സഭ ഇനിയെങ്കിലും...!

സഭ ഇനിയെങ്കിലും...!

സഭ ഇനിയെങ്കിലും...!

ർത്താവിന്റെ തിരുവുള്ളത്തിലെ സഭ  ഏതെല്ലാം തരത്തിൽ എന്തെല്ലാം ആയിതീരേണം എന്നുള്ളത് തിരുവചനത്തിൽ വളരെ വ്യക്തമായി പരാമർശിച്ചിരിക്കുന്ന കാര്യമാണ്. അതിൽ ഒന്ന് മുറിവേറ്റവർക്കും, ആലമ്പഹീനർക്കും, ആശ്വാസമറ്റവർക്കും അത്താണിയായും മാർഗ്ഗദർശിനിയായും തീരുവാൻ ഒരു മഹാ സത്രം അഥവാ ശരണാലയം ആയിതീരുവാൻ തന്നെയാണ്. 

ശാരീരികമായി മാത്രമല്ല ആത്മീകമായി വിശന്നും, ദാഹിച്ചും, രോഗിയായും, നഗ്നനായും, തടങ്കിൽ അകപ്പെട്ടും ഇരിക്കുന്നവരെ എത്രമാത്രം സഭയ്ക്ക് ചേർത്ത് നിർത്തുവാൻ  ഇന്ന് കഴിയുന്നുണ്ട്? അവരോട് സ്നേഹവും കരുതലും ഉണ്ടെന്ന്  പറയുമ്പോഴും കർത്താവിന്റെ തുലാസ്സിൽ അത് എത്ര മാത്രം സ്വാർത്ഥവും വൈകല്യങ്ങൾ നിറഞ്ഞവയുമായിരിക്കുന്നു! അത്‌ നമ്മുടെ അനുദിന പെരുമാറ്റനയങ്ങൾ  സൂക്ഷ്മമായി സ്വയം വിശകലനം ചെയ്താൽ മനസിലാക്കാനാകും. 

പകരക്കാരനായ ക്രിസ്തുവിന്റെ സ്നേഹത്താൽ പ്രതിനിധിക്കാത്ത ഏത് ഭാവവും മാനുഷിക പരിമിതികളും പോരായ്മകളും നിറഞ്ഞവയാണ്. അവ ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ ഇന്ന് വളരെ വേദനാജനകവും ഭയാനകവുമാണ്. 
മുറിവേറ്റു വരുന്നവരെ വാക്കുകൾക്കൊണ്ടും ചിന്തിയില്ലാത്ത പ്രവർത്തികൾക്കൊണ്ടും കൂടുതൽ മുറിവേല്പിച്ചും, ലജ്ജിതരായി വരുന്നവരെ അപമാനിച്ചും കുറ്റപ്പെടുത്തിയും, വിശന്നുവരുന്നവരെ സ്വാർത്ഥ നടപടികൾക്കായി പാകപ്പെടുത്തിയും, ദാഹിച്ച് വരുന്നവർക്ക് കയ്പ്പ് സമ്മാനിച്ചും, പലതരം തടവുകളിൽ അകപ്പെട്ടവർക്ക് ആശ്വാസത്തിന് പകരം ഒരു കാരുണ്യത്തിന്റെ അംശംപോലും ഇല്ലാത്ത പരീക്ഷ ഭക്തിയുടെ സമീപനവുമായി ഇന്ന്  'ആത്മീയ ലോകം' മാറിക്കൊണ്ടിരിക്കുന്നു.

അതിനെല്ലാം അപ്പുറം, സഭയെന്ന സത്രത്തിന്റെ നടത്തിപ്പുക്കാരായും കാവൽക്കാരായും പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടവർ തന്നെ- വസ്ത്രം അഴിക്കുവാനും, മുറിവേൽപ്പിക്കുവാനും, അർദ്ധപ്രാണരായി വഴിതലയ്ക്കൽ വിട്ടേച്ചു പോകുവാനും തുടങ്ങിയാലുള്ള സ്ഥിതിയോ? ഇത് ഏറ്റവും കൂടുതൽ നേരിടുന്നതും ബാധിക്കുന്നതും  സഭകളിലെ കുട്ടികളെയും യൗവനക്കാരെയുമാണ്.

വിശ്വസിച്ച് ഏല്പിക്കാൻ കഴിയാത്ത സുരക്ഷിതമല്ലാത്ത സത്രങ്ങളായി ഇന്ന് ഓരോ സഭകളും ഭവനങ്ങളും മാറിക്കൊണ്ടിരിക്കുന്നു.  സ്വന്തം വീട്ടിൽ പോലും അവിശ്വസനീയമായ തലത്തിലുള്ള ഇടപാടുകളും, ക്രൂരതയും, ഹീന കൃത്യങ്ങളും ഇന്ന് യുവജനങ്ങൾ നേരിടുന്നു. വീട്ടിൽ വന്നു മാതാപിതാക്കളെ മറച്ച് ചൂഷണം ചെയ്യവാൻ ധൈര്യപെടുന്നവർ പോലും നമ്മുടെ ഇടയിലുണ്ട്. പുറത്തു പറഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകളും ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തുലകളും ഓർത്ത്, ഇന്ന് പലരും പലതും മറച്ചുവെക്കുന്നു എന്നുമാത്രം. 

ആത്മീക അന്തരീക്ഷത്തിൽ തികച്ചും സുരക്ഷിതരായി വളർത്തപ്പെടേണ്ടുന്ന നമ്മുടെ  തലമുറയ്ക്ക്, ഇന്ന് പുറം ലോകത്തിൽ നിന്നുള്ള വെല്ലുവിളികളെക്കാൾ, കൂടുതൽ മുറിവുകളും വേദനയും ഉളവാക്കുന്നത് ആത്മീയ ലോകത്തിൽ നിന്നുള്ളവരുടെ തതുല്യമായ പ്രവർത്തികളിൽ നിന്നുമാണ്. 

ഇന്നത്തെ സഭകളിൽ സർവസാധാരണണമായ സഭരാഷ്ട്രീയവും, അഭിനയവും, കപട ഭക്തിയും പുതു തലമുറ പാടെ വെറുക്കുന്നുവെന്നും, അത്‌ അവരെ വിശ്വാസത്തിൽ നിന്ന് പോലും അകറ്റുകയാണെന്നുമുള്ള സത്യം സഭ ഇനിയെങ്കിലും തിരിച്ചറിയണം. സത്യം അന്വേഷിക്കുന്ന അവർക്ക് ജീവന്റെ അപ്പം ആകുന്ന യഥാർത്ഥ വചനം കിട്ടാതെ വരുമ്പോൾ വിലാപങ്ങൾ 4ാം അധ്യായത്തിൽ പറയുന്നതുപോലെ അവർ പട്ടിണി കിടക്കുന്നു, പലതരം കുപ്പകളെയും  ആലിംഗനം ചെയ്യുന്നു. അതിനാൽ അവർ നാശത്തിന്റെ വഴിയിലേയ്ക്ക് പോകുന്നു, ജീവിതത്തിൽ തളർന്നു പോകുന്നു, പ്രാണൻ നഷ്ടപെടുന്നു!

ഇതിന്റെ ഉത്തരവാദിത്തം അപ്പം ലഭിക്കാതിരുന്ന കുഞ്ഞുങ്ങൾക്കോ അതോ, അവർക്ക്  നുറുക്കികൊടുക്കാതിരുന്നവർക്കോ? ദൈവവചനത്തിന്റെ പ്രമാണങ്ങളും ഉപദേശങ്ങളും അവരില്ലേയ്ക്ക് വേണ്ടും പോലെ കൈമാറാതെ മായം കലർത്തിയ വേറൊരു സുവിശേഷം അവരിലേയ്ക്കു എത്തിച്ചത് യുവജനങ്ങൾ നേരിടുന്ന ഇന്നത്തെ പ്രതിസന്ധികൾക്ക് പ്രധാന കാരണമാണ്. സത്യവിശ്വാസം തലമുറ തലമുറയായി കൈമാറി വന്നപ്പോൾ  എവിടെയൊക്കെയോ പാകപിഴകൾ സംഭവിച്ചുവോയെന്ന് നമ്മൾക്ക് ഒന്ന് സ്വയം പരിശോധന നടത്താം. അല്ലെങ്കിൽ അത്‌ സഭയുടെ ദൈവീക ഉത്തരവാദിത്തങ്ങളോടുള്ള തിരസ്കരണവും വഞ്ചനയും തന്നെ.

സത്യവചനം ദുർലഭമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ദാഹിച്ച് നാക്ക് അണ്ണാക്കോട് വറ്റിയിരിക്കുന്ന പൈതങ്ങൾക്ക് അവരുടെ എല്ലാ ദാഹവും തീർക്കുന്ന  കർത്താവിങ്കെല്ലേക്ക് അവരെ യഥാർത്ഥമായി അടുപ്പിക്കുവാൻ  സഭയ്ക്ക് കഴിയുന്നുണ്ടോ? എല്ലാ മുറിവുകളെയും ഉണക്കുവാനും വ്യക്തികളെ രൂപാന്തരപ്പെടുത്തുവാനും മതിയായ പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ ഉപദേശത്തിലൂടെയും ജീവിതത്തിലൂടെയും എത്രത്തോളം  വരച്ചുകാണിച്ചു കൊടുക്കാൻ സഭയ്ക്കും അതിന്റെ നേതൃത്വത്തിനും ഇന്ന് കഴിയുന്നുണ്ട്?

ഇതിന്റെയെല്ലാം മധ്യത്തിൽ സ്തംഭിച്ചുനിൽക്കുന്നതും ഇല്ലാതായികൊണ്ടിരിക്കുന്നതും  വിശ്വാസത്തിൽ നിന്ന് തന്നെ അന്യപ്പെട്ട് പോയികൊണ്ടിരിക്കുന്നതും നമ്മുടെ കുരുന്നുകളാണ്. നാളെത്തെ നമ്മുടെ സഭയാണ്! 
അടുത്ത തലമുറയുടെ ഈ രോധനവും നിസ്സഹായ അവസ്ഥയും സഭ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് മുൻപോട്ട് പോയില്ലെങ്കിൽ വൻവില കൊടുക്കേണ്ടി വരുമെന്നുള്ള യഥാർഥ്യമാണ് നാം മനസിലാക്കേണ്ടത്.

ഇവിടെ കുറ്റപ്പെടുത്തലുകൾക്കും പഴിചാരലിനും പ്രസക്തിയില്ല, പക്ഷെ തിരിച്ചറിവുകളോടെ ഏറ്റുപറച്ചിലിലൂടെ, നമ്മളെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളില്ലേക്ക് മടങ്ങിവരേണ്ടുന്ന ആവശ്യമുണ്ട്. ഇതിൽ സഭയിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ  പങ്കുമുണ്ട്.

എവിടെയല്ലാമാണ് നമ്മുടെ കാഴ്ചപ്പാടുകൾ മങ്ങിയതെന്നും, പ്രാർത്ഥനയുടെ മതിൽ ഇടിഞ്ഞതെന്നും, വീണുപോയതെന്നും തിരിഞ്ഞുനോക്കാം. ശത്രുവിന്റെ തന്ത്രം വിജയിക്കാതെയിരിക്കുവാൻ നമ്മുക്ക് ഒറ്റക്കെട്ടായി എഴുന്നേൽക്കാം. നാളെത്തെ സഭയെ ഉത്തരവാദിത്വത്തോടെ വാർത്തെടുക്കുന്ന,  മതിൽ കെട്ടി സൂക്ഷിക്കുന്ന,  സ്നേഹത്തോടെ ചേർത്ത് നിർത്തി ശുശ്രുഷിക്കുന്ന ഒരു മഹാസത്രമായി സഭയായ നമ്മുക്ക് ഓരോരുത്തർക്കും മാറാം.

യുവജനനങ്ങളോട് ഒരു വാക്ക്:

നിങ്ങളോ നിങ്ങളുടെ അറിവിൽ ആരെങ്കിലുമൊ ഈ അനുഭവത്തിലൂടെ കടന്നുപോകുന്നുവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയുള്ള മാപ്പ് പറച്ചിലൂടെയാണ് ഇത്. നിങ്ങളുടെ മുറിവിന് പ്രസക്തിയുണ്ട്. അത് കർത്താവിന്റെ മുൻപിൽ വിലപ്പെട്ടതാണ്.  നിങ്ങളെ പുറത്തു കൊണ്ടുവരുവാനും മുറിവ് ഉണക്കുവാനും ദൈവം ആഗ്രഹിക്കുന്നു. ജഡികരുടെയും ആത്മീകരടെയും ഒരു മിശ്രിതമായി സഭകൾ ആയിരിക്കുമ്പോൾ, തിരിച്ചറിവുകൾ ഇല്ലാതെയും അല്ലാതെയും പിശാചിന്റെ തന്ത്രങ്ങളോട് തോറ്റു പോകുന്നവർ നമ്മുടെ ഇടയിൽ ഉണ്ടെന്ന് തിരിച്ചറിയുക. ഒരു തരത്തിലുള്ള ചൂഷണവും ആരിൽനിന്നും തന്നെയായാലും, 
ഭയത്തിൽ നിങ്ങൾ അവയൊന്നും മറച്ചു പിടിച്ച് സഹിച്ചുകൊണ്ട് ഇരിക്കേണ്ടുന്ന ആവശ്യമില്ലെന്ന് നിങ്ങൾ മനസിലാക്കുക. 
നിങ്ങളുടെ ഭയമാണ് അവരുടെ ആയുധം. അതിന് കീഴ്പ്പെടാതെ പ്രതികരിക്കേണ്ടിയെടുത്ത് ശക്തമായ നിലപാടുകൾ ഉന്നയിക്കാനും സ്വീകരിക്കാനും ദൈവം സഹായിക്കട്ടെ. 

ഇതിന്റെ എല്ലാം മധ്യത്തിലും കർത്താവ് ഒരു ശേഷിപ്പിന്നെ ശക്തമായി എഴുന്നേൽപ്പിച്ചുകൊണ്ടിരിക്കുന്നു. യഥാർത്ഥ ഉപദേശ സത്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് വേണ്ടി ധീരതയോടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിലകൊള്ളുന്ന ഒരു യുവ തലമുറ. ആ കൂട്ടത്തിൽ നിങ്ങൾ ഓരോരുത്തരും ആയിതീരുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.

Advertisement