യാത്രയായത് ഗുഡ്ന്യൂസിൻ്റെ അടുത്ത സ്നേഹിതൻ
യാത്രയായത് ഗുഡ്ന്യൂസിൻ്റെ അടുത്ത സ്നേഹിതൻ
കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ.എം. ജോസഫിനെ ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു അനുസ്മരിക്കുന്നു
ഭാഗ്യനാട്ടിൽ പോകും ഞാൻ എന്റെ ഭാഗ്യനാട്ടിൽ പോകും ഞാൻ... പാസ്റ്റർ കെ.എം. ജോസഫ് ശവസംസ്കാര ശുശ്രൂഷകളിൽ തന്റെ ആമുഖമായി എല്ലാവരെയും ചേർത്ത് പാടിക്കുമായിരുന്ന ഗാനമാണിത്. ഭാഗ്യനാട്ടിനെക്കുറിച്ചു മനോഹരമായ വർണന ആ ഗാനശകലത്തിന്റെ വരികളിൽ നിറഞ്ഞു നിൽക്കുന്നു. അത് തന്റെ പ്രത്യാശയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര് 23 നു രാത്രിയിൽ ഏറെ പ്രത്യാശയോടെ വർഷങ്ങളായി കാത്തിരുന്ന ആ ഭാഗ്യനാട്ടിലേക്കു 89-ആം വയസിൽ താൻ യാത്രയായി. നവതിയുടെ നിറവിൽ എത്തിയ ആ ധന്യ ജീവിതം വാർധക്യ സഹജമായ അരിഷ്ടതകൾ ഒന്നുമില്ലാതെ ശാന്തമായി നിത്യതയുടെ തീരമണിഞ്ഞു.
വളരെയേറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ആ ജീവിതം. ഒരു ദൈവദാസൻ എന്ന നിലയിൽ ആത്മീയ ശ്രുശ്രൂഷയുടെ എല്ലാ തലങ്ങളിലും പ്രവർത്തിച്ചു സമാനതകളില്ലാത്ത പ്രവർത്തന ശൈലി രൂപപ്പെടുത്തിയ ക്രാന്തദർശിയായ ആത്മീയ നേതാവായിരുന്നു അദ്ദേഹം. തന്റെ ജ്യേഷ്ഠസഹോദരനെപ്പോലെ കപ്പലിൽ ജോലിക്കാരനായി ജീവിതത്തിനു തുടക്കമിട്ടുവെങ്കിലും അതിന്റെ ആദ്യവര്ഷങ്ങളിൽതന്നെ തന്റെ ജീവിതത്തിന്റെ ദിശമാറ്റി ക്രിസ്തുവാകുന്ന പാറയിൽ നങ്കൂരമുറപ്പിക്കുവാൻ കഴിഞ്ഞു എന്നത് കോട്ടയത്തിനും പെരുമ്പാവൂരിനും മാത്രമല്ല ഭാരതത്തിനാകെ നവ സുവിശേഷ ചൈതന്യം പകരാൻ കാരണമാക്കി. കപ്പലിലെ ജോലിയും ലോകസഞ്ചാരവും വായനയും ചരിത്രത്തിലുള്ള അറിവും തന്നെ വ്യത്യസ്തനാക്കിയിരുന്നു. അതായിരുന്നു പാസ്റ്റർ കെ എം ജോസെഫിലേക്കു ആളുകളെ ആകർഷിച്ചതും. സ്നേഹപൂർവ്വം എല്ലാവരും അദ്ദേഹത്തെ "ഉണ്ണിച്ചായൻ" എന്നായിരുന്നു വിളിച്ചിരുന്നത്. തറവാടോ, കുലമഹിമയോ സാമ്പത്തികമോ ഒന്നും പരിഗണിക്കാതെയായിരുന്നു ആ ബന്ധങ്ങൾ.
അവധിക്കു ഇടവേളകളിൽ നാട്ടിൽ വരുമ്പോൾ പരസ്യയോഗങ്ങളും ഭവനസന്ദർശനങ്ങളും അദ്ദേഹം ഒഴിവാക്കിയില്ല. എവിടെയും ആരോടും മടികൂടാതെ അദ്ദേഹം സുവിശേഷം പറഞ്ഞു. തന്റെ ഇളയ സഹോദരന്മാരെയും അതുപോലെ സഭയിലെ അക്കാലത്തെ യുവാക്കന്മാരെയും സുവിശേഷപ്രവർത്തകരാക്കി മാറ്റുവാൻ തന്റെ പരിശ്രമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അത് വാക്കുകൊണ്ടല്ല, പകരം പ്രവർത്തനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കിക്കൊണ്ടായിരുന്നു. കോട്ടയത്തെ ആ ബാലകകൂട്ടായ്മയിലെ പലരും ഇന്ന് സുവിശേഷവേലയിൽ വിവിധനിലകളിൽ പ്രവർത്തിക്കുന്നവരായുണ്ട്.
കോട്ടയത്തുനിന്നും പെരുമ്പാവൂരിലേക്കു താൻ പ്രവർത്തനം മാറ്റിയത് ഒരു വലിയ നിയോഗമായിരുന്നു. അന്നുവരെ സുവിശേഷത്തിനു വേണ്ടവിധം കടന്നുചെല്ലാൻ കഴിയാതിരുന്ന പിറവം, മൂവാറ്റുപുഴ, വാളകം പെരുമ്പാവൂർ, ആലുവ പ്രദേശങ്ങളിലേക്കുള്ള സുവിഷേശത്തിന്റെ വാതിലായി വേണം പെരുമ്പാവൂരിലെ തന്റെ വീടിനെയും സ്ഥാപങ്ങളെയും കാണാൻ. ലോകപ്രസിദ്ധരായ ബാബു ചെറിയനെപ്പോലെയുള്ള ദൈവദാസന്മാർക്കു ജന്മം നൽകിയത് അവിടെയുള്ള ബൈബിൾ സ്കൂളും അനുബന്ധ സ്ഥാപനങ്ങളുമാണ്.
ഐ പി സി യുടെ നേതൃസ്ഥാനത്തിരിക്കുമ്പോൾ സഭയിൽ കടന്നുകൂടാവുന്ന ദുരുപദേശങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട്. വിശുദ്ധിക്കും വേർപാടിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു തന്റെ ഓരോ പ്രസംഗങ്ങളിലും. സഭാചരിത്രത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം അവ വിവരിക്കുന്നത് തന്റെ പ്രസംഗങ്ങളെ ആവേശഭരിതമാക്കി കേൾവിക്കാരിലെത്തിച്ചു. വിശ്വാസം, പരിശുദ്ധാത്മാവ്, പ്രാർത്ഥന എന്നിവയായിരുന്നു തന്റെ പ്രസംഗങ്ങളിലെ പ്രധാന വിഷയം. ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചു പ്രസംഗിച്ചു. പെന്റെകൊസ്തുകാർ അല്ലാത്തവർപോലും തനിക്കുവേണ്ടി വേദികൾ ഒരുക്കിക്കൊടുത്തു.
46 വർഷം മുമ്പ് ഗുഡന്യൂസ് തുടങ്ങുമ്പോൾ തുടക്കക്കായിരുന്നവരുടെയെല്ലാം അടുത്ത സ്നേഹിതനായിരുന്നു. എല്ലാവരുമായി ഉണ്ടായിരുന്ന ആ ബന്ധം മരണംവരെ തുടർന്നുപോന്നു. നല്ല പല ഓർമകളും ഞങ്ങൾക്കോരോരുത്തർക്കും വ്യക്തിപരമായുണ്ട്. തന്റെ സഹധർമിണി കോട്ടയം താനവേലിൽ കുടുംബത്തിലെയാണ്. രണ്ടു ആണ്മക്കളും മൂന്നു പെണ്മക്കളുമണിവർക്ക്. ആണ്മക്കളിൽ പാസ്റ്റർ മാത്യു ജോസഫ് (ബിന്നി) ഫ്‌ലോറിഡയിൽ സഭാശുശ്രൂഷകനാണ്. അതുപോലെ രണ്ടു പെണ്മക്കളുടെ ഭർത്താക്കന്മാരും സഭകളുടെ ചുമതലക്കാരാണ്.
പാസ്റ്റർ കെ എം ജോസഫിന്റെ വിയോഗത്തിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെയും വിശ്വാസികളെയും ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യാശയോടെ തന്റെ വാഗ്ദത്തനാട്ടിലേക്കു യാത്രയായ ബഹുമാന്യ കർത്തൃദാസനു ലോകമെങ്ങുമുള്ള ഗുഡ്‌ന്യൂസ് വായനക്കാരുടെയും പ്രവർത്തകരുടെയും സ്നേഹിതരുടെയും യാത്രാമൊഴി നേരുന്നു. അക്കരെനാട്ടിൽ വീണ്ടും കാണാം!
Advertisement