ആദ്യ സ്‌നാനത്തൊട്ടിയിലെ പ്രഥമ സ്നാനം

ആദ്യ സ്‌നാനത്തൊട്ടിയിലെ പ്രഥമ സ്നാനം
റ്റി.എം. വർഗ്ഗീസ്

ചരിത്രത്തിലൂടെ...

ആദ്യ സ്‌നാനത്തൊട്ടിയിലെ പ്രഥമ സ്നാനം

സന്ദീപ് വിളമ്പുകണ്ടം  

ന്ന് കേരളത്തിലെ എല്ലാ മിക്ക പെന്തെക്കോസ്ത് സഭകൾക്കും ഹാളിനോട് ചേർന്ന് സ്വന്തമായി സ്നാന കുളങ്ങളുണ്ട്. ആരംഭകാലത്തു ആറുകളും തോടുകളുമായിരുന്നു സ്നാനത്തിനു തിരഞ്ഞെടുത്ത സ്ഥലം. പാട്ടുകൾ പാടി ആളുകൾ കൂട്ടമായി സ്നാനപെടാൻ പോകുന്നത് ഒരു ഭംഗി തന്നെയായിരുന്നു. കേരളം പോലൊരു സ്ഥലത്ത് ആറുകളും തോടുകളും സുലഭമായതിനാൽ ഇതൊരു ബുദ്ധിമുട്ടല്ലായിരുന്നു. മറ്റൊന്ന് തങ്ങളുടെ വിശ്വാസപ്രമാണത്തിൻ്റെ പരസ്യമായ സാക്ഷ്യത്തിന് ആറുകളും തോടുകളും വേദികളാക്കുന്നത് സുവിശേഷത്തിന്റെ വ്യാപനത്തിനും സഹായകരമായിട്ടുമുണ്ട്. എന്നാൽ ഇന്ന് പല സാഹചര്യങ്ങളാൽ സഭാഹാളിനോട് ചേർന്ന് സ്നാന കുളങ്ങൾ നിർമിക്കേണ്ടതായി വന്നു. ഇന്ന് വിരളമായി മാത്രമേ ആറുകളും തോടുകളും സ്നാനത്തിനു സാക്ഷ്യം വഹിക്കാറുള്ളു.

1928ലാണ് കേരളത്തിൽ പെന്തെക്കോസ്‌തർക്കിടയിലെ ആദ്യസ്‌നാനത്തൊട്ടിലെ ആദ്യം സ്നാനം നടന്നത്. മുളക്കുഴയിൽ അദ്ധ്യാപകനായിരുന്ന റ്റി.എം. വർഗീസ് സ്നാനപ്പെടാൻ താൽപര്യപ്പെടുകയും കുടുംബക്കാരും സ്ഥലവാസികളും വിവരമറിഞ്ഞ് പ്രക്ഷുബ്ധരായി സ്നാനം മുടക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ കുക്ക് സായ്പ് തന്റെ വാസസ്ഥലമായ സീയോൻകുന്നിൽ, പാശ്ചാത്യലോകത്ത് സാധാരണമായ സ്നാനത്തൊട്ടി നിർമ്മിച്ച് വർഗീസിനെ അതിൽ സ്നാനപ്പെടുത്തി. 1928 ലായിരുന്നു ഈ സംഭവം. കേരളത്തിൽ പെന്തെക്കോസ്‌തർക്കിടയിലെ ആദ്യസ്‌നാനത്തൊട്ടിയായിരുന്നു ഇത്. അതിൽ ആദ്യം സ്നാനപ്പെട്ടത് റ്റി.എം. വർഗ്ഗീസും.

പുത്തൻകാവ് ആലുംമൂട്ടിൽ തോട്ടുംകര കുടുംബത്തിൽ 1898-ൽ ജനിച്ച റ്റി.എം. വർഗ്ഗീസ് 1918-ൽ രക്ഷിക്കപ്പെട്ടു. കോളേജു വിദ്യാഭ്യാസത്തിനുശേഷം കോട്ടയത്ത് ബേക്കർ ഗേൾസ്‌ ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരിക്കെ, സുവിശേഷവേലയ്ക്കായി ദൈവവിളി ഉണ്ടായതിനെത്തുടർന്ന് ജോലി രാജിവെച്ചു. അപ്പോഴും എങ്ങനെയാണ് സുവിശേഷവേല നിർവ്വഹിക്കേണ്ടതെന്ന് അദ്ദേഹത്തിന് ഊഹമില്ലായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കൂട്ടി വർഗ്ഗീസ് മുളക്കുഴയിൽ താമസമാക്കി.

1927-ൽ കുക്ക് സായ്‌പ് മുളക്കുഴ സീയോൻകുന്നിൽ താമസിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൾ ബ്ലോസ്സത്തെ മലയാളം പഠിപ്പിച്ചിരുന്നത് റ്റി.എം. വർഗ്ഗീസ് ആയിരുന്നു. ബ്ലോസ്സത്തിൽ നിന്നുമാണ് വർഗ്ഗീസ് വിശ്വാസസ്നാനോപദേശത്തിൻറെ ആദ്യപാഠങ്ങൾ പഠിക്കുന്നത്.

1929-ൽ പ്രസിദ്ധമായ പൂവത്തൂർ ഉണർവ്വകാലത്ത് റ്റി.എം. വർഗീസും ആത്മസ്നാനം പ്രാപിച്ചു. കുക്ക് സായ്‌പ് വർഗ്ഗീസിനെ തൻ്റെ കീഴിലുള്ള സഭകളുടെ ഫീൽഡ് സെക്രട്ടറിയായി നിയമിച്ചു. പല പ്രതിസന്ധി ഘട്ടങ്ങളിലും ദൈവസഭയെ ഒരു പ്രസ്ഥാനമായി നിലനിർത്തുന്നതിൽ പാസ്റ്റർ റ്റി.എം. വർഗ്ഗീസ് വഹിച്ചിട്ടുള്ള പങ്ക് വളരെയേറെയാണ്. പിന്നീട് ഫീൽഡ് സെക്രട്ടറി സ്ഥാനത്തുനിന്നു റിട്ടയർ ചെയ്തപ്പോഴും പൊതുവായ പ്രവർത്തനങ്ങളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ദൈവസഭയ്ക്ക് നേതൃത്വം കൊടുത്തു. 1985 ജൂൺ 5 നു റ്റി. എം. വർഗ്ഗീസ് കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

കടപ്പാട്: കേരള പെന്തെക്കോസ്ത് ചരിത്രം - സാജു ജോൺ മാത്യു

Advertisement