നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി ന്യൂയോർക്കിലെ മത്തായി അപ്പച്ചൻ

നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി ന്യൂയോർക്കിലെ മത്തായി അപ്പച്ചൻ

വാർത്ത : നിബു വെള്ളവന്താനം

ന്യൂയോർക്ക്: റാന്നി കരിങ്കുറ്റിമണ്ണിൽ മത്തായി എബ്രഹാം നൂറിന്റെ നിറവിൽ. റാന്നി ചെട്ടിമുക്ക് കരിങ്കുറ്റിമണ്ണിൽ പരേതനായ കെ.ജി മാത്യു - ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി 1924 ഫെബ്രുവരി പത്തിന് റാന്നിയിൽ ജനിച്ച മത്തായി എബ്രഹാമിന്റെ നൂറാമത് ജന്മദിനം ശനിയാഴ്ച ലെവിടൗണിലുള്ള ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ ആഘോഷിച്ചു.

മക്കളും കൊച്ചുമക്കളും സ്നേഹിതരും അടങ്ങിയ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ആഘോഷച്ചടങ്ങ് പാസ്റ്റർ ജിജി പോളിന്റെ പ്രാർത്ഥനയോടെ ആരംഭം കുറിച്ചു. ഐ.സി.എ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡോക്ടർ സാബു വർഗീസ് അനുമോദന സന്ദേശവും അനുഗ്രഹ പ്രാർത്ഥനയും നടത്തി. പാസ്റ്റർ ജോസ് മേമന, സിസ്റ്റർ ഡെയ്സി ജോൺസൺ, ബ്രദർ നൈനാൻ കോടിയാട്ട് തുടങ്ങിയവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ വിൽസൺ ജോസ് ആശിർവാദ പ്രാർത്ഥനയും നടത്തി. ഫെബ്രുവരി 11ന് ഞായറാഴ്ച ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ സഭയുടെ സ്നേഹാദരവ് മത്തായി എബ്രഹാം ഏറ്റുവാങ്ങി. പാസ്റ്റർ ഡോക്ടർ സാബു വർഗീസ്, സെക്രട്ടറി ഷിജു കുര്യൻ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പൊന്നാട നൽകി അനുമോദിച്ചു. 

കുഞ്ഞൂഞ് എന്ന വിളിപ്പേരിനാൽ അറിയപ്പെട്ടിരുന്ന മത്തായി ഏബ്രഹാം, റാന്നി കാച്ചാണത്ത് കുടുംബാംഗം കൊച്ചുകുട്ടി - മറിയാമ്മ ദമ്പതികളുടെ മകൾ ഏലിയാമ്മയെ 1949 ഏപ്രിൽ 28ന് വിവാഹം കഴിച്ചു. ഈ അവസരത്തിൽ 75 മത് വിവാഹ വാർഷികവും കൂടി ആഘോഷിക്കാൻ സാധിച്ചത് ഇരട്ടിമധുരമായി. 44 വർഷങ്ങൾക്കു മുമ്പ് 1980 ലാണ് മത്തായി എബ്രഹാം ആദ്യമായി അമേരിക്കയിൽ എത്തിയത്. നൂറാം ജന്മദിനത്തിൽ പള്ളിയിൽ നേരിട്ട് വന്ന് ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുക എന്നത് ജീവിതത്തിൽ വളരെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന അസുലഭ സൗഭാഗ്യമാണ്. ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിലെ പ്രായം കൊണ്ട് ഏറ്റവും സീനിയർ അംഗമായ മത്തായി ഏബ്രഹാം തന്റെ നൂറാമത് ജന്മദിനം കൊണ്ടാടുമ്പോൾ സർവ്വശക്തനായ ദൈവത്തിന് സർവ്വ മഹത്വത്തോടെയും ബഹുമാനത്തോടെയും നന്ദി പറയുന്നു.

കുടുംബാംഗങ്ങൾക്കും ബദ്ധുമിത്രാദികൾക്കും മക്കൾക്കും കൊച്ചു മക്കൾക്കും ഏവർക്കും മാതൃകയായി ജീവിതം നയിച്ച്, ആത്മീയ തീഷ്ണതയ്ക്കും ഉത്സാഹത്തിനും ഒട്ടും കുറവു വരുത്താതെ ഈ പ്രായത്തിലും ചിട്ടയായ ജീവിതം നയിച്ചുവരുന്നു. എന്നും രാവിലെ ആറിന് എഴുന്നേൽക്കും. പിന്നെ പ്രാർത്ഥന. വീടിനു ചുറ്റും കുറേനേരം നടന്നതിനുശേഷം വ്യായാമ മുറകളുടെ അഭ്യാസ പ്രകടനങ്ങൾ, രാത്രി എട്ടരയ്ക്ക് ഉറക്കം തുടങ്ങിയവയാണ് ശീലങ്ങൾ. വിശുദ്ധ വേദപുസ്തകം 50-ലധികം തവണ വായിച്ചിട്ടുള്ള വ്യക്തി എന്നുള്ള നിലയിൽ താൻ മനപ്പാഠമാക്കിയ തിരുവെഴുത്തുകൾ ഇപ്പോളും ഓർത്തെടുക്കുന്നത് ഈ പ്രായത്തിലും അത്ഭുതമാണ്.

മൈക്കിൾ ജോൺസൺ, അമ്മിണി തോമസ്, എബ്രഹാം. കെ എബ്രഹാം, മേരിക്കുട്ടി തോമസ്, ജെസ്സി സാമുവൽ എന്നിവർ മക്കളും ഡെയ്സി ജോൺസൺ, പരേതനായ നൈനാൻ തോമസ്, അമ്മിണി എബ്രഹാം, സാം തോമസ്, നൈനാൻ കോടിയാട്ട് എന്നിവർ മരുമക്കളുമാണ്. 

സുവിശേഷ ദർശനമുള്ള ദൈവഭൃത്യൻ, സ്നേഹ വാൽസല്യമുള്ള പിതാവ്, വചനാധിഷ്ഠിതമായ ഉപദേശ വിഷയങ്ങളിൽ അനുകരണീയമായ ജീവിതത്തിന്റെ ഉടമ, സൗമ്യനായ പിതാവ്, പ്രതിസന്ധികളിൽ സ്ഥിരത കൈവിടാതെയുള്ള പെരുമാറ്റം, കെട്ടുറപ്പുള്ള അനുഗ്രഹീത കുടുംബജീവിതത്തിന്റെ ഉത്തമ മാതൃക , ശാന്തതയോടെയുള്ള ഇടപെടലുകൾ, കാലത്തിനു മായ്ക്കാൻ കഴിയാത്ത നിരവധി കുടുംബബന്ധങ്ങളുടെ ഉയർച്ച താഴ്ചകൾ കണ്ടവൻ, തിളക്കമാർന്ന വ്യക്തിത്വത്തിന്റെ ഉടമ, അനുകരിക്കത്തക്കതായ ഗുണവിശേഷങ്ങൾ അങ്ങനെ കുറെയേറെ സവിശേഷതകളുള്ള വാൽസല്യ പിതാവാണ് മത്തായി എബ്രഹാം അപ്പച്ചൻ എന്ന് ഏവരും സാക്ഷ്യപ്പെടുത്തുന്നു.

നിറഞ്ഞ പുഞ്ചിരിയുമായി തലയുയർത്തി അദ്ദേഹം നടന്നുപോകുന്നത് കാണുമ്പോൾ നൂറിന്റെ പടിയിലെത്തിയോ ഈ പിതാവ് എന്ന് ആരും അതിശയിച്ചുപോകും.