സഭയെ നശിപ്പിക്കുന്ന നേതൃത്വത്തിൻ്റെ നിലപാടുകൾ ആശങ്കാജനകം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

സഭയെ നശിപ്പിക്കുന്ന നേതൃത്വത്തിൻ്റെ നിലപാടുകൾ ആശങ്കാജനകം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല:: ഇന്ത്യൻ പെന്തെക്കോസ്തു ദൈവസഭയിൽ ഉടെലെടുത്തിരിക്കുന്ന പ്രതിസന്ധികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ. ദൈവ വചനാടിസ്ഥാനത്തിലും ആത്മിക ദർശനങ്ങൾക്കധിഷ്ഠിതമായും ഭാരതത്തിൽ ആരംഭിച്ച് ലോകത്തെമ്പാടും വളർന്ന് പന്തലിച്ച  ആത്മീക പ്രസ്ഥാനമാണ് ഐപിസി.

കാലാകാലങ്ങളിലെ സഭയുടെ നേതൃത്വവും സുതാര്യമായ ഭരണഘടനയും പ്രാദേശിക ഘടകങ്ങൾക്ക് നൽകിയ പ്രവർത്തന സ്വാതന്ത്ര്യം ഇന്ത്യയിലെ മറ്റു പെന്തക്കോസ്ത് സഭകളെക്കാൾ മുൻനിരയിലെത്തുവാൻ കഴിഞ്ഞു. എന്നാൽ ഇന്ന് സഭ  ചില പ്രതിസന്ധികളിലൂടെ കടന്ന് പോവുകയാണെന്നും അധികാര തർക്കങ്ങളും കോടതി വ്യവഹാരങ്ങളും സഭയുടെ സുഗമഗമനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നുയെന്നും ഇതിനു ഉത്തരവാദികളായ നേതൃത്വം സഭയെ ശരിയായ ദിശയിൽ നയിക്കണമെന്നും ഏപ്രിൽ 17 ന് തിരുവല്ലയിൽ കൂടിയ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ജനറൽ കൗൺസിലും കേരളാ സ്റ്റേറ്റ് കൗൺസിലും തമ്മിലുള്ള അധികാര തർക്കങ്ങളും ചേരിപ്പോരുകളും  പ്രാദേശിക സഭകളുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന തരത്തിൽ എത്തി നിൽക്കുന്നുയെന്നത് നാം ഗൗരവമായി കാണേണ്ടതാണ്. 

സഭയുടെ സുഗമമായ നടത്തിപ്പിനെ അസ്ഥിരപ്പെടുത്തുന്ന  ഇത്തരം നീക്കങ്ങൾ ചില വർഷങ്ങളായി തുടർന്ന് വരികയാണ്. ഇത്തരം സംഭവങ്ങളും സഭാ ഘടകങ്ങൾ തമ്മിലുള്ള നിയമ യുദ്ധങ്ങളും ഐപിസിയുടെ പ്രാദേശിക സഭകളേയും ശുശ്രുഷകരേയും ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ദൈവ സഭയ്ക്ക് ഇത് ഭൂഷണമല്ല. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഗ്ലോബൽ മീഡിയ അസോസിയേഷൻ  ഇതിനെ ശക്തമായി അപലപിക്കുകയും സഭയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഇത്തരം നടപടികൾ ഉപേക്ഷിച്ച്  സഭയെ പൂർവ്വാധികം മെച്ചമായ നിലയിൽ മുന്നോട്ട് നയിക്കാൻ ആവശ്യമായ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണമെന്നും   പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐപിസിയിലെ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്ക് നിർഭയമായി ശുശ്രൂഷകൾ നിർവഹിക്കാൻ സ്വാതന്ത്ര്യം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലംഗം ഷാജി മാറാനാഥ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറാർ ഫിന്നി പി. മാത്യു, കൗൺസിലംഗങ്ങളായ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ , പാസ്റ്റർ സി.പി. മോനായി എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Advertisement