ലാൽ മാത്യു ഷാർജ യൂണിയൻ ചർച്ച് സെക്രട്ടറി

ലാൽ മാത്യു ഷാർജ യൂണിയൻ ചർച്ച് സെക്രട്ടറി

ഷാർജ: രാജ്യത്തെ പ്രമുഖ ക്രൈസ്തവ സ്ഥാപനമായ ഷാർജ യൂണിയൻ ചർച്ച് സെക്രട്ടറിയായി ഐപിസി ഷാർജ സഭാംഗം ലാൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ദീർഘ വർഷങ്ങളായി യൂണിയൻ ചർച്ച് മാനേജിംഗ് കമ്മറ്റിയംഗമായ ഇദ്ദേഹം മുൻ ചെയർമാനുമാണ്.

യുഎഇയിലെ ഐക്യസംരംഭങ്ങളിലെ നിറസാന്നിധ്യമായ ലാൽ മാത്യു ഷാർജ ഐപിസി ട്രഷറർ, സൺഡേസ്‌കൂൾ ഹെഡ്മാസ്റ്റർ തുടങ്ങി വിവിധ നിലകളിൽ മികവു പ്രകടിപ്പിച്ചിട്ടുണ്ട്. 
ജെറി ജോസാണു യൂണിയൻ ചർച്ച് ചെയർമാൻ. സാജു ജോൺ ജേക്കബ് (വൈസ് ചെയർമാൻ), ജോസ് തോമസ് (ജോയിന്റ് സെക്രട്ടറി), സാംകുട്ടി മാത്യു (ട്രഷറർ), ജോർജ് മാത്യു (ജോയിന്റ് ട്രഷറർ) എന്നിവരാണു മറ്റു ഭാരവാഹികൾ.

രാജ്യത്തെ പ്രമുഖ സഭകളുടെ സംയുക്ത സംരംഭമായ ഷാർജ യൂണിയൻ ചർച്ചിൽ നാല്പത്തഞ്ചു സഭാവിഭാഗങ്ങളുടെ ആരാധനകൾ നടന്നുവരുന്നു. ഐപിസി, യാക്കോബായ ക്‌നാനായ, പെന്തെക്കോസ്തു മിഷൻ, ഷാർജ ബ്രദറൺ അസംബ്ലി, ബിലീവേഴ്‌സ് ബ്രദറൺ അസംബ്ലി, ചർച്ച് ഓഫ് ഗോഡ്, ഷാർജ പെന്തെക്കോസ്തു അസംബ്ലി, അജ്മാൻ ബ്രദറൺ അസംബ്ലി, അസംബ്ലീസ്  ഓഫ് ഗോഡ് എന്നിവരാണു യൂണിയൻ ചർച്ചിലെ സ്ഥിരാംഗസഭകൾ.

മല്ലപ്പള്ളി മാളിയേക്കൽ പരേതനായ പി. വി. മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മൂത്ത മകനായി ജനിച്ചുവളർന്ന ലാൽ എഡിൻബർഗിലെ ഹെറിയറ്റ് വോറ്റ് സർവകലാശാലയിൽനിന്നു ബിരുദാന്തരബിരുദം നേടി ആർക്കിടെക്ചറൽ കൺസൾറ്റന്റായി പ്രവർത്തിക്കുന്നു. ഐപിസി യുഎഇ റീജിയൻ മുൻ ജോയിന്റ് സെക്രട്ടറിയും ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗവുമാണ്.

വിവിധ മേഖലയിൽ മികവു തെളിയിക്കുന്നവർക്ക് യുഎഇ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. 
ഭാര്യ: പ്രൊഫ. സൂസൻ ലാൽ. മക്കൾ: ഡോ. സ്‌നേഹ, ശ്രുതി. മരുമകൻ: ഡോ. റിഹിൻ അനീഷ്. എഴുത്തുകാരനും പ്രമുഖ ഉത്തരേന്ത്യൻ മിഷനറിയുമായ ഡോ. എബി പി. മാത്യു ഏക സഹോദരനാണ്.

Advertisement