താഴ്‌വരയും പർവതവും
കഥ
ഡോ. അലീന എൽസ ടോം
ഒരിക്കൽ ഒരു താഴ്‌വര തന്റെ സുഹൃത്തായ പർവതത്തെ സന്ദർശിക്കുവാൻ ഇടയായി. വളരെ വിഷമത്തോടെ തന്റെ മുമ്പിൽ നിൽക്കുന്ന താഴ്‌വരയോട് പർവതം ചോദിച്ചു " അല്ലയോ താഴ്‌വരയെ, നിനക്ക് എന്ത്പറ്റി, നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്?" ചോദ്യം കേട്ട താഴ്‌വര തന്റെ ദുഃഖത്തിന്റെ കാരണം പർവതത്തോട് അറിയിച്ചു.
"എന്റെ ഏറ്റവും നല്ല സുഹൃത്തായ പർവതമേ, ഞാൻ നിന്നെ ഓർത്തു വളരെ അധികം അഭിമാനംകൊള്ളുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയർന്നു നിൽക്കുന്ന നിനക്ക് ആകാശത്തെ തൊടുവാൻ സാധിക്കുന്നുവല്ലോ. അഭിമാനത്തിന്റെയും, ഉയർച്ചക്കളുടെയും, വിജയങ്ങളുടെയും പ്രതീകമായി നീ നിലകൊള്ളുന്നു. എന്നാൽ താഴ്‌വരയായ ഞാനോ, മലകളുടെയും കുന്നുകളുടെയും ഇടയിൽ, യാതൊരു വിധ പ്രത്യേകതകളുമില്ലാതെ ഇരുട്ടിൽ ഞെരുങ്ങി സ്ഥിതി ചെയുന്നു. എന്റെ ഈ അവസ്ഥ ഓർത്തിട്ടാണ് എനിക്ക് ദുഃഖം."
ഇത് കേട്ട പർവതത്തിന് താഴ്‌വരയോട് സഹതാപം തോന്നി, മൗനമായി നിന്നു. താഴ്‌വര പിന്നെയും തന്റെ വിഷമങ്ങൾ പറയുവാൻ തുടങ്ങി. "അതുമാത്രമല്ല, വിശുദ്ധ വേദപുസ്തകത്തിൽ എന്നെ രേഖപെടുത്തിയിരിക്കുന്ന മിക്ക സന്ദർഭങ്ങളിലും എന്റെ അവസ്ഥ വേദനജനകമാണ്. ഉദാഹരണത്തിന്, താഴ്‌വരകളെ പൊതുവെ കണ്ണുനീരിന്റെയും, ദുഖത്തിന്റെയും, കൂരിരുളിന്റെയും, മരണത്തിന്റെയും യുദ്ധങ്ങളുടെയും, തോൽവികളുടെയും ഉറവിടമായി രേഖപെടുത്തിയിരിക്കുന്നു.
അതേസമയം, നീയോ പർവതമേ, ബൈബിൾ ഉടനീളം നീ മഹത്വവാനായി വിളങ്ങിനിൽക്കുന്നു. അത്യുന്നതനായ ദൈവത്തിന്റെ വാസസ്ഥലമായി, ദൈവീക കല്പനകളുടെയും പ്രമാണങ്ങളുടെയും ഉറവിടമായി, ആരാധനയുടെയും പ്രാർത്ഥനയുടെയും കേന്ദ്രമായി നീ നിലകൊള്ളുന്നു. എന്റെ ചുറ്റുമുള്ളവർക് നിരാശയുടെയും ദുഃഖത്തിന്റെയും അടയാളമായി ഞാൻ മാറുന്നുവോ എന്ന ചിന്തയിലാണ് ഇതൊക്കെയും ഞാൻ നിന്നോട് പങ്കുവെച്ചത്. "
തന്റെ മുന്നിൽ നിറക്കണ്ണുകളോടെ നിസ്സഹായനായി നിൽക്കുന്ന താഴ്‌വരയെ ഒരു ചെറുപുഞ്ചിരിയോടെ മാറോടാണച്ചശേഷം പർവതം ഇപ്രകാരം പറഞ്ഞു. പ്രിയ കൂട്ടുകാരാ, താഴ്‌വരയെ, നീ ഇതുവരെ പറഞ്ഞ കാര്യങ്ങൾ എല്ലംതന്നെ ഒരുപക്ഷെ ജീവിതത്തിൽ നീ കണ്ടെത്തിയ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാകാം. എന്നാൽ ഈ കണ്ടെത്തലുകൾക്കപ്പുറം, നീ തിരിച്ചറിയേണ്ട മറ്റൊരു യാഥാർഥ്യമുണ്ട്. നിന്നെ സൃഷ്ടിച്ച സർവ്വശക്തനായ ദൈവത്തിന്റെ പദ്ധതി. ആ ദൈവീക പദ്ധതിയിൽ മറഞ്ഞിരിക്കുന്ന സ്നേഹത്തിന്റെയും, സംരക്ഷണത്തിന്റെയും കരുതലിന്റെയും ആഴം.
പർവതങ്ങൾക് താഴെ ഭൂമിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന നിനക്ക് ആകാശവിതതാനത്തിൽ സംഭവിക്കുന്ന പ്രകൃതി വ്യത്യാനങ്ങളെ നേരിടേണ്ടി വരുന്നില്ല. സൂര്യാഘാതം, ഇടിമിന്നൽ, മഞ്ഞു, കൊടുംകാറ്റ്, കല്മഴ തുടങ്ങിയവയിൽ നിന്നെല്ലാം നീ സംരക്ഷിക്കപ്പെടുന്നു എന്ന് മനസിലാക്കുക. അതോടൊപ്പം തന്നെ യാതൊരു വിധ സവിശേഷതകളും നിനക്ക് ഇല്ല എന്ന് പറയുമ്പോൾ നീ വിസ്മരിക്കുന്നത്, ചരിത്രത്തിന്റെ മൂലകല്ലുകളായി കാണുന്ന പരിഷ്കാരത്തിന്റെയും നാഗരികതയുടെയും കാലഘട്ടങ്ങളെയാണ്. (Mesopotamian civilization, Egyptian civilization, Indus Valley Civilization )
ഇനി വചനാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ സങ്കീർത്തനങ്ങൾ ഇങ്ങനെ വായിക്കുന്നു: സങ്കീർ. 84:6 കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു. സങ്കീർ. 23:4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ;
കണ്ണുനീർ ആകട്ടെ, കൂരിരുൾ ആകട്ടെ, മരണഭീതി ആകട്ടെ, ഏതു പ്രതീകുല സാഹചര്യത്തിലും അവിടേക്കു ഇറങ്ങിവരുന്ന ദൈവ സാന്നിധ്യവും അനുഗ്രഹവും നാം കാണാതെ പോകരുത്. ജീവിതത്തിന്റെ ഏതു മോശപ്പെട്ട അവസ്ഥയിലും നമ്മുടെ ദൈവം നമ്മെ കരം പിടിച്ചു വഴിനടത്തും എന്ന് തിരിച്ചറിയുക. ഓർക്കുക, നിരാശകൾക്കും തോൽവികൾക്കും വിപരീതമായി,യിസ്രായേൽ മക്കൾക്കു മുന്നിൽ അസാധ്യമായി നിന്ന പല യുദ്ധവെല്ലുവിളികളിൽ വിജയം കൈവരിച്ചത് താഴ്‌വരകളിൽ ആയിരുന്നു.
താഴ്‌വരയെ, ഉന്നതികളിൽ കൊടുമുടികളോട് കൂടി വിശാലമായി പരന്നു കിടക്കുന്ന പർവതമായ ഞാൻ നേരിട്ട് കണ്ടു അറിഞ്ഞ ചില അനുഭവങ്ങളുണ്ട്. ബഹുജാതികൾക് പിതാവായ അബ്രഹാം തനിക് വാഗ്ദത്തസന്തതിയായി ലഭിച്ച യിസ്സഹാകിനെ യാഗം കഴിക്കുവാൻ മോറിയാമല കയറിവന്നപ്പോൾ, ആ പിതാവ് അനുഭവിച്ച വേദന ഞാൻ കണ്ടതാണ്.
അതുപോലെ തന്റെ ക്രൂശീകരണത്തിന് തൊട്ട് മുൻപ് വരെ ഒലിവ് മലയിൽ യേശു കരഞ്ഞു പ്രാർത്ഥിച്ച നിമിഷങ്ങളും ഞാൻ അറിഞ്ഞതാണ്. ആകയാൽ, താഴ്‌വരയെ, നിന്റെ സൃഷ്ടിപ്പിനെ ഓർത്തു ഇനി നീ ഒരിക്കലും പരാതിപെടരുത്. ഓരോ സൃഷ്ടിയും വ്യത്യസ്തമാണ്. നമ്മെ സൃഷ്ടിച്ച സൃഷ്ട്ടിതാവിന്റെ ഹിതപ്രകാരം ജീവിതം ക്രമീകരിക്കപെടുമ്പോൾ നാം മൂല്യമുള്ളവരായി മാറുന്നു. അങ്ങനെ നമുക്ക് ചുറ്റുമുള്ളവർക് നാം അനുഗ്രഹത്തിന് കാരണമാകുന്നു.
Advertisement










































