ജനങ്ങള്‍ ആദരിക്കുന്നതു നമ്മെയല്ല... | യേശു പാദാന്തികം

ജനങ്ങള്‍ ആദരിക്കുന്നതു നമ്മെയല്ല... |  യേശു പാദാന്തികം

യേശു പാദാന്തികം 7

ജനങ്ങള്‍ ആദരിക്കുന്നതു നമ്മെയല്ല...

നാം ബഹുമാനിതരാകുന്നതു നാം മഹനീയരായതു കൊണ്ടല്ല; മഹനീയമായ ദൈവത്തെ നാം വഹിക്കുന്നതുകൊണ്ടു മാത്രമാണ്. ദൈവം എന്നെ വലിയവനാക്കുന്നത്. ജനങ്ങള്‍ എന്നെ വലിയവനായി കാണേണ്ടതിനല്ല; എന്നെ വലിയവനാക്കിയ ദൈവത്തെ വലിയവനായി കാണേണ്ടതിനാണ്.

വായനാഭാഗം

യഹോവ യോശുവായോടു: ഞാന്‍ മോശെയോടു കൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേല്‍ എല്ലാം അറിയേണ്ടതിനു ഞാന്‍ ഇന്നു അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും (യോശുവാ 3:7).

നാല്പതു വര്‍ഷം യിസ്രായേല്യരെ മരുഭൂമിയല്‍ ദൈവിക വഴികളില്‍ നടത്തിയ അവരുടെ നേതാവായ മോശെ മരിച്ചു കഴിഞ്ഞു (ആവര്‍ത്തനം 34:5-7). യിസ്രായേല്‍ മക്കള്‍ ഇതുവരെ വാഗ്ദത്തഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടില്ല. അവിടേക്ക് അവരെ നയിക്കുവാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനുമായ വ്യക്തി ഇപ്പോള്‍ യോശുവയാണ്. എന്നാല്‍ യോശുവ അല്പം ഭീതിതനാണ്. കാരണം, യുഗപ്രഭാവനായ മോശെയുടെ അതുല്യ വ്യക്തിത്വത്തിന് മുമ്പില്‍ താന്‍ ഒരു കിരീടം മാത്രമാണെന്നു അവനു ബോധ്യമുണ്ട്. മോശെ ആര്! ദൈവത്തെ മുഖാമുഖം കണ്ടിട്ടുള്ളവന്‍.... ഒരു സ്നേഹിതനോടെന്ന പോലെ അദൃശ്യദൈവത്തോടു സംസാരിച്ചിരുന്നവന്‍... ദൈവവുമായുള്ള നിരന്തര സമ്പര്‍ക്കം ഒരു സ്വാഭാവിക കാര്യമായി കാണാന്‍ കഴിഞ്ഞ മോശെ ചെയ്തിരുന്ന ജോലി, അവന്‍റെ ശുശ്രൂഷക്കാരന്‍ മാത്രമായിരുന്ന തനിക്കു ചെയ്യുവാനാകുമോ? യോശുവായ്ക്കു തന്‍റെ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്നതുപോലെ.....

എന്നാല്‍ കാരുണ്യവാനായ ദൈവം യോശുവയുടെ അടുത്തേക്കു ചെന്നു.... എന്നിട്ടു പതിയെ പറഞ്ഞു: യോശുവ, നിൻ്റെ ഭീതി ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ മോശെയെ മോശെയാക്കിയതു എന്‍റെ സാന്നിധ്യമാണെന്ന് നീ മറന്നു പോകരുത്. ഞാന്‍ മോശെയോടു കൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും. ഞാന്‍ നിന്നെ കൈവിടുകയുമില്ല ഉപേക്ഷിക്കയുമില്ല. നീ നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക (യോശുവ.1:5,6).

തന്നോടു സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ യോശുവയ്ക്കു അല്പം ആശ്വാസമായി. ഇങ്ങനെ ദൈവശബ്ദം കേള്‍ക്കുകയും ദൈവസാന്നിധ്യം അറിയുകയും ചെയ്താല്‍ തനിക്ക് ജനത്തെ നയിക്കാനായേക്കും. എന്നാലും താന്‍ ദൈവസാന്നിധ്യം അവരെങ്ങനെ അംഗീകരിക്കും?

അപ്പോഴാണ് യഹോവയുടെ അടുത്ത വാഗ്ദാനം: "ഞാന്‍ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേല്‍ എല്ലാം അറിയേണ്ടതിനു ഞാന്‍ ഇന്നു അവര്‍ കാണ്‍കെ ഞാന്‍ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും" (യോശുവ. 3:7).

യോശുവ വലിയവന്‍ അല്ല എന്നതാണു വാസ്തവം. വലിയവനെ വീണ്ടും വലിയവനാക്കേണ്ടല്ലോ. താഴ്മയെന്നതു നാം നമ്മെത്തന്നെ ചെറുതായി കാണുന്നതല്ല. താഴ്മയെന്നത് നാം നമ്മെത്തന്നെ തിരിച്ചറിയുന്നതാണ്. അങ്ങനെ ചെറിയവനായ യേശുവയെ വലിയവനാക്കി ജനം കാണുമ്പോള്‍ അവര്‍ പറയും: "ഇതു യോശുവയുടെ മിടുക്കല്ല. ഇവന്‍റെ കൂടെ തീര്‍ച്ചയായും ദൈവം ഉണ്ട്".

ദൈവം ആ ദിവസം തന്നെ വാഗദത്തം നിവര്‍ത്തിച്ചു. നിയമപെട്ടകം ചുമക്കുന്ന പുരോഹിതരുടെ കാല്‍ വെള്ളത്തിന്‍റെ വക്കില്‍ മുട്ടിയപ്പോള്‍ മേല്‍ വെള്ളത്തിന്‍റെ ഒഴുക്കു നിന്നു. മോശെയുടെ കാലത്തു ചെങ്കടല്‍ പിളര്‍ന്നതു പോലെ ഇതാ യോശുവയുടെ കാലത്ത് യോര്‍ദാന്‍ നദി പിളര്‍ന്നിരിക്കുന്നു. യിസ്രായേല്‍ മക്കള്‍ ഉണങ്ങിയ നിലത്തുകൂടെ വാഗദത്തനാട്ടില്‍ കടന്നു (യോശുവ. 3:9-17).

"അന്നു യഹോവ യോശുവയെ എല്ലാ യിസ്രായേലിന്‍റെയും മുമ്പാകെ വലിയവനാക്കി. അവര്‍ മോശെയെ ബഹുമാനിച്ചതുപോലെ അവരുടെ ആയുഷ്ക്കാലമൊക്കെയും അവനെയും ബഹുമാനിച്ചു" (യോശുവ.4:14, 15).

എന്നാല്‍, പലപ്പോഴും സംഭവിക്കുന്ന അപകടം, ദൈവം നമ്മെ വലിയവനാക്കുമ്പോള്‍ നാം വലിയവരായിപ്പോയി എന്നു നാം ചിന്തിച്ചുതുടങ്ങുന്നതാണ്. നാം അഹങ്കാരികളായിത്തീരുന്നു. നമുക്കു ലഭിക്കുന്ന ബഹുമാനം നമ്മുടെ യോഗ്യതകള്‍ക്കുള്ളതല്ല. ദൈവത്തിന്‍റെ കാരുണ്യമാണെന്നു നമുക്കു തിരിച്ചറിയുവാന്‍ കഴിയുന്നില്ലെങ്കില്‍ എത്ര കഷ്ടം!

കര്‍ത്താവ് യെരുശലേം ദൈവാലയത്തിലേക്കു വാഹനമേറിയ കോവര്‍ക്കഴുതക്കുട്ടിയുടെ മനസ്സിന്‍റെ ചിന്തകളെപ്പറ്റിയുള്ള ഒരു ഭാവനാചിത്രമുണ്ട്. ദൈവപുത്രനു ഹോശന്നാ പാടിക്കൊണ്ട് യെരുശലേം നിവാസികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ച് രാജവീഥി മോഹനമാക്കി. കഴുതക്കുട്ടി ചിന്തിച്ചത്, ഇതെല്ലാം തനിക്കുവേണ്ടി വിരിച്ച പരവതാനികളെന്ന്!

തിരികെ വരുമ്പോള്‍ കഴുതക്കുട്ടി തനിയെ! എങ്ങും തോരണങ്ങളില്ല; പരവതാനികളില്ല എന്തേ ഇങ്ങനെ? താന്‍ മടങ്ങിവരുന്നത് ആരും കണ്ടില്ലേ? സങ്കടത്തോടെ മുമ്പോട്ടു പോകുമ്പോള്‍ അതാ. അലക്കുകാരന്‍ തുണി ഉണങ്ങാന്‍ വിരിച്ചിട്ടിരിക്കുന്നു. കഴുതക്കുട്ടിക്ക് ആശ്വാസമായി. ചിലരെങ്കിലും തന്‍റെ മഹത്വം തിരിച്ചറിഞ്ഞില്ലോ! തന്നെ ബഹുമാനിക്കാനാണ് അവര്‍ തുണികള്‍ വിരിച്ചിട്ടിരിക്കുന്നത് എന്നു ധരിച്ചു കഴുതക്കുട്ടി അഹങ്കാരത്തോടെ തല ഉയര്‍ത്തി കണ്ണുകളടച്ച് അതിനു മുകളിലൂടെ നടന്നുപോയി. എവിടെ നിന്നൊക്കയാണ് അടിവീണതെന്നു പ്രത്യേകിച്ചു പറയണോ? ഗര്‍വില്‍ കണ്ണുകളടച്ചിരുന്നത് കൊണ്ട് അടി വരുന്നതു കാണാനും പറ്റിയില്ല.

ജനങ്ങള്‍ ആദരിക്കുന്നതു നമ്മെയല്ല, നമ്മുടെ പുറത്തു വാഹനമേറിയ യേശുവിനെയാണെന്നു തിരിച്ചറിയുന്നതിനു കഴിയുന്നില്ലെങ്കില്‍ നാം ഒരു മൂഢസ്വര്‍ഗത്തിലാണ്. നാം ബഹുമാനിതരാകുന്നതു നാം മഹനീയരാകുന്നതുകൊണ്ടല്ല, മഹനീയമായ ദൈവത്തെ നാം വഹിക്കുന്നതു കൊണ്ടു മാത്രമാണ്. ദൈവം എന്നെ വലിയവനാക്കുന്നത്, ജനങ്ങള്‍ എന്നെ കാണേണ്ടതിനല്ല, എന്നെ വലിയവനാക്കിയ ദൈവത്തെ വലിയവനായി കാണേണ്ടതിനാണ്.

സമര്‍പ്പണ പ്രാര്‍ത്ഥന

കര്‍ത്താവേ, എന്നെ അങ്ങയുടെ പങ്കാളിയാക്കിയ അവിടുത്തെ വലിയ കരുണയ്ക്കായി സ്തോത്രം. എല്ലാ മാനവും മഹത്വവും അങ്ങേയ്ക്ക്, ആമേന്‍.

തുടര്‍വായനയ്ക്ക്: മത്തായി. 5:14-16

Advt.