നിർഭാഗ്യകരമായ കാഴ്ച
നിർഭാഗ്യകരമായ കാഴ്ച
അത്യന്തം ക്രൂരവും പൈശാചികവും എന്ന് മാത്രം പറയാവുന്ന നരനായാട്ടെന്നോ ആൾക്കൂട്ട കൊലപാതകമെന്നോ വിശേഷിക്കപ്പെട്ടാലും തെറ്റല്ലാത്ത ഒരു സംഭവമാണ് ഇപ്പോൾ കേരളമാകെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ ക്യാംപസുകളിൽ വേരൂന്നുന്ന അക്രമവാസനയുടെയും കൊടുംക്രൂരതയുടെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ വിദ്യാർഥി. സഹപാഠികളും സീനിയർ വിദ്യാർഥികളുമടക്കമുള്ളവരാണ് ദാരുണമരണത്തിലേക്ക് ഈ യുവാവിനെ നയിച്ചതെന്ന ആരോപണം അത്യധികം ഗൗരവമുള്ളതാണ്. ഈ സംഭവത്തിന്റെ രാഷ്ടീയം എന്തായിരുന്നാലും ഇത് കേരളംപോലെ പല കാരണങ്ങളാൽ അഭിമാനത്തിന്റെ ഉത്തുംഗത്തിൽ എത്തിനിൽക്കുന്ന ഒരു സംസ്ഥാനത്തു സംഭവിക്കാൻ പാടില്ലായിരുന്നു
കിരാതന്മാർ ജീവിക്കുകയും ഭരിക്കയും ചെയ്യുന്ന ചിലയിടങ്ങളിൽ നടന്നുകേൾക്കുന്ന ഇത്തരം സംഭവങ്ങളെ അറപ്പോടെയാണ് നമ്മൾ കണ്ടിരുന്നത്. യുദ്ധക്കെടുതികളെക്കുറിച്ചും അവിടങ്ങളിൽ നടക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തികളെക്കുറിച്ചും നമ്മൾ വചാലരാകും. അതിനൊക്കെ നേതൃത്വം നൽകുന്ന രാഷ്ട്രീയ സംഘടനയാണ് ഈ ക്രൂരതയുടെ പിന്നിലെന്നതു വിരോധാഭാസമായി തോന്നിയേക്കാം.
ക്യാംപസുകളിൽ രാഷ്ട്രീയം വേണ്ടാ എന്നുവാദിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. ആ നിലപാടിലെ പിഴവ് തിരിച്ചറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരെക്കൂടി നിരാശരാക്കുന്നു ഇത്തരം സംഭവങ്ങൾ. രാഷ്ട്രീയ കാര്യങ്ങൾ അല്ല ഈ സംഭവത്തിനു പിന്നിലെന്ന് പറഞ്ഞുകേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇങ്ങനെ ഒരു ക്രൂരതയ്ക്ക് ആരാണ് ഈ കുട്ടികൾക്ക് അനുവാദം നൽകിയത് എന്ന ചോദ്യം പ്രസക്തമാണ്.
ക്യാംപസുകളിലെ രാഷ്ട്രീയജാഗ്രതയുടെ പ്രതീകമായി നിലകൊള്ളേണ്ട വിദ്യാർഥിസംഘടനകൾ അക്രമത്തിന്റെയും ധാർഷ്ട്യത്തിന്റെയും പതാകാവാഹകരാകുന്ന നിർഭാഗ്യകരമായ കാഴ്ചയാണ് കുറേക്കാലമായി കേരളത്തിൽ കണ്ടുവരുന്നത്. ഓമനിച്ചുവളർത്തി, പഠിക്കാൻ കോളേജിലും ഹോസ്റ്റലിലുംവിടുന്ന മക്കളുടെ സുരക്ഷിതത്വം ആര് ഉറപ്പാക്കും? ഇന്നത്തെ സാഹചര്യത്തിൽ അത് ഒരു പ്രധാന ചോദ്യം തന്നെയാണ്. കോളേജിൽ പഠിക്കാൻവിടുന്ന കുട്ടികൾ ഗുണ്ടകളും അക്രമികളുമായി മാറുന്നതും അവരെപ്പോലെതന്നെ അവിടെ വന്നുചേരുന്ന ചിലർ അവരുടെ ഘാതകന്മാരായി മാറുന്നതും ഇനി അനുവദിച്ചുകൂടാ. അത്തരം നിരവധി സംഭവങ്ങൾ ഓർമയിൽ വരുന്നെങ്കിലും അത് ഞങ്ങളെപ്പോലെ ഒരു പ്രസിദ്ധീകരണം പറയേണ്ടതല്ലല്ലോ. അത്തരം ചർച്ചയിലേക്ക് ഞങ്ങൾ കടക്കുന്നില്ല. ഞങ്ങളുടെ കുട്ടികളും അവിടെ പഠിക്കുന്നുണ്ട്. ആത്മീയരായി തങ്ങളുടെ സ്വഭാവത്തിൽ യേശുവിന്റെ മാതൃക പ്രദർശിപ്പിച്ചു പഠനം പൂർത്തിയാക്കാനാണ് ഞങ്ങൾ അവരോടു പറയാറുള്ളത്. വിദ്യാലങ്ങളിലേക്കും കലാലയങ്ങളിലേക്കും അയയ്ക്കുന്ന നമ്മുടെ മക്കൾ സുരക്ഷിതരായിരിക്കണം. കേരളത്തെക്കുറിച്ചു പുറംലോകത്തിനു ഉണ്ടായിട്ടുള്ള അവമതിപ്പുകൾ നമ്മുടെ കുട്ടികളുടെ ഭാവിക്കു കളങ്കമായി തീരരുത്.
Advertisement