ആർച്ച് ബിഷപ്പ് ഡോ.മാർ അപ്രേം (85) അന്തരിച്ചു

ആർച്ച് ബിഷപ്പ് ഡോ.മാർ അപ്രേം (85) അന്തരിച്ചു

തൃശൂർ: ആർച്ച് ബിഷപ്പ് ഡോ.മാർ അപ്രേം (85) അന്തരിച്ചു. അരനൂറ്റാണ്ടിലധികമായി തൃശ്ശൂരിലെ സാമൂഹിക  സാംസ്കാരിക ആധ്യാത്മിക രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു ഡോ.മാർ അപ്രേം. സംസ്കാരം 10ന് തൃശ്ശൂരിൽ നടക്കും.

ക്രൈസ്തവസാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 'മഹാകവി കെ.വി. സൈമണ്‍ അവാർഡ് 2023ൽ ലഭിച്ചിട്ടുണ്ട്. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് മെമ്പർ ആയിരുന്നു.

ഇന്ത്യയിലെ കല്ദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ബിഷപ്പ് മാർ അപ്രേം ഇംഗ്ലീഷിലും മലയാളത്തിലുമായി 80 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ഡോ. മാർ അപ്രേം എഴുതിയ "കാൽവരി ക്രൂശേ നോക്കി ഞാൻ "എന്ന മലയാള ഗാനം 100 ഭാഷകളിൽ തർജ്ജിമ ചെയ്തിട്ടുണ്ട്.

ഡോ.മാർ അപ്രേം 1940 ജൂണ്‍ 13ന് തൃശൂർ മൂക്കന്‍ കുടുംബത്തില്‍ ജനിച്ചു. 

കീർത്തന സാഹിത്യത്തിനും ഗദ്യ സാഹിത്യത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. അപ്രേം നൂറിലധികം ഗാനങ്ങളും നിരവധി കവിതകളും രചിച്ചിച്ചുണ്ട്.

സഭാ ചരിത്രത്തിലും സുറിയാനി ഭാഷാ പഠനത്തിലും ഡോക്ടറേറ്റ് നേടി. 

സഭാ ചരിത്രത്തില്‍ രണ്ടു മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി വൈസ് പ്രസിഡൻ്റായിരുന്നു.

വാർത്ത: ടോണി ഡി. ചെവ്വൂക്കാരൻ

Advertisement