ദിവാസ്വപ്നം ഒഴിവാക്കാം
ദിവാസ്വപ്നം ഒഴിവാക്കാം
റവ. ജോർജ് മാത്യു പുതുപ്പള്ളി
അശ്രദ്ധാലുക്കളായ പ്രഫസറന്മാരെക്കുറിച്ചു കേട്ടിട്ടുണ്ട്. ചുറ്റിലും നടക്കുന്ന സംഭവങ്ങൾ ഒന്നും അവർ അറിയുന്നില്ല. എല്ലാ കാര്യങ്ങളും അവർ മറന്നുപോകുന്നു. എന്താണിതിനു കാരണം ? അവരുടേതായ ബുദ്ധിയുടെ ലോകത്തിൽ അവർ പരിപൂർണ്ണരായി നിമഗ്നരായി കഴിയുകയാണ്. പ്രാർത്ഥനാവേളകളിൽ ഇത്തരത്തിലുള്ള അശ്രദ്ധ നമ്മെ ബാധിക്കുന്നുവെങ്കിൽ നമ്മുടെ മനസ് മറ്റു കാര്യങ്ങളിൽ ലയിച്ചിരിക്കുന്നു എന്നാണ് അതിനർത്ഥം.
ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അറിയാതെ പോകുന്നതിനും, പ്രാർത്ഥനയിൽ ഏകാഗ്രത നഷ്ടപ്പെടുന്നതിനും മറ്റൊരു കാരണം കൂടിയുണ്ട് - ദിവാസ്വപ്‌നങ്ങൾ. ചിലർ ചിന്തകളിലേക്കും മറ്റു ചിലർ ദിവാസ്വപ്നങ്ങളിലേക്കും അഭയം തേടുന്നതിന്റെ ഫലമായി സങ്കല്പലോകത്തിലാണ് അവരുടെ ജീവിതം. ഈ രണ്ട് അവസ്ഥയിലും നമ്മുടെ ചിന്തകൾ ദൈവത്തിന്റെ നിയന്ത്രണത്തിൽ ആയിരിക്കുകയില്ല. നമ്മുടെ ജീവിതത്തിന്റെ ചില ഭാഗങ്ങൾ ദൈവത്തിനു പ്രസാദമില്ലാത്തതായിത്തീരുന്നു. നമ്മുടെ ദിവസ്വപ്നങ്ങളും അശ്രദ്ധയും ദൈവത്തിൽ നിന്ന് അകന്നുപോകുവാനിടയാക്കുന്നു എന്നുള്ളതിനെപ്പറ്റി നാം ഒട്ടും ബോധവാന്മാരല്ല. നമ്മുടെ ജീവിതത്തെ പാപകരമായ വഴിത്താരകളിൽക്കൂടി തിരിച്ചു വിടുന്നതിന് ദിവാസ്വപ്നങ്ങൾക്കും അശ്രദ്ധാമനോഭാവത്തനും നിഷ്പ്രയാസം സാധിക്കും.
ക്രൂശ് കൂടാതെ മുന്നോട്ടു പോകുവാനുള്ള നമ്മുടെ ആഗ്രഹമാണ് ദിവാസ്വപ്നങ്ങൾക്കും അശ്രദ്ധാമനോഭാവത്തിനും നമ്മെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ചില പ്രശ്നങ്ങളോടു കൂടിയുള്ള ജീവിത യാഥാർത്ഥ്യത്തെ കാണുന്നതിനു നാം ആഗ്രഹിക്കുന്നില്ല. ലോകത്തെ ഗ്രസിച്ചിരിക്കുന്ന അന്ധകാരം, ദൈവത്തിന്റെ വിശുദ്ധി, നമ്മുടെ പാപം ഇവ യാഥാർത്ഥ്യങ്ങളിൽ ചിലതത്രെ. ഇതിന്റെ ഭവിഷ്യത്തുകളെ വഹിക്കുന്നതിനു നമുക്ക് ആഗ്രഹമില്ല. ക്രൂശ് വഹിച്ചുകൊണ്ട് പാപത്തിന് എതിരായ പോരാട്ടത്തിനായിട്ടാണ് നാം വേർതിരിക്കപ്പെട്ടിരിക്കുന്നത്. അതോർക്കാതെ ദിവാസ്വപ്നങ്ങളുടെയും അശ്രദ്ധാമനോഭാവത്തിന്റെയും താൽക്കാലിക സുഖങ്ങളുടെ പിന്നാലെ നാം ഓടുകയാണ്.
യേശുവിൽനിന്നും നാം അകന്നു പോകുന്നതിനാൽ അവയുടെ പിടിയിൽ നാം അമരുകയാണ്. ഈ ദിവസ്വപ്നങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ പ്രാപിക്കേണ്ടതിന് പരിശുദ്ധാത്മാവിനോടു നാം പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. ദിവസേന ജോലി ആരംഭിക്കുന്നതിനു മുമ്പും, വൈകുന്നേരം പ്രാർത്ഥനയ്ക്കു ശേഷവും നമ്മെ ഉപദേശിക്കുന്നതിന് പരിശുദ്ധാത്മാവിനോടു നാം അപേക്ഷിക്കുന്നത് നല്ലതാണ്. ആകയാൽ ദിവാസ്വപ്നങ്ങളിലും അശ്രദ്ധാമനോഭാവത്തിലും ജീവിതം തളച്ചിടാതെ യാഥാർത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ട് നമുക്കു മുമ്പോട്ടു പോകാം.
ചിന്തയ്ക്ക് : 'രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു. അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗം ധരിച്ചുകൊൾക' (റോമർ 13 : 12).
Advertisement