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്രൈസ്റ്റ് എ ജിയ്ക്കു വേണ്ടി റേ ഓഫ് ലൗ ഡവ. ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ജെയിംസ് ചാക്കോ റാന്നി, സജി മത്തായി കാതേട്ട് ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവരാണ്  ഭാരതത്തിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നത്.