"എങ്ങനെയാ… എല്ലാം സെറ്റല്ലേ?"


"എങ്ങനെയാ… എല്ലാം സെറ്റല്ലേ?"
ad
ad
ad

"എങ്ങനെയാ… എല്ലാം സെറ്റല്ലേ?"

ജെസ്സൻ ജോൺ — അനുസ്മരണം

ഗുഡ്ന്യൂസ് കുവൈറ്റ് ടീമിനുവണ്ടി  ആൻ്റണി പെരേര അനുസ്മരിക്കുന്നു

ജെസ്സനെ കാണുമ്പോഴെല്ലാം കേൾക്കുന്ന ആ പതിവ് ചോദ്യം. മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി, വളരെ സ്വാഭാവികമായി ചോദിക്കുന്ന ആ വാക്കുകൾക്ക് ഇത്രയേറെ വിലയുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.

ജെസ്സനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് അദ്ദേഹം വഹിച്ച സ്ഥാനങ്ങളല്ല, മറിച്ച് എല്ലാവരോടും സ്നേഹത്തോടെ ഇടപഴകിയിരുന്ന ആ നല്ല മനുഷ്യനെയാണ്.

ഇന്നത്തെ തലമുറയിൽ സഭയ്ക്കും സഭാപ്രവർത്തനങ്ങൾക്കും ഇത്രയധികം പ്രാധാന്യം നൽകുന്ന ചെറുപ്പക്കാരെ കാണുന്നത് സന്തോഷമുള്ള കാര്യമാണ്. അക്കാര്യത്തിൽ ജെസ്സൻ തീർച്ചയായും വ്യത്യസ്തനായിരുന്നു. സഭയുടെ ആവശ്യങ്ങൾ സ്വന്തം ആവശ്യങ്ങളായി കണ്ടിരുന്ന ഒരാൾ.

IPC PCK PYPA-യുടെ ട്രഷറർ, UPFK-യുടെ യൂത്ത് കോർഡിനേറ്റർ, ഗുഡ്‌ന്യൂസ് കുവൈറ്റ് ടീമിലെ അംഗം എന്നിങ്ങനെ പല ഉത്തരവാദിത്വങ്ങളും ജെസ്സൻ ഏറ്റെടുത്തിരുന്നു. IPC PCK സഭയുടെയും IPC കുവൈറ്റ് റീജിയൻ ജോയിന്റ് കൗൺസിലിന്റെയും പരിപാടികളിൽ ശബ്ദസംവിധാനം കൈകാര്യം ചെയ്തിരുന്നതും ജെസ്സനായിരുന്നു.

ഒരു പരിപാടിയുണ്ടെങ്കിൽ അതിന്റെ ഒരുക്കങ്ങൾ മുതൽ അവസാന നിമിഷം വരെ ജെസ്സൻ അവിടെയുണ്ടാകും. സൗണ്ട് സിസ്റ്റത്തിന്റെ മുന്നിലിരുന്നും ആവശ്യമായിടത്ത് ഓടിനടന്നും കാര്യങ്ങൾ ഭംഗിയായി നടക്കാൻ ശ്രദ്ധിക്കുന്ന ജെസ്സനെ നമ്മളിൽ പലരും കണ്ടിട്ടുണ്ട്.

സഭയ്ക്കുവേണ്ടി ജെസ്സൻ നൽകിയത് സമയം മാത്രമായിരുന്നില്ല. സ്വന്തം പണവും അധ്വാനവും കഴിവുകളും, എന്തിന്, സ്വന്തം സൗകര്യങ്ങൾപോലും മാറ്റിവെച്ച് പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.

അതൊന്നും വലിയ കാര്യമായി പറഞ്ഞുനടക്കുന്ന സ്വഭാവവും ജെസ്സനുണ്ടായിരുന്നില്ല. ചെയ്യാൻ കഴിയുന്നത് ചെയ്യുക, ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി തീർക്കുക. അതായിരുന്നു അദ്ദേഹത്തിന്റെ രീതി.

ഇത്രയധികം കാര്യങ്ങൾക്കിടയിലും എല്ലാവരോടും സൗഹൃദം പുലർത്താൻ ജെസ്സന് കഴിഞ്ഞിരുന്നു. പ്രായവ്യത്യാസമില്ലാതെ ആരോടും സംസാരിക്കാനും തമാശ പറയാനും വിശേഷങ്ങൾ അന്വേഷിക്കാനുമുള്ള ആ സ്വഭാവം അദ്ദേഹത്തെ നമുക്കെല്ലാവർക്കും പ്രിയപ്പെട്ടവനാക്കി.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ജെസ്സനെപ്പോലുള്ളവരാണ് നമ്മുടെ സഭാപ്രവർത്തനങ്ങളുടെ യഥാർത്ഥ കരുത്തെന്ന് തോന്നിപ്പോകുന്നു. ആരുടെയും പ്രത്യേക ശ്രദ്ധയോ അംഗീകാരമോ പ്രതീക്ഷിക്കാതെ, ആവശ്യമുള്ളപ്പോൾ കൂടെയുണ്ടാകുന്നവർ.

ഇനിയും ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുണ്ടായിരുന്നു. പുതിയ പരിപാടികളും ഉത്തരവാദിത്വങ്ങളും സ്വപ്നങ്ങളുമെല്ലാം മുന്നിലുണ്ടായിരുന്നു. അതിനിടയിൽ ഇങ്ങനെയൊരു വേർപാട് ആരും പ്രതീക്ഷിച്ചതല്ല.

"ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും." — മത്തായി 5:4

ജെസ്സൻ ചെയ്തിരുന്ന ജോലികൾ ഇനി മറ്റാരെങ്കിലും ഏറ്റെടുക്കും. പരിപാടികൾ പതിവുപോലെ നടക്കും. പക്ഷേ, ഓരോ കാര്യത്തിനും ഓടിനടന്നിരുന്ന, എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കാൻ തയ്യാറായിരുന്ന ആ ജെസ്സന്റെ കുറവ് നമുക്കിടയിൽ ഉണ്ടാകും.

പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. അവരെ ആശ്വസിപ്പിക്കാനും ഈ വേർപാട് താങ്ങാനുള്ള ശക്തി നൽകാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു.

ജെസ്സൻ,

നിന്നെക്കുറിച്ച് എഴുതുമ്പോഴും ആ ചിരിക്കുന്ന മുഖമാണ് മനസ്സിൽ.

ഇനി കാണുമ്പോൾ നീ ചോദിക്കാറുള്ളതുപോലെ,

"എങ്ങനെയാ… എല്ലാം സെറ്റല്ലേ?"

എന്ന് ചോദിക്കാൻ നീയില്ല.

ജെസ്സാ, നീ ഇല്ലാത്തപ്പോൾ എല്ലാം സെറ്റാണെന്ന് എങ്ങനെ പറയും?

ഒരുപാട് സ്നേഹത്തോടെ… 

ഓർമ്മകളോടെ...

ഗുഡ്ന്യൂസ് കുവൈറ്റ് ടീം...

Advertisement

Advertisement