ദൈവജനം ഉണരേണ്ട സമയം ആസന്നമായി: പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്
ഐപിസി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം
ചാക്കോ കെ തോമസ്, ബെംഗളൂരു
ബെംഗളുരു: "വർദ്ധിച്ച് വരുന്ന സാമ്പത്തിക സാമൂഹിക മുന്നേറ്റങ്ങളിൽ മതിമറന്ന് ഉറങ്ങുന്ന ദൈവജനം ഉണരേണ്ട സമയം ആസന്നമായെന്ന് " കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ പാസ്റ്റർ ഡോ.വർഗ്ഗീസ് ഫിലിപ്പ് പറഞ്ഞു.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 18-മത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
"ലോക സംഭവങ്ങൾ എല്ലാം സഭാ കാന്തനായ ക്രിസ്തുവിൻ്റെ പുരോഗമനം ഏറ്റവും അടുത്തുവെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ ദൈവജനം ആലസ്യത്തോടെ കഴിയാൻ പാടില്ല " എന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ സജി ചക്കുംചിറ അധ്യക്ഷനായിരുന്നു.
പാസ്റ്റർ പി.സി.ചെറിയാൻ (റാന്നി) മുഖ്യ പ്രഭാഷണം നടത്തി.
ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ
ദിവസവും വൈകിട്ട് 6 ന് ആരംഭിക്കുന്ന
കൺവെൻഷനിൽ ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ.കെ.എസ്.ജോസഫ്, സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ്, ഷിബു തോമസ് (ഒക്കലഹോമ ) എന്നിവർ പ്രസംഗിക്കും.
വെള്ളി രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം ശനി രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർമാരായ സജി ചക്കുംചിറ, ഡി.സൈറസ് (ജോയിൻ്റ് കൺവീനേഴ്സ്), പാസ്റ്റർ ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.