ശതാബ്ദി നിറവില്‍  ചര്‍ച്ച് ഓഫ് ഗോഡ് സണ്‍ഡേസ്‌കൂൾ

ശതാബ്ദി നിറവില്‍  ചര്‍ച്ച് ഓഫ് ഗോഡ് സണ്‍ഡേസ്‌കൂൾ

മുളക്കുഴ: ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രിസ്തു മാര്‍ഗമോതിയ സണ്‍ഡേസ്‌കൂള്‍ എന്ന മഹാപ്രസ്ഥാനം ചര്‍ച്ച് ഓഫ് ഗോഡില്‍ സ്ഥാപിതമായിട്ട് 100 വര്‍ഷങ്ങള്‍ തികയുകയാണ്. ജൂബിലിയോടനുബന്ധിച്ച് ലോഗോ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പുറത്തിറക്കി.

കേരള പെന്തെക്കോസ്ത് പ്രസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന ശില പാകിയ മിഷണറി വര്യന്‍ റോബര്‍ട്ട് ഫെലിക്‌സ് കുക്ക് കേരളത്തില്‍ മദ്ധ്യതിരുവിതാകൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിക്കുന്ന സമയങ്ങളില്‍ തന്നെ കുഞ്ഞുങ്ങളുടെ ഇടയിലെ ശുശ്രൂഷകളും ആരംഭിച്ചിരുന്നു. 

ചെങ്ങന്നൂര്‍ പുത്തന്‍കാവ് ആലുംമൂട്ടില്‍ പാസ്റ്റര്‍ ടി.എം.വര്‍ഗീസ് 1925-ല്‍ സണ്‍ഡേസ്‌കൂളിന്റെ പ്രഥമ സെക്രട്ടറിയായി നിയമിതനായി. പാസ്റ്റര്‍ കുക്കിന്റെ ഓഫീസ് സെക്രട്ടറിയായും അദ്ദേഹം ഈ കാലങ്ങളില്‍ പ്രവര്‍ത്തിച്ചു. 1931 വരെ പാസ്റ്റര്‍ ടി.എം. വര്‍ഗീസ് ആയിരുന്നു സണ്‍ഡേ സ്‌കൂളിന്റെ സെക്രട്ടറി. 1973 ഗോള്‍ഡന്‍ ജൂബിലിയോട് അനുബന്ധിച്ച് ദൈവസഭ പുറത്തിറക്കിയ 'ദൈവസഭ പിന്നിട്ട 50 വര്‍ഷങ്ങള്‍' എന്ന പുസ്തകത്തില്‍ 31,34 പേജുകളില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. തുടര്‍ന്ന് എ.സി മാമന്‍, വി.ജെ വര്‍ഗീസ്, പി.വി തോമസ് എന്നിവര്‍ സെക്രട്ടറിമാരായി സേവനമനുഷ്ഠിച്ചു. 1963 മുതല്‍ 1971 വരെ പാസ്റ്റര്‍ സി.കെ ജോണ്‍ സണ്‍ഡേസ്‌കൂള്‍ സെക്രട്ടറിയായി നിയമിതനായി. 1972 മുതല്‍ യൂത്ത് ഡയറക്ടര്‍ക്ക് സണ്‍ഡേ സ്‌കൂളിന്റെ അധിക ചുമതല നല്‍കി വന്നു. എന്നാല്‍ 1995 മുതല്‍ പാസ്റ്റര്‍ പി. എ. വി. സാമിന്റെ കാലത്ത് സണ്‍ഡേസ്‌കൂളിന് ബോര്‍ഡ് നിലവില്‍ വരികയും കാലാകാലങ്ങളില്‍ പ്രസിഡണ്ടിനെയും സെക്രട്ടറിയെയും സഭാ നേതൃത്വം നിയമിച്ച് ഇന്നു വരെ സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. ഇപ്പോൾ പാസ്റ്റർ വി.പി. തോമസ് സ്റ്റേറ്റ് പ്രസിഡൻ്റായും പാസ്റ്റർ സാലു വർഗീസ് സ്റ്റേറ്റ് സെക്രട്ടിയായുമുള്ള 19 അംഗ ബോർഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കേരള പെന്തക്കോസ്തു സണ്‍ഡേസ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായി ശതാബ്ദി ആഘോഷിക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനം വിവിധങ്ങളായ കര്‍മ്മപദ്ധതിയോടെ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുവാന്‍ ആഗ്രഹിക്കുകയാണ്. 'ക്രിസ്തു കേന്ദ്രീകൃത സണ്‍ഡേസ്‌കൂള്‍, ബാലസൗഹൃദ സഭ' എന്നതാണ് ജൂബിലി മുദ്രാവാക്യം.

Advertisement