കണക്ടഡ് ലോകവും “ഐസൊലേഷൻ സ്റ്റേഷനുകളും”

കണക്ടഡ് ലോകവും “ഐസൊലേഷൻ സ്റ്റേഷനുകളും”

കണക്ടഡ് ലോകവും “ഐസൊലേഷൻ സ്റ്റേഷനുകളും”
                                                                                               

 ഷാർലെറ്റ് പി. മാത്യു


“ലോകം ഇന്നുവരെ ഇത്രയും “കണക്ടഡ്” ആയിട്ടില്ല. 
എന്നാൽ മനുഷ്യർ ഇന്നുവരെ ഇത്രയും “ഒറ്റപ്പെട്ടതുമില്ല.” 

മനുഷ്യർ അവരുടെ ജീവിതയാത്രയിൽ സമയം ചിലവഴിക്കുന്ന നിരവധി താവളങ്ങളുണ്ട്. അത്തരം നിലയങ്ങളെയോ കേന്ദ്രങ്ങളെയോ ഇംഗ്ലീഷ് ഭാഷയിൽ “സ്റ്റേഷനുകൾ” എന്നു വിളിക്കാം. നമുക്ക് പരിചിതമായ നിരവധി സ്റ്റേഷനുകൾ ഉണ്ട്: റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, പെട്രോൾ സ്റ്റേഷൻ, റേഡിയോ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ. ഈ ഇടങ്ങളൊക്കെയും പൊതുവെ മനുഷ്യരുടെ ചലനം, ബന്ധം, ക്രമം, ആശയവിനിമയം എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത സ്ഥലങ്ങളാണ്.

അങ്ങനെ ലോകം കൂടുതൽ കണക്ടഡ് ആകുമ്പോൾ മനുഷ്യർ അറിയാതെ തന്നെ രൂപപ്പെടുത്തുന്ന ചില പുതിയ താവളങ്ങളുണ്ട്.അവയാണ് “ഐസൊലേഷൻ സ്റ്റേഷനുകൾ. (ഏകാന്തതയുടെ നിലയം / ഒറ്റപ്പെടലിന്റെ നിലയങ്ങൾ). സാങ്കേതികവിദ്യയും നെറ്റ്‌വർക്കുകളും ജനക്കൂട്ടങ്ങളും ചുറ്റുമുണ്ടായിട്ടും ഉള്ളിൽ ഗാഢമായ ഏകാന്തത അനുഭവിക്കുന്നവർ അറിയാതെ തന്നെ സൃഷ്ടിച്ചെടുക്കുന്ന ഒരു താവളമാണ് ഈ ഐസൊലേഷൻ സ്റ്റേഷൻ.

യു.കെ. പോലുള്ള വികസിത രാജ്യങ്ങളിൽ ഏകാന്തത (Loneliness) എന്ന വിഷയത്തെ കൈകാര്യം ചെയ്യാൻ ക്യാബിനറ്റ് തലത്തിലുള്ള ഒരു വകുപ്പ് നിലവിലുണ്ട്. അതെ - നമ്മുടെ നാട്ടിലും ടെക്നോളജി സിഗ്നലുകൾ ശക്തമാണ്. നെറ്റ്‌വർക്ക് ഫുൾ ആണ്. എന്നാൽ അനേകം ജീവിതങ്ങളിൽ "നല്ലതും മൂല്യമുള്ളതുമായ ഹൃദയബന്ധങ്ങളുടെ ” സിഗ്നൽ കിട്ടാതെ പോകുന്നു.

പുതുതലമുറയുടെ ഐസൊലേഷൻ സ്റ്റാറ്റസ്

ഡിജിറ്റൽ സാങ്കേതികവിദ്യയോടുള്ള അമിതമായ ആസക്തി കാരണം യുവതലമുറയ്ക്ക് യഥാർത്ഥ ലോക ബന്ധങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നത് സ്വാഭാവികമായിരിക്കുന്നു. ഇന്നത്തെ ലോകം മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ കണക്ടഡ് ആയ കാലഘട്ടമാണെന്ന് പലരും പറയുന്നു. എന്നാൽ ഈ അതിവേഗ ബന്ധങ്ങളുടെ ഇടയിലും മനുഷ്യരുടെ ഉള്ളിലെ ഏകാന്തതയും ഒറ്റപ്പെടലും വലിയ രീതിയിൽ വർദ്ധിച്ചിരിക്കുന്നുവെന്നതാണ്  നമ്മുടെ കാലത്തിന്റെ വലിയ വിരോധാഭാസം. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന തലമുറയാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന മില്ലേനിയൽസും ജൻ സിയും. ചില പഠനങ്ങൾ പ്രകാരം ഒരു ശരാശരി വ്യക്തി ഒരു വർഷത്തിൽ ഏകദേശം 48 ദിവസം വരെ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും പറയുന്നു.

പഴയ തലമുറയുടെ ഐസൊലേഷൻ സ്റ്റാറ്റസ്

പ്രായം കൂടുമ്പോൾ മിക്കവർക്കും വരുമാനവും ആരോഗ്യവും കുറയും. വീട്ടുകാരും സമൂഹവും സഭകളും അവരെ ഗണ്യമാക്കാതിരുന്നാൽ മാനസിക വ്യഥ വർദ്ധിക്കും. അസ്വസ്ഥതയും വേദനകളും നെഗറ്റിവിറ്റി നിറഞ്ഞ ഡിജിറ്റൽ വാർത്തകളും എപ്പോഴും വായിക്കുന്ന ശീലം വന്നുപോയാൽ തങ്ങൾ അപ്രസക്തരും ഒന്നിനും കൊള്ളാത്തവരുമാണെന്നു ചിന്തിച്ച് ഒറ്റപ്പെടലിന്റെ കൂടാരങ്ങളിൽ അഭയം തേടുന്നവർ കേരളത്തിൽ പ്രത്യേകിച്ചും കൂടുന്ന വാർത്തകൾ നാം കാണുന്നു.

ഈ സാഹചര്യത്തിൽ എല്ലാ പ്രായക്കാരും  മാതാപിതാക്കളും , സഭകളും  ശ്രദ്ധിക്കേണ്ടുന്നതായ ചില ലളിതമായ നിർദേശങ്ങൾ:

എല്ലാ പ്രായക്കാരോടുമുള്ള ദൂത്

1.”ഡിജിറ്റൽ നേറ്റീവ്” ആയി ജനിച്ചവരും (1996 ന് ശേഷം ജനിച്ചവർ) ഡിജിറ്റൽ ലോകത്തേക്ക് മൈഗ്രേറ്റ് ചെയ്തവരും —നിങ്ങളുടെ  ഡിജിറ്റൽ ലോകത്തിനുമപ്പുറം യഥാർത്ഥ മൂല്യമുള്ള സൗഹൃദങ്ങൾക്കും കൂടിക്കാഴ്ചകൾക്കും സംഭാഷണങ്ങൾക്കും സമയം കണ്ടെത്തുക.

2.കൃത്യമായ ഡിജിറ്റൽ ഡയറ്റ്‌ ശീലിക്കുക - ഉദാഹരണത്തിന്:  a) രാവിലെ എഴുന്നേറ്റത്തിനുശേഷം രണ്ടു മണിക്കൂർ നോ യൂട്യൂബ്, നോ ഇൻസ്റ്റാഗ്രാം, നോ ഫേസ്ബുക്, നോ ടെലിഗ്രാം. b) രാത്രി പത്തു മണിക്കു ശേഷം നോ സോഷ്യൽ മീഡിയ. c) പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന  സമയങ്ങളിൽ ഫോൺ  നോട്ടിഫിക്കേഷൻസ്  ഓഫ് ചെയ്യുക. d) ഫോണിൽ നിന്നു സോഷ്യൽ മീഡിയ ആപുകൾ അൺ ഇൻസ്റ്റാൾ ചെയ്യുക- അതിനു ശേഷം ആഴ്ചയിൽ ഒരിക്കൽ മാത്രം ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം ചെക്ക് ചെയ്യുക.

3) അയൽക്കാരോടും സഭയോടും ചേർന്ന് നിൽക്കുക – സ്പോർട്സ്, വോളന്റിയറിംഗ്, കൂട്ടായ്മകൾ, സഭാ പ്രവർത്തനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ,കുടുംബസംഗമങ്ങൾ തുടങ്ങിയവയിൽ സജീവമായി പങ്കെടുക്കുക.

മാതാപിതാക്കളോടുള്ള ദൂത്

1. ഓരോ ദിവസവും രണ്ട് മണിക്കൂറെങ്കിലും വീട്ടിൽ പരസ്പരമുള്ള സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുക്കുക. എല്ലാ ദിവസവും ഒരുമിച്ചുള്ള  ഭക്ഷണം കഴിക്കൽ, യാത്രകൾ, കുടുംബ പ്രാർത്ഥന, ബൈബിൾ വായനകൾ ഈസിയായി ഈ രണ്ടു മണിക്കൂർ ലക്ഷ്യത്തിലെത്തുവാൻ സഹായിക്കും.

2.സ്വന്തം കുടുംബത്തിൽ ഡിജിറ്റൽ ശീലങ്ങൾക്കും പരസ്പരമുള്ള കരുതലിനും മികച്ച മാതൃകകളാവുക. നിങ്ങളുടെ നാട്ടുകാരെയും കൂട്ടുകാരെയും ജോലി കാര്യങ്ങളെയും മറക്കരുത്. എന്നാൽ ചിലർ വീട്ടുകാരെ മറന്ന് അവർക്കു സമയം കൊടുക്കാതെ പുറത്തുള്ള കാര്യങ്ങളിൽ മാത്രം സമയം ചിലവഴിക്കുമ്പോൾ വീടുകൾക്കുള്ളിൽ തന്നെ ഒറ്റപ്പെടലിന്റെ “ഐസൊലേഷൻ നിലയങ്ങൾ” രൂപപ്പെടാൻ ഇടയാകും.

3. വാശി പിടിക്കുന്ന മക്കൾക്ക് കൊടുക്കേണ്ട മറുമരുന്നല്ല ഫോൺ എന്നു തിരിച്ചറിയുക. ഏതു പ്രായത്തിലും അർത്ഥവത്തായ കാര്യങ്ങൾക്കല്ലാതെ രണ്ടു മണിക്കൂറിൽ കൂടുതലുള്ള ഫോൺ  ഉപയോഗശീലം അപകടകരമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. മക്കളുടെ ഫോൺ രാത്രിയിൽ മാതാപിതാക്കളുടെ റൂമിൽ വയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതം. അവരുടെ ഉറക്കശീലങ്ങൾ, സെർച്ചിങ് ശീലങ്ങൾ അവരെ കൂടുതൽ അലോസരപ്പെടുത്താതെ ജാഗ്രതയോടെ ശ്രദ്ധിക്കുന്നത് നല്ലതായിരിയ്ക്കും.

സഭകളോടുള്ള ദൂത്

1.എല്ലാ പ്രായക്കാരെയും ഒരുപോലെ കരുതുന്ന മനസ്സും ടൈംടേബിളും ഉണ്ടാവുക – സഭകളിലെ പ്രായമുള്ളവർ, വിധവമാർ, അനാഥർ, കുഞ്ഞുങ്ങൾ എന്നിവരെ വിലകുറച്ച് കാണരുത്. സഭയിൽ വരാൻ കഴിയാത്തവർ, രോഗികൾ, മുതിർന്നവർ, വിധവമാർ എന്നിവരെ സന്ദർശിക്കുന്ന പ്രത്യേക ശുശ്രൂഷകൾ സഭകൾ ആരംഭിക്കണം. ബൈബിൾ പഠിപ്പിക്കുന്നു -“പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും, ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.” (യാക്കോബ് 1:27)

2.കൂടുതൽ കേൾക്കുക – ആത്മീയവും മാനസികവുമായ പിന്തുണ നൽകുക. ഓരോ തരക്കാർക്കും വേണ്ടതായ പ്രാർത്ഥന, മെന്ററിംഗ്, ആത്മീയ മാർഗ്ഗനിർദ്ദേശം എന്നിവയിലൂടെ ഒറ്റപ്പെടൽ അനുഭവിക്കുന്നവരെ കരുതലോടെ കൈപിടിച്ചുയർത്തുക. സഭകളും , ലീഡേഴ്‌സും നല്ല കേൾവി നിലയങ്ങളായി മാറേണം. പലപ്പോഴും പ്രസംഗിക്കുന്നവരും പ്രബോധിപ്പിക്കുന്നവരും നല്ല കേൾവിക്കാരല്ലായെന്നത്  ഒരു ദുര്യോഗമാണ്.  

3. നിരാശയുടെയും ആത്മഹത്യാ ചിന്തകളുടെയും ചുഴികളിൽ ആരെങ്കിലും പെടുന്നുവെന്ന് മനസിലായാൽ അവരെ ഒറ്റപ്പെടുത്തരുത്; കരുതലോടെയും സമയോചിതമായ പിന്തുണയോടെയും സമീപിക്കുക. കാരണം ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു: “ഉൾക്കരുത്തില്ലാത്തവരെ കരുതുക, ബലഹീനരെ താങ്ങുക” (1 തെസ്സലൊനിക്ക്യർ 5:14).

“സ്ക്രീനുകൾ മനുഷ്യരെ കണക്ട് ചെയ്യാം;

പക്ഷേ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നത് സ്നേഹവും കരുതലുമാണ്.”

ഒറ്റപ്പെടലിന്റെ കാലത്ത്, പരസ്പരം ഉത്സാഹിപ്പിക്കുകയും ഒരുമിച്ചു കൂടുകയും ചെയ്യുന്ന സമൂഹമാണ് യഥാർത്ഥ ക്രിസ്തീയ മറുപടിയും മറുമരുന്നുമെന്നു തിരിച്ചറിയുക.

Advertisement