കാനം അച്ചൻ : പ്രസംഗകർക്ക് ഒരു പാഠപുസ്തകം I കാനം അച്ചൻ അനുസ്മരണം

കാനം അച്ചൻ : പ്രസംഗകർക്ക് ഒരു പാഠപുസ്തകം I കാനം അച്ചൻ അനുസ്മരണം

കാനം അച്ചൻ അനുസ്മരണം

കാനം അച്ചൻ : പ്രസംഗകർക്ക് ഒരു പാഠപുസ്തകം 

പാസ്റ്റർ ജോമോൻ ജേക്കബ് ബാംഗ്ലൂർ 

പെന്തക്കോസ്തിന്റെ പ്രസംഗ ശുശ്രൂഷയിൽ  പ്രസംഗ പാടവത്തേക്കാൾ ഒരു പ്രസംഗകൻ തന്റെ വചന സന്ദേശത്തിന്റെ  ഉള്ളടക്കത്തിൽ ഉപദേശ നിർമ്മലതക്കും, സത്യ ഉപദേശത്തിനും,  വചനത്തിന്റെ മൂല്യങ്ങൾക്കും വേണ്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് വേദികൾ ഒരുപാട് ലഭിക്കുന്നതിനേക്കാൾ പ്രസംഗ ശുശ്രൂഷയെയും, പ്രസംഗകനെയും വ്യത്യസ്തനാക്കുന്നത്.  ഇത്തരത്തിൽ തുടക്കം മുതൽ ജീവിതാന്ത്യം വരെ വചന പ്രസംഗത്തിന്റെ ഉള്ളടക്കത്തിൽ ചാഞ്ചാട്ടം ഇല്ലാതെ കൃത്യമായ ഉപദേശത്തിൽ ഊന്നിയുള്ള നിലപാട് സ്വീകരിച്ച അപൂർവ്വ പ്രസംഗകരിൽ  ഒരാളായി വേണം കാനം  അച്ചനെ വിലയിരുത്തുവാൻ.

പഴയ ചില പ്രസംഗകർ  മുതൽ ഈ ഉത്തരാധുനികതയിലെ പെന്തക്കോസ് പ്രസംഗകർ വരെ പലരെയും വിലയിരുത്തുമ്പോൾ കാണുവാൻ കഴിയാത്തതും  ഇത്തരത്തിലുള്ള പ്രത്യേകതകൾ തന്നെയാണ്. പലരും നന്നായി തുടങ്ങി.... കൃത്യമായി വചനം പഠിപ്പിച്ചും, നിത്യത കേന്ദ്രീകൃതമാക്കിയും... എന്നാൽ ഇടയ്ക്ക് അവസരം ലഭിക്കുമ്പോൾ... വേദികൾ ലഭിക്കുവാൻ  ഏത് വചന വിരുദ്ധതയോടും അനുരഞ്ജനപ്പെട്ട് പരിശുദ്ധാത്മാവിനെ തെറ്റായി വ്യാഖ്യാനിക്കുന്നിടത്തും  പോയി വേദികൾ കയ്യടക്കുന്ന നിരവധി പേർ  ഉള്ള ഈ കാലഘട്ടത്തിൽ,  ഒരു പ്രസംഗകൻ  ആദ്യാന്തം തന്റെ വചന ശുശ്രൂഷയിൽ ഉപദേശനിർമലത  എങ്ങനെ സൂക്ഷിക്കണം എന്നതിന്റെ ഒരു മാതൃക പാഠപുസ്തകം ആയിരുന്നു കാനം അച്ചൻ.

ഒരിടത്ത് നിത്യത പ്രസംഗിച്ചിട്ട്, മറ്റൊരിടത്ത്  ഫയർ പ്രസംഗകരോടൊപ്പം കൂടുന്നവരും, നന്നായി കൺവെൻഷനുകളിൽ വചനം സംസാരിച്ച് ..  പിന്നീട് പരിശുദ്ധാത്മാവിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ഇടങ്ങളിൽ ശുശ്രൂഷ കണ്ടെത്തുകയും, അത്തരത്തിലുള്ള ശുശ്രൂഷകരെ ആശിർവദിക്കുകയും ചെയ്യുന്ന തരത്തിലേക്ക് നിലപാടിനെ മാറ്റിയവരുമൊക്കെ   ഇപ്പോഴും നമ്മൾക്കിടയിൽ അരങ്ങ് തകർക്കുകയാണ്. ജനത്തിനിടയിൽ 'ഗുമ്മ്' ഉണ്ടാക്കുവാൻ പ്രസംഗിക്കുന്നവരും നമ്മൾക്കിടയിൽ ധാരാളം ഉണ്ട്.  ഇതിനിടയിൽ കാനം അച്ചനെ കുറിച്ച്, നല്ല വാക്കുകളും, അനുശോചന സ്മരണകളും പറഞ്ഞവസാനിപ്പിക്കുവാൻ ശ്രമിക്കാതെ, അദ്ദേഹം വചന ശുശ്രൂഷയിൽ ആദിയോടന്തം  പുലർത്തിപ്പോന്ന ഉപദേശ നിർമലതയിലെ ഉറച്ച നിലപാട് എല്ലാ വചനശുശ്രൂഷകരും മാതൃകയാക്കുവാൻ പരിശ്രമിക്കണം. ഏറെ പ്രത്യേകിച്ച് അവസരത്തിനൊത്ത്  വചനത്തിന്റെ ഉള്ളടക്കത്തിന് മാറ്റം വരുത്തുന്ന പ്രസംഗകർ കാനം  അച്ചനെ പോലെ ഉള്ളവരുടെ ശുശ്രൂഷയുടെ പൂർത്തീകരണം കണ്ട് ഒരു നവീകരണത്തിന് തയ്യാറാകണം....

അങ്ങനെയായാൽ ആ മഹത്  ശുശ്രൂഷകന്റെ ജീവിതം  ഓരോ വചന ശുശ്രൂഷകരെയും  തുടർന്നും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും.

Advertisement 

Advertisement