വേണം യുവതലമുറയ്ക്കായി  ഒരു കർമ്മപദ്ധതി

വേണം യുവതലമുറയ്ക്കായി  ഒരു കർമ്മപദ്ധതി

മുന്‍പ് കേട്ടുകേൾവിപോലും ഇല്ലാതിരുന്ന അധാര്‍മികതയും അശ്ലീലവും കൊടികുത്തിവാഴുന്ന തലമുറയിലാണു നാം ജീവിക്കുന്നത്. പീഡനം എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ധര്‍മച്യുതിയുടെ കഥകള്‍കൊണ്ട് പത്രത്താളുകള്‍ നിറഞ്ഞിരിക്കയാണ്. സംഘടിതമായും അനുനയഭാവത്തിലും സ്ത്രീകളോടു കാണിക്കുന്ന ക്രൂരത എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചുകൊണ്ട് നമ്മുടെ മനസ്സുകളെ നിര്‍ജീവമാക്കിക്കളയുന്നു. സഹപാഠിയെന്നോ, സഹപ്രവര്‍ത്തകയെന്നോ മക്കളെന്നോ സഹോദരിയെന്നോ പിഞ്ചുകുഞ്ഞെന്നോ പടുകിളവിയെന്നോഉള്ള വേര്‍തിരിവുകള്‍ പോലും ഇല്ലാതെയാണിന്നു മാനഭംഗക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാന്യരെന്നു നാം കരുതിപ്പോരുന്ന എത്രയെത്രയാളുകളുടെ മുഖംമൂടിയാണ് ഇക്കഴിഞ്ഞ ദിനങ്ങളില്‍ അഴിഞ്ഞുവീണത്.

ഇത്തരം സംഭവങ്ങളില്‍ ഏറിയപങ്കും നിര്‍ദോഷികളായ പെണ്‍കുട്ടികളാണ് അപമാനിതരായിത്തീര്‍ന്നിട്ടുള്ളത്. നിയമപരിരക്ഷയ്ക്കുള്ളിലായതുകൊണ്ട് ആ പേരുകള്‍ പുറത്തുവരുന്നില്ലെങ്കിലും ആ അപമാനഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരെക്കുറിച്ചും നാം വായിച്ചറിയുന്നു.സമൂഹമാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ 'രോഗ'ത്തിന്‍റെ കാരണങ്ങള്‍ പലതും ഇന്നു കണ്ടുപിടിക്കപ്പെട്ടവയാകണമെന്നില്ല. വസ്ത്രധാരണത്തിലെ പ്രദര്‍ശനഭാവവും ആധുനികതയുടെ അതിപ്രസരവും ലൈംഗികപ്രചോദിതമായ കാഴ്ചകള്‍ ആസ്വദിക്കാനുള്ള ഇന്‍റര്‍നെറ്റിലെ സാധ്യതയെയും നമുക്കു തള്ളിക്കളയാന്‍ കഴിയില്ലെങ്കിലും ഏറ്റവും അടിസ്ഥാനമായത് മനുഷ്യന്‍റെ പാപവാസനയാണ്. 

മുമ്പൊക്കെ നമ്മുടെ വീടുകളില്‍ മക്കള്‍, അപ്പന്‍, അമ്മ, സഹോദരങ്ങള്‍ എന്നത് ഒരളവില്‍ സ്വഭാവരൂപവത്ക്കണത്തെ കാര്യമായി നിയന്ത്രിച്ചിരുന്ന ഘടകങ്ങളായിരുന്നു. ആധുനികത അതിനെ കേവലം വ്യക്തികള്‍ മാത്രമാക്കി ചുരുക്കി. ഇന്ന് പിതാവിനോ മാതാവിനോ ഒരു പരിധിക്കപ്പുറം മക്കളെ ശാസിക്കാന്‍പോലും സാധ്യമല്ല. പിന്നെയല്ലേ, മൂത്ത ജ്യേഷ്ഠډാരുടെയും ചേച്ചിമാരുടെയും ശാസനകള്‍! 

കുട്ടികളുടെ ദിനചര്യയിൽ വന്ന മാറ്റം ശ്രദ്ധേയമാണ്. കോവിഡിനു മുമ്പത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ എഴുപതു ശതമാനത്തിലധികം കുട്ടികൾക്കും ഉറക്കം നന്നേ കുറഞ്ഞതായിട്ടാണ് കാണുന്നതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. മണിക്കൂറുകൾ നീളുന്ന വീഡിയോ ഗെയിം, ചാറ്റിങ് എന്നിവയിലുള്ള  അമിതമായ താൽപ്പര്യം കുട്ടികളെ അപകടകരമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്നതായി പറയപ്പെടുന്നു. 

കുട്ടികളില്‍ നല്ല സ്വഭാവം രൂപപ്പെടുത്തുന്നതിനും ദൈവഭയം നല്‍കുന്നതിലും കാതലായ സംഭാവന ചെലുത്തിയിരുന്ന സണ്ടേസ്കൂളിന്‍റെ സ്വാധീനം ഇന്നു നഷ്ടമായിക്കഴിഞ്ഞു. പഠനത്തിന്‍റെയും അസൗകര്യങ്ങളുടെയും പേരില്‍ സണ്ടേസ്കൂള്‍ ക്ലാസുകള്‍ നഷ്ടമാക്കുന്നവരുടെ എണ്ണം കൂടുകയല്ലേ? സഭയിലെ പ്രായമായവര്‍ക്കോ സണ്ടേസ്കൂള്‍ അധ്യാപകര്‍ക്കോ എന്തിന്, സ്കൂള്‍ അധ്യാപകനുപോലും ഒരു കുട്ടിയെ ശാസിക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെയുള്ള കാലത്ത് ഇത്തരം സാമൂഹികാധഃപതനത്തിന്‍റെ കഥകള്‍ കേട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ഈ പോക്കിനെതിരെ ശബ്ദിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ സന്നദ്ധസംഘനകള്‍ക്കോ കഴിയുന്നതിന്‍റെ എത്രയോ മടങ്ങാണ് സഭകള്‍ക്കുള്ള സാധ്യത. പ്രസംഗങ്ങള്‍കൊണ്ടു മാത്രമിതു സാധിക്കില്ല. തലമുറയെക്കുറിച്ചുള്ള മനോവേദനയോടെ പ്രാര്‍ഥനാപൂര്‍വം ആവശ്യമായ പ്രവര്‍ത്തനശൈലി ഓരോ പ്രദേശത്തിനോ സഭയ്ക്കോ യോജിച്ചവിധം രൂപപ്പെടുത്താന്‍ കഴിയണം. പെന്തെക്കോസ്തുകാരുടെ ഇടയില്‍ ഇത് ഇതുവരെ അധികം പ്രശ്നമുണ്ടാക്കിയിട്ടില്ല. എന്നിരുന്നാലും, പെന്തെക്കോസ്തു സമൂഹവും മാനസികാരോഗ്യമുള്ള ഒരു തലമുറയെ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതാണ് ഞങ്ങളുടെ നിര്‍ദേശം.

Advertisement