ആ ശബ്ദം ഇനി നിത്യതയിൽ മുഴങ്ങും
അനുസ്മരണം
ആ ശബ്ദം ഇനി നിത്യതയിൽ മുഴങ്ങും
കർതൃസന്നിധിയിൽ ചേർക്കപ്പെട്ട തോമസ് ജോണിനെ ലാൽ മാത്യു ഷാർജ അനുസ്മരിക്കുന്നു
ആ ശബ്ദം ഇനി നിത്യതയിൽ മുഴങ്ങും. ബ്രദർ തോമസ് ജോണിന്റെ വേർപാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഒറ്റ വാക്കിൽ ഐപിസി ഷാർജ വിശ്വാസികൾക്ക് അങ്ങനെയേ പറയാനാകൂ.
ആരാധനായോഗങ്ങളിലെ നിറസാന്നിധ്യമായ സഹോദരന്റെ മുഴങ്ങുന്ന ശബ്ദത്തോടെയുള്ള ഹാലേലൂയ്യായും സ്‌തോത്രവും ഇനി സ്വർഗത്തിനു സ്വന്തം. കാൽ നൂറ്റാണ്ടിലധികമായി സഭാംഗവും അഭ്യുദയകാംക്ഷിയുമായി നടന്നുനീങ്ങിയ തോമാച്ചൻ പരിഭവങ്ങളും പരാതിയുമില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു.

ദൈവദാസന്മാരും സഹവിശ്വാസികളുമടക്കം ആരെയും അകമഴിഞ്ഞു സ്‌നേഹിച്ച താൻ വിനയവും ലാളിത്യവും മുഖമുദ്രയാക്കിയിരുന്നു. എത്ര കിട്ടിയാലും മതിവരാത്ത സംസ്‌കാരം പെരുകിവരുന്ന ഇക്കാലത്തു ലഭ്യമായ സാഹചര്യങ്ങളിൽ തികഞ്ഞ സംതൃപ്തിയോടെ ജീവിച്ച സാധുശീലനായിരുന്നു അദ്ദേഹം. സ്വന്തം പരിമിതികളെക്കുറിച്ചുള്ള ഉത്തമ ബോധ്യത്തോടെ ജീവിച്ച പ്രിയ സഹോദരൻ ഒരിക്കലും വൃഥാഭിമാനങ്ങൾക്കു വശംവദനായിരുന്നില്ല.
വിശുദ്ധ സഭായോഗങ്ങളിലും മറ്റു പ്രാർഥനാക്കൂട്ടായ്മകളിലും തോമാച്ചൻ സംബന്ധിച്ചിരുന്നതു വർധിച്ച ഭക്തിയോടെയായിരുന്നു. ആരാധനാലയത്തിൽ ഇരിപ്പിട സൗകര്യങ്ങൾ ക്രമപ്പെടുത്തുന്നതിൽ വളരെ സഹായിയായിരുന്നു. ഒപ്പം, തിരുവത്താഴശുശ്രൂഷയിൽ പല അവസരങ്ങളിലും സഹകരിച്ചുപ്രവർത്തിച്ചിരുന്നു. ഒരു വലിയ ദൈവനിയോഗം പോലെയാണ് അദ്ദേഹം അവയെല്ലാം സന്തോഷപൂർവം നിർവഹിച്ചിരുന്നത്. ആരാധനായോഗങ്ങൾ ദിവ്യാമൃതുപോലെയായിരുന്നു അദ്ദേഹത്തിന്. ആത്മലഹരിയിൽ സർവവും മറന്നു ദൈവത്തെ സ്തുതിച്ചിരുന്ന തന്റെ ആത്മമനസുകൾക്കൊപ്പം കണ്ണും കാതും നാവും ഒരുപോലെ അലിഞ്ഞുചേർന്നിരുന്നു. പ്രസംഗകരായ ദൈവദാസന്മാർ ഏതെങ്കിലും വേദവാക്യത്തിന്റെ ആദ്യഭാഗം പറഞ്ഞാൽ ബാക്കി മുഴുവൻ ഉറച്ച ശബ്ദത്തിൽ പൂർത്തിയാക്കുക തനിക്കു ഹരമായിരുന്നു.
തിരുവചനവാക്യങ്ങൾ മനഃപാഠമാക്കുന്നതിൽ സവിശേഷ സിദ്ധിയുണ്ടായിരുന്ന തന്റെ ഉറച്ച ശബ്ദത്തിൽ ആത്മാർഥതയും ആത്മനിർവൃതിയും നിറഞ്ഞുനിന്നു.
ദൈവനാമത്തിനായി ചെയ്യുന്ന ഏതു കാര്യത്തിലും തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും തികഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. ഭക്തിപാരവശ്യത്തോടെ ദൈവത്തെ സ്തുതിക്കുന്ന ആ സ്വരം ഇനി കേൾക്കാൻ കഴിയില്ലല്ലോ എന്ന ചിന്ത സഭാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണുകളെ ഈറനണിയിക്കുന്നുണ്ട്.
ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ മത്തായി യോഹന്നാൻ-അമ്മിണി ദമ്പതികളുടെ മകനായാണു തോമസ് ജനിച്ചത്. പരമ്പരാഗത മാർത്തോമാക്കാരാണു കുടുംബാംഗങ്ങൾ. നമുക്കു സുപരിചിതനായ ക്രൈസ്തവ എഴുത്തുകാരൻ അച്ചൻകുഞ്ഞ് ഇലന്തൂർ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്. ദൈവഭക്തിയിൽ മുന്നിട്ടുനിന്ന പശ്ചാത്തലമാണു പാലനിൽക്കുന്നതിൽക്കാർക്കുള്ളത്. വിദ്യാഭ്യാസാനന്തരം ജോലി തേടി ഷാർജയിലെത്തിയ സഹോദരൻ തോമസ് വേദപുസ്തകസത്യങ്ങൾ കൂടുതൽ മനസിലാക്കി 1998-ലാണ് ഉമ്മൽകോയിനിൽ സ്‌നാനമേറ്റു ഐപിസി ഷാർജ സഭയുടെ അംഗമാകുന്നത്. സ്വാഭാവിക ദൈവഭക്തിയോടൊപ്പം പെന്തെക്കോസ്തിന്റെ ആത്മനിറവിൻ അനുഭവവും പ്രവാസജീവിതം നൽകിയ തിരിച്ചറിവും ഒത്തുചേർന്നപ്പോൾ ആ ജീവിതം കൂടുതൽ അർഥവും മിഴിവുമുള്ളതായി. അന്നു മുതൽ ഈ സെപ്റ്റംബർ അവസാന ആഴ്ചയിൽ മസ്തിഷ്‌കരക്തസ്രാവം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെ സഭയോടു തികഞ്ഞ ആത്മാർഥത നിലനിർത്തിപ്പോന്നു. വിശുദ്ധന്മാരുടെ കൂട്ടായ്മ അദ്ദേഹത്തിനെന്നും അമൃതവേളയായിരുന്നു. ആ മധുരം നുകരാൻ ആദ്യകാലങ്ങളിൽ വളരെ ക്ലേശമനുഭവിച്ചായിരുന്നു തോമാച്ചൻ എത്തിച്ചേർന്നിരുന്നത്. എങ്കിലും അവയ്‌ക്കൊന്നും ത്യാഗത്തിന്റെ പരിവേഷം ചാർത്താൻ താൻ ഒരുമ്പെട്ടുരുന്നില്ല.

ഷാർജയിലെ വിവിധ സ്വകാര്യ കമ്പനികളിൽ വ്യത്യസ്തമായ ജോലികളിൽ ഏർപ്പെട്ടുവന്ന ബ്രദർ തോമസിന്റെ വിശ്വസ്തത പലരും എടുത്തുപറഞ്ഞിട്ടുണ്ട്. ജോലിയിൽ തികഞ്ഞ ആത്മാർഥത പുലർത്തിയിരുന്ന അദ്ദേഹം ആത്മനാഥനോടുള്ള സ്‌നേഹപാരവശ്യം ഉള്ളിൽ നിലനിർത്തി. ലഭ്യമായ അവസരങ്ങളിലെല്ലാം തിരുവചനപാരായണം തപസ്യയാക്കി മാറ്റിയിരുന്നു. ജോലിയോടനുബന്ധിച്ച് ഡോർമിറ്ററികളിൽ അന്തിയുറങ്ങിയ കാലഘട്ടത്തിലും വെളിച്ചമണച്ച് ഉറങ്ങുന്ന കൂട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കൈയിൽ കരുതിയ ചെറിയ വെളിച്ചത്തിൽ ദൈവവചനം വായിക്കുന്ന പതിവ് തനിക്കുണ്ടായിരുന്നതു പല സുഹൃത്തുക്കളും സൂചിപ്പിച്ചിട്ടുണ്ട്. അത്ര അടങ്ങാത്ത പ്രണയമായിരുന്നു തിരുവചനത്തോടു അദ്ദേഹത്തിനുണ്ടായിരുന്നത്. ആ ദിവ്യവചനങ്ങൾ തനിക്കു കരുത്തേകി. ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽപോലും ആരുടെയും അനുകമ്പ നേടാൻ ശ്രമിക്കാതെ ദൈവത്തിൽ അടിയുറച്ച വിശ്വാസത്തിൽ മുന്നേറാൻ അതു പ്രേരണയേകി. അനിതരസാധാരണമായ സുവിശേഷതാൽപര്യം അദ്ദേഹത്തിൽ തുടിച്ചിരുന്നു. ലഭ്യമായ അവസരങ്ങളിലെല്ലാം രക്ഷാസന്ദേശം പങ്കുവയ്ക്കുന്നതിൽ താൻ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു.
ഉത്തമ കുടുംബജീവിതത്തിന് ഉടമയായിരുന്നു പ്രിയ സഹോദരൻ.
പ്രവാസമണ്ണിലെത്തി രക്ഷിക്കപ്പെട്ടതിനുശേഷമാണു താൻ വിവാഹിതനായത്. മഞ്ഞനിക്കര ഐപിസി അംഗം ചീക്കനാൽ ഗ്രെയ്‌സ് കോട്ടേജിൽ ബെസ്സിയാണു ജീവിതസഖി. അക്കൗണ്ടന്റായ ബെസ്സി കാര്യപ്രാപ്തിയും ഉത്തരവാദിത്വബോധവും ഒത്തിണങ്ങിയ സഹോദരിയാണ്. ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ അനുഗ്രഹിക്കപ്പെട്ട രണ്ടു മക്കളെ ദാനംചെയ്തു. മകൻ ഗർസിം ബിരുദപഠനം പൂർത്തിയാക്കി ദുബായിയിൽ ജോലി ചെയ്യുന്നു. മകൾ തിർസ പൂനയിൽ ബിഎസ്സി നേഴ്‌സിംഗ് വിദ്യാർഥിനിയാണ്.
രണ്ടാഴചയിലധികം അൽ-ഖാസിമി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയേണ്ടിവന്ന തോമാച്ചന്റെ സൗഖ്യത്തിനായി സഭ ശ്രദ്ധയോടെ പ്രാർഥിച്ചിരുന്നു. സഭയിലെ ഉത്തരവാദപ്പെട്ട സഹോദരങ്ങളും മറ്റ് എല്ലാ കുടുംബാംഗങ്ങളും നിരന്തരം പ്രിയ തോമസിനെയും കുടുംബത്തെയും സന്ദർശിച്ച്, എല്ലാവിധ സഹകരണങ്ങളും നൽകുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു.
സഭാ പാസ്റ്റർ റിൻസൺ എം. തോമസും കുടുംബവും ദിവസവും പല തവണ ആശുപത്രിയിലെത്തി പ്രാർഥിച്ച്, തങ്ങളുടെ സാന്നിധ്യമേകി ഒപ്പം നിന്നു. തങ്ങളുടെ പ്രിയ സഹോദരനെ സഭാവ്യത്യാസമില്ലാതെ പല ദൈവദാസന്മാരും സഹോദരങ്ങളും സ്‌നേഹിതരും ബന്ധുക്കളും പല തവണ ആശുപത്രിയിലെത്തി കണ്ടിരുന്നു. താൻ ചികിത്സയിലായിരുന്ന ഹോസ്പിറ്റലിലെതന്നെ ജീവനക്കാരായ സഭാംഗങ്ങൾ വളരെ കരുതലോടെ പരിചരണമൊരുക്കുന്നതിൽ മുന്നിട്ടുനിന്നു. പ്രിയ സഹോദരനെ ജീവിതത്തിലേക്കു മടക്കിവരുത്തണേ എന്ന് എല്ലാവരും ഉള്ളുരുകി ദൈവത്തോട് അപേക്ഷിച്ചെങ്കിലും മറിച്ചായിരുന്നു ദൈവഹിതം. വേദനയോടെ ആ യാഥാർഥ്യത്തോടു ഞങ്ങൾ ഇഴുകിച്ചേരുകയാണ്.
ദൈവത്തെ സ്‌നേഹിക്കുകയും ദൈവത്താൽ സ്‌നേഹിക്കപ്പെടുകയും ചെയ്ത സഹോദരൻ തോമസ് പല നിലകളിൽ നമുക്കു മാതൃകയും വഴികാട്ടിയുമാണ്. ആ ധന്യജീവിതത്തിനായി ദൈവത്തിനു സ്‌തോത്രങ്ങളർപ്പിക്കുന്നു. അപ്പോൾ തന്നെ ഒരു ഗൃഹനാഥനെന്ന നിലയിൽ ആ വേർപാടു സഹധർമിണിയിലും മക്കളിലും സൃഷ്ടിക്കുന്ന വേദന ആർക്കും അളന്നു തിട്ടപ്പെടുത്താവുന്നതല്ല.
സകല ബുദ്ധിയെയും കവിയുന്ന ദിവ്യസമാധാനം എല്ലാവരുടെയും ഹൃദയങ്ങളിൽ ദൈവം നിറയ്ക്കട്ടെ എന്നു പ്രാർഥിക്കുന്നു. വിട, പ്രിയ തോമാച്ചാ വിട. നിത്യയുടെ തീരത്തു കർത്താവിനോടൊപ്പം വീണ്ടും കാണാം!
Advt.















