ഒരു തിരച്ചില്‍ കഥ
ഒരു തിരച്ചില്‍ കഥ
56 വര്‍ഷം മുമ്പ് 1968-ല്‍ ഹിമാചല്‍പ്രദേശിലെ റോത്തങ്ങ്പാസില്‍ ഒരു സൈനിക വിമാനപകടമുണ്ടായി. എഎന്‍-12 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്ന ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കുന്നു. നമ്മള്‍ ദൈവമക്കള്‍ ഭരണകര്‍ത്താക്കള്‍ക്കും, ഭടന്മാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നവരാണല്ലോ. വെറുതെയോ അവര്‍ വാള്‍ വഹിക്കുന്നത് എന്ന തര്‍ജമ ഇന്നത്തെ ഭാഷയില്‍ ഇങ്ങനെ വായിക്കാം.
നമ്മുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണല്ലോ അവര്‍ തോക്കും ചുമന്ന് അതിര്‍ത്തികളില്‍ നില്‍ക്കുന്നത് (റോമ. 13:4). തിരച്ചിലിന്‍റെ ശ്രേഷ്ഠത മാത്രമല്ല, പ്രകൃതിയിലെ ഫ്രീസര്‍ എന്ന അത്ഭുത പ്രതിഭാസത്തേയും ഈ സംഭവം പ്രകാശിപ്പിക്കുന്നു. രാജ്യത്തിന്‍റെ ഏറ്റവും വലിയ തിരച്ചില്‍ ദൗത്യമായിരുന്നു ഇത്.
കേരളക്കാരനായ ഒരു അനുഗ്രഹീതഭടനും ആ കൂട്ടത്തിലുണ്ടായിരുന്നതുകൊണ്ടു നമുക്കും സന്തോഷിക്കാം. 102 സൈനികര്‍ ആ വിമാനത്തിലുണ്ടായിരുന്നെങ്കിലും 9 പേരെ മാത്രമെ ഇതുവരെ കണ്ടെത്താനായുള്ളു. ഇനിയും തിരച്ചില്‍ തുടരുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ഉത്തരവാദിത്വവും ആത്മാര്‍ഥതയും അംഗീകരിക്കേണ്ടതുതന്നെ. സ്വന്തം വീട്ടുകാരുടെപോലും പ്രതീക്ഷ നശിച്ചു എങ്കിലും സൈന്യത്തിന്‍റെ തിരച്ചില്‍ നിര്‍ത്തിയിട്ടില്ല. മഞ്ഞില്‍ പൊതിഞ്ഞുകിടന്ന ശരീരം ലഭിച്ചപ്പോള്‍ അത് ആരാണെന്നു മനസ്സിലാക്കി. അവരുടെ വീട്ടിലെത്തി ബഹുമാനത്തോടെ സൈനിക
ബഹുമതികളോടെ 56 വര്‍ഷം പഴക്കമുള്ള തോമസ് ചെറിയാന്‍റെ ശരീരം സംസ്ക്കരിക്കുന്ന കാഴ്ച മറക്കാന്‍ കഴിയില്ല. മരിച്ചിട്ട് അരനൂറ്റാണ്ടു കഴിഞ്ഞെങ്കിലും ആ വീട്ടുകാരുടെയും നാട്ടുകാരുടെയും സന്തോഷം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. ബാക്കി 93 പേരുടെ ഭവനത്തിലും ഇതുപോലൊരു സന്തോഷമെങ്കിലും കൊടുക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിക്കുന്നു. പ്രാര്‍ഥിക്കുന്നു.
മറ്റൊരു തിരച്ചില്‍ ദൗത്യം 75 ദിവസംകൊണ്ട് ലക്ഷ്യം കണ്ടു. നമ്മുടെ പ്രിയ അര്‍ജുന്‍മോനു കളിക്കാന്‍ വാങ്ങിയ ലോറിയും ക്യാബിനില്‍വച്ചായിരുന്നു യാത്ര. വലിയ ലോറിആകെ തകര്‍ന്നുപോയെങ്കിലും കുഞ്ഞിന്‍റെ കൊച്ചുലോറി കേടുകൂടാതെ ലഭിച്ചു. ഏതു മനുഷ്യനെയും കരളലിയിപ്പിക്കുന്ന കാഴ്ച ആയിരുന്നുഅത്. അര്‍ജുന്‍ എന്ന നമ്മുടെ സഹോദരനെ ജീവനോടെ ലഭിക്കാന്‍ അറിഞ്ഞ മലയാളികളൊക്കെ പ്രാര്‍ഥിച്ചു, പക്ഷെ ലഭിച്ചില്ല. എന്നാല്‍ 75-ാം ദിവസത്തില്‍ ലഭിച്ച അവശിഷ്ടങ്ങള്‍ അല്പമല്ലാത്ത ആശ്വാസം പ്രദാനം ചെയ്തു.
നൂറ്റാണ്ടുകളായി മറ്റൊരു തിരച്ചില്‍ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ലൂക്കോസിന്‍റെ സുവിശേഷം 19-ാം അധ്യായം 10-ാം വാക്യത്തില്‍ അതു കാണാം. കാണാതെപോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രനായ യേശുകര്‍ത്താവ് വന്നത് എന്നാണതിന്‍റെ ആശയം. ഏദനില്‍ ആദിമനുഷ്യനെ ഒരു ദിവസം കാണാതെപോയി. സര്‍വ്വശക്തനായ ദൈവം അന്നാരംഭിച്ചതാണി തിരച്ചില്‍. മനുഷ്യാ നീ എവിടെ? അര്‍ജുനനെ അന്വേഷിക്കാന്‍ മനുഷ്യസ്നേഹികളായ സ്വയം സേവാസംഘങ്ങള്‍ മതവും ജാതിയും മറന്നണിനിരന്നതോര്‍മ്മയില്ലേ? വയനാട്ടുദുരന്തത്തിലും എന്തൊരു മനുഷ്യസ്നേഹവും കൂട്ടായ്മയുമാണ് കേരളം കണ്ടത്. ലോകരക്ഷകന്‍റെ മഹാനിയോഗത്തില്‍ പങ്കാളിയാകാന്‍ എന്തേ ആരും മുന്നോട്ടുവരാത്തത്? ഒരാള്‍ക്കുവേണ്ടിയും, ആറു
പേര്‍ക്കു വേണ്ടിയും ഇത്ര അധികം പണം ചിലവഴിച്ച് രക്ഷദൗത്യം നടത്തുന്നു.
എന്നാല്‍ ഇന്ത്യയിലെ 140 കോടി മനുഷ്യര്‍ക്കുവേണ്ടി ആരു തിരയും? ദൈവത്തില്‍ നിന്നകന്നുപോയ ഈ ജനകോടികളെ തിരയാന്‍ ദൈവം നമ്മെ ആക്കി വച്ചിരിക്കുന്നു. കക്ഷിഭേദം മറന്നു നാം തിരയണം. വയനാട്ടില്‍ നഷ്ടപ്പെട്ടവരെ ഡാളസ്സില്‍ തിരഞ്ഞാല്‍ കിട്ടുമോ? കാര്‍ഗിലില്‍ നഷ്ടപ്പെട്ടവരെ കാനഡയില്‍ തിരഞ്ഞാല്‍ കിട്ടുമോ? നമ്മുടെ തിരച്ചില്‍ ആത്മീയമരണം സംഭവിച്ചവര്‍ക്കു വേണ്ടിയാണ്. സുവിശേഷത്താല്‍ അവരെ കണ്ടെത്തിയാല്‍ അവന്‍ ആത്മീയമായി ഉയിര്‍ത്തെഴുന്നേല്‍ക്കും. ലോകത്തിന്‍റെ തിരച്ചില്‍ കേവലം അവശിഷ്ടങ്ങള്‍ക്കുവേണ്ടി മാത്രമാകുമ്പോള്‍, നമ്മുടെ തിരച്ചില്‍ മരിച്ചവരെ ജീവിപ്പിക്കുവാന്‍ വേണ്ടിയത്രെ. ഹാ!
എത്ര മഹത്തായ ദൗത്യം. കൊയ്ത്തു വളരെ, കൊയ്ത്തുകാര്‍ ചുരുക്കം. ഈ മഹാദൗത്യത്തിനു ഒത്തിരിപേരുടെ സഹായം ആവശ്യമാണ്. പട്ടാളക്കാര്‍ വയനാട്ടില്‍ ബെയ്ലിപ്പാലം നിര്‍മിച്ചു. അതു ആ ദൗത്യത്തില്‍ മഹത്തായ സംഭാവനയായിരുന്നു. പിന്നെ ആഹാരവിതരണം നടത്തിയവര്‍ എത്ര ശ്രേഷ്ഠമായ കാര്യമാണ് ചെയ്തത്. എല്ലാവിധ ജോലിക്കാരെയും ഇതുപോലെയുള്ള ദൗത്യത്തിനാവശ്യമാണ്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാചകക്കാര്‍, ചുമട്ടുകാര്‍, ക്ലീനിഗുകാര്‍, വ്യാപരികള്‍, വ്യവസായികള്‍ എന്തിനേറെ നായ്ക്കള്‍പോലും വയനാട്ടു രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ കണ്ടു.
ലോകരക്ഷകനായ യേശുവിന്‍റെ സുവിശേഷരക്ഷാദൗത്യത്തില്‍ പങ്കെടുക്കാന്‍ എല്ലാവിധ തൊഴില്‍ക്കാരെയും ആവശ്യമുണ്ട്. കുറച്ചുപേര്‍ മാത്രം ഇടയശുശ്രൂഷ ചെയ്താല്‍ രക്ഷാദൗത്യം പൂര്‍ത്തിയാകില്ല. പഴയ പൗരോഹിത്യത്തിന്‍റെ രീതിയിലാണിപ്പോള്‍ നമ്മുടെയും തിരച്ചില്‍, കാണാതെ പോയവര്‍ ഇങ്ങോട്ടുവരട്ടെ. ഞങ്ങള്‍ ലൊക്കേഷന്‍ മാപ്പയച്ചുതരാം എന്നാണ് നവീന നിലപാട്. പിന്നെ കുറച്ചുപേര്‍ തിരയുന്നുണ്ട് അവര്‍ തിരുവല്ല, പത്തനംതിട്ട, കോട്ടയം, കൊട്ടാരക്കര ഭാഗങ്ങള്‍ കൂട്ടംകൂടി തിരയുകയാണ്, കഷ്ടം! കുറച്ചുപേര്‍ മധ്യപ്രദേശിലേക്കും, കര്‍ണ്ണാടകയിലേക്കും, മഹാരാഷ്ട്രയിലേക്കും, യുപിയിലേക്കും പോയിരുന്നെങ്കില്‍? ബീഹാറിലേക്കും, ബംഗാളിലേക്കും പോയിരുന്നെങ്കില്‍?
75 ദിവസമല്ല, 56 വര്‍ഷവുമല്ല, മാനവചരിത്രത്തോളം പഴക്കമുണ്ടീ തിരച്ചിലിനും. കാണാതെ പോയതിനെ കിട്ടുമ്പോള്‍ സ്വര്‍ഗത്തിലെ സന്തോഷം ഓര്‍ത്താല്‍ എങ്ങനെ ദൗത്യത്തില്‍ പങ്കാളിആകാതിരിക്കും (ലൂക്കോസ് 15:1-10)
Advertisement