ഒന്നാമത്തെ പുതപ്പ് 

ഒന്നാമത്തെ പുതപ്പ് 

രണ്ടു പുതപ്പുള്ളവൻ്റെ രണ്ടാമത്തെ പുതപ്പ് പുതപ്പില്ലാത്ത മറ്റൊരുവന്റെ ഒന്നാമത്തെ പുതപ്പാണ്

സജി മത്തായി കാതേട്ട്

ഴിഞ്ഞയാഴ്ച കുമ്പനാടിനടുത്ത് ഐപിസി റാന്നി വെസ്റ്റ് സെൻ്ററിലെ ശുശ്രൂഷകന്മാരുടെ യോഗത്തിൽ എനിയ്ക്കും ജോസ് ജോൺ കായംകുളത്തിനും സന്ദീപ് വിളമ്പുകണ്ടത്തിനും പങ്കെടുക്കാൻ അവസരമുണ്ടായി. പാസ്റ്റർ സി.സി. ഏബ്രഹാമായിരുന്നു അധ്യക്ഷൻ. ഭൂരിപക്ഷവും ചെറുപ്പക്കാരായ സുവിശേഷകരായിരുന്നു. അവരോട് കൂടുതൽ സംസാരിക്കാനവസരം ലഭിച്ചപ്പോൾ സഭാവളർച്ചയും പ്രതിസന്ധികളും സാമ്പത്തികവും ഒക്കെ ചർച്ചയായി.

അതിലൊരു സുവിശേഷകൻ പറഞ്ഞത്, 'ഒരാളുടെ സാമ്പത്തിക പക്വതയും ആത്മീയതയുടെ അളവുകോലാണ് , ഇല്ലായ്‌മയിലും സമ്പന്നരായിരിക്കാൻ ഇക്കാലത്ത് ദൈവ കൃപ അനിവാര്യം തന്നെ'. ഈ വാക്കുകൾ എന്നെ ഏറെ ചിന്തിപ്പിച്ചു. ഇല്ലായ്‌മയിലും സമ്പന്നരായിരിക്കാൻ ദൈവഭക്തന്മാർക്കെ കഴിയൂ. ഇങ്ങനെയായിരിക്കാൻ എല്ലാവർക്കുമാവില്ല. പെന്തെക്കോസ്തതിലെ ആദ്യകാല പിതാക്കന്മാരുടെ ഒരു പ്രത്യേകതയായിരുന്നു അത്. ഇല്ലായ്‌മയിലും അവർ ഉത്സാഹികളായിരുന്നു. അവരുടെ പോക്കറ്റുകൾക്ക് കനം കുറവായിരുന്നെങ്കിലും കൈകളിൽ തക്കസമയത്ത് വേണ്ട പണം എത്തിയിരുന്നു. അതവർ പങ്കിടുമായിരുന്നു. അവർക്കു ലഭിച്ചതെല്ലാം അതുപോലെ മറ്റുള്ളവർക്കും നൽകുമായിരുന്നു. പക്ഷെ, അവരാരും സമ്പന്നന്മാരായിരുന്നില്ല. പുറമെ അവർ സമ്പന്നന്മാരെപോലെയായിരുന്നു.

ആത്മീയ അച്ചടക്കമുള്ള ഭവനത്തിൽ സാമ്പത്തിക അച്ചടക്കവും ഉറപ്പായിരിക്കും. സാമ്പത്തിക അച്ചടക്കമില്ലാത്തൊരു വ്യക്തിയെ ആത്മീയനാണെന്നു ഉറപ്പിക്കാനാവില്ല. കിട്ടുന്നതെല്ലാം പേഴ്സിൽ അഥവാ ബാങ്കിൽ കൂട്ടിവയ്ക്കുന്നതും സാമ്പത്തിക അച്ചടക്കമല്ല.

അരിവാങ്ങാൻ ബുദ്ധിമുട്ടുന്ന വിശ്വാസികളുള്ള സഭാശുശ്രൂഷകൻ ആഡംബര വീടുകൾ പണിയുകയും, പഴയ കാറുമാറ്റി വിലകൂടിയ വലിയ കാറുവാങ്ങുകയും ചെയ്യുന്നതും പാപം തന്നെ. സഹശുശ്രൂഷകൻ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുമ്പോൾ സഭാ പ്രസ്ഥാനത്തിലെ വലിയവർ വലിയ വീട്ടിലും കാറിലും ഇരുന്നരുളുന്നതും പാപം തന്നെ.

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പണത്തോടുള്ള വിവേക പൂർണമായ സമീപനമാണ്. ഒരു ഭക്തന്റെ സാമ്പത്തിക സ്വാതന്ത്യം എന്നത് ആത്മീയ അളവുകോലിൽ പറഞ്ഞാൽ, രണ്ടു പുതപ്പുള്ളവന്റെ രണ്ടാമത്തെ പുതപ്പ് പുതപ്പില്ലാത്ത മറ്റൊരുവന്റെ ഒന്നാമത്തെ പുതപ്പാണ്. അതു അർഹതയുള്ളവനു നൽകുന്നതാണ് ആത്മീയൻ്റെ സാമ്പത്തിക സ്വാതന്ത്ര്യം.

ആത്മീയന്റെ സാമ്പത്തിക സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ കരുതാനുള്ള മനോഭാവത്തിലധിഷ്ഠിതമാണ്. സഭാഫണ്ടിലും സെൻറർഫണ്ടിലും സൂക്ഷിച്ചിരിക്കുന്ന പണം പ്രയാസം അനുഭവിക്കുന്ന വിശ്വാസിക്ക്, ദുരിതമനുഭവിക്കുന്ന സഹശുശ്രൂഷകനു നൽകാതെ സംരക്ഷിച്ചു കരുതിവെച്ചതുകൊണ്ട് മഹിമ പറയാനില്ല. അതും പാപമാണ്.

ഉത്സാഹിയുടെ കൈയിൽ എപ്പോഴും പണമുണ്ടാവും. മറ്റുള്ളവർ എന്നെ സഹായിക്കും എന്നു കരുതുന്നതും അലസന്മാരുടെ ലക്ഷണമാണ്.

ആത്മീയരായ വ്യക്തികൾക്കു സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായാൽ അവിടെ സമാധാനമുണ്ടാവും. അവർ അനാവശ്യമായി ആരോടും മത്സരിക്കില്ല. ആരുമായും താരതമ്യം ചെയ്യില്ല. തനിക്കാവശ്യമുള്ളതെല്ലാം അധ്വാനത്തിലൂടെ നേടിയെടുക്കാൻ പരിശ്രമിക്കും. ഇല്ലായ്മകളെ ഓർത്ത് വ്യസനിച്ചിരിക്കാതെ, ജീവിതം കുറച്ചു കുടി മെച്ചപ്പെടാനുതകുന്ന പ്രചോദനാത്മകമായ കാര്യങ്ങളിൽ അവർ ഏർപ്പെടും.

ദൈവം വീടുപണിയാതിരുന്നാൽ, കാവലാളായി ഇല്ലാതിരുന്നാൽ പണിയുന്നവന്നവനും കാവൽക്കാരനും വൃഥാ അധ്വാനിക്കുകയും ജാഗരിക്കുകയും ചെയ്യുന്നു. സാമ്പത്തിക അച്ചടക്കമില്ലാത്തവർക്കു കൊട്ടാരസമാനമായ വീടുണ്ടെങ്കിലും അവർ അസംതൃപ്‌തരായിരിക്കും. 'എനിക്കു മാത്രം ഒന്നുമില്ല, മറ്റുള്ളവർക്കൊക്കെ സുഖമാണ്' എന്ന ചിന്ത അവരെ ഭരിക്കും. അതിൻ്റെ ഫലമോ അസൂയ, അമർഷം, ദേഷ്യം, കലി തുടങ്ങിയവയായിരിക്കും. ദൈവം തരുന്ന സമ്പത്ത് കൂട്ടിവയ്ക്കുന്നവരുടെ മനസ് ‘കലഹമുള്ള'തായിരിക്കും.

ഏതു സഹാചര്യത്തിലും ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ദൈവത്തെ സ്തുതിക്കട്ടെ.

നാം തന്നെ നമ്മുടെ ഡിസൈനർമാരാകുക. അതു ദൈവം തരുന്ന ഡിസൈനിൽ ആയാൽ മറ്റുള്ളവർക്ക് നാം അനുഗ്രഹമാവും.

Advertisement