വോട്ടുകൾ പ്രാർഥനാപൂർവം വിനിയോഗിക്കുക 

വോട്ടുകൾ പ്രാർഥനാപൂർവം വിനിയോഗിക്കുക 

വോട്ടുകൾ പ്രാർഥനാപൂർവം വിനിയോഗിക്കുക 

സന്നമായ പൊതുതിരഞ്ഞെടുപ്പിനായി ഇന്ത്യ തയ്യാറെടുടുക്കുകയാണല്ലോ. ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പുതീയതികൾ കഴിഞ്ഞയഴ്‌ചതന്നെ പ്രഖ്യാപിക്കയുണ്ടായി. ഏഴ് പ്രധാനഘട്ടങ്ങളായിട്ടാണ് ഇത്തവണയും  തിരഞ്ഞെടുപ്പ്. കേരളത്തിലേതു രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26. പിന്നെയും ജൂൺ നാല് വരെ കാത്തിരിക്കണം  ഫലം പുറത്തുവരാൻ. ഈ തിരഞ്ഞെടുപ്പ് പലതുകൊണ്ടും സ വിശേഷതയുള്ളതാണ്. കഴിഞ്ഞ പത്തു വർഷം ഭരിച്ച മോദി ഗവണ്മെൻ്റിൻ്റെ വിലയിരുത്തലിനാണു പ്രാധാന്യം. അതതു സംസ്ഥാനങ്ങളിലെ ഭരണവും വിലയിരുത്തപ്പെടാം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ചും ജനങ്ങൾക്ക് അറിയാൻ താൽപര്യമുണ്ട്.

ഒരു രാഷ്ട്രീയക്കക്ഷിയോടും പ്രത്യേക താൽപര്യമോ മമതയോ ദൈവമക്കൾക്കില്ല എന്നത് സത്യമാണ്. അതുകൊണ്ട്, തിരഞ്ഞെടുപ്പ് ശരിയെന്നോ, തെറ്റെന്നോ നാം കരുതേണ്ടതില്ല. ജനാധിപത്യസംവിധാനം നിലനിൽക്കുന്ന സ്വതന്ത്രരാഷ്ട്രമാണല്ലോ ഇന്ത്യ. ഇവിടെ നാനാജാതി മതസ്ഥരായ എല്ലാ ജനങ്ങൾക്കും വോട്ടുചെയ്യാൻ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. നിർബന്ധത്തിനു വഴങ്ങിയോ, പ്രലോഭനങ്ങൾക്കു കീഴ്പ്പെട്ടോ വോട്ടുചെയ്യുന്നതു ശിക്ഷാർഹമാണ്. അതുപോലെ, തങ്ങളുടെ വോട്ട് പാഴാക്കിക്കളയാതിരിക്കാനാണ് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടത്. വോട്ട് പാഴാക്കുന്നതു തെറ്റാണ്. നാം ജീവിക്കുന്ന സമൂഹത്തിൽ നമുക്കുള്ള അഭിപ്രായം തുറന്നുപറയാൻ ഏറ്റവും പറ്റിയ സമയമാണ് തിരഞ്ഞെടുപ്പുകാലം. അതുകൊണ്ട് പ്രാർഥനാപൂർവം, വിവേകത്തോടെ വോട്ടിംഗ് മെഷീനുകളെ സമീപിക്കാം. ഭാരതത്തിലെ ഇന്നത്തെ രാഷ്ട്രീയസ്ഥിതിഗതികൾ ശ്രദ്ധിക്കുമ്പോൾ ഏതു രാഷ്ട്രീയപ്പാർട്ടിക്കു വോട്ടുചെയ്‌താലാണു സുസ്ഥിരവും സമാധാനപൂർണവുമായ ഒരു ഭരണമുണ്ടാകുക എന്ന് ഓരോരുത്തർക്കും കണക്കുകൂട്ടലുകൾ ഉണ്ടാകും. ജനക്കൂട്ടത്തെ നോക്കിയോ, ആവേശഭരിതമായ പ്രസംഗങ്ങളിൽ മയങ്ങിയോ, ആരും വോട്ടുചെയ്യരുത്. ഇവിടെ ശാന്തവും സമാധാനവുമായ ഭരണമാണു നമുക്കാവശ്യം. പാർട്ടിയുടെ പേരോ, കൊടിയുടെ നിറമോ പരിഗണിക്കേണ്ടതില്ല.

ഇന്ത്യയിൽ ക്രൈസ്‌തവർ ജനസംഖ്യയുടെ കേവലം 2 .3 % മാത്രമേയുള്ളൂ. വളരെ ന്യൂനപക്ഷമാണവർ. അതിൽതന്നെ റോമൻ കത്തോലിക്കർ മുതൽ ഇവാൻജ ലിക്കൽക്കാർ വരെയുള്ള എപ്പിസ്ക്‌കോപ്പൽ സഭകളെ ചേർത്തു നിർത്തിയാൽ ആകെ 28  ദശലക്ഷം ക്രൈസ്തവരാണ് ഭാരതത്തിലുള്ളത്. അതിലും തുലോം അംഗപരിമിതമാണു വേർപെട്ടസഭകളിലുള്ളവരുടെ  സംഖ്യ. സുവിശേഷീകരണത്തിൻ്റെയും മറ്റും പേരിൽ ഏറ്റവുമധികം പഴി കേൾക്കുന്നതും ദുരിതമനുഭവിക്കുന്നതും ഇക്കൂട്ടരാണ്. സംഘടിതമായ രാഷ്ട്രീയചായ്‌വ് ഇല്ലാത്തതുകൊണ്ട് വിലപേശലിനൊന്നും പെന്തെക്കോസ്‌തുകാർ പോകാറില്ല. പക്ഷേ, അവരുടെയുള്ളിൽ ഒരു ഭയമുണ്ട്. യേശുവിനായി ജീവിക്കാൻ സർവതും ത്യജിച്ചിറങ്ങിയ ഇക്കൂട്ടരുടെ പ്രഥമവും പ്രധാനവുമായ കർത്തവ്യം സുവിശേഷീകരണമാണ്. കാലദേശവ്യത്യാസങ്ങൾ കൂടാതെ, ഭാരതത്തിലുടനീളം സുവിശേഷപ്രവർത്തനത്തിൽ വ്യാപൃതരാകുന്ന ധാരാളംപേർ നമുക്കുണ്ട്. നിശബ്ദരും പൊതുവെ ശാന്തരുമായ ഈ സഹോദരീസഹോദരന്മാർക്കുനേരെ ആക്രമണം നടത്തുന്ന പ്രബല സമുദായാഗംങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് ഭരണസാരഥികളോട് സദാ ആവശ്യപ്പെടാറുമുണ്ട്. പക്ഷേ, വേണ്ടവിധം അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. പലരും വാഗ്‌ദാനങ്ങൾ നൽകുമെങ്കിലും ആവശ്യംവരുമ്പോൾ ഒഴിഞ്ഞുമാറുകയാണു പതിവ്. അതുപോലെ ആരാധനാലയങ്ങളുടെയും സെമിത്തേരികളുടെയും കാര്യത്തിൽ മറ്റുള്ളവർക്കുള്ള സൗകര്യങ്ങൾ പലതും നമുക്കു ലഭിക്കാറുമില്ല. സ്ഥാനവസ്ത്രങ്ങളോ, സ്ഥാനചിഹ്നങ്ങളോ ഉപയോഗിക്കാത്ത ഇവരുടെ സഭാനേതൃത്വം സംഘടിതമായ നിലയിൽ ഇതിനൊക്കെവേണ്ടി അധികം ശ്രമിച്ചിട്ടുമില്ല.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥികളും സഹകാരികളും നിരന്തരം വോട്ടിനുവേണ്ടി പാവപ്പെട്ട ഈ സമൂഹത്തെ കാണാൻവരാറുണ്ട്, പക്ഷേ, പിന്നീട് തിരിഞ്ഞുനോക്കുകയില്ല. ഭാരതത്തിൻ്റെ വടക്കൻ പ്രദേശങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും സുവിശേഷകർക്കുനേരെയുള്ള നടക്കുന്ന അക്രമങ്ങളെ അധികാരികളുടെ മുൻപിൽ പലതവണ അവതരിപ്പിച്ചപ്പോഴെല്ലാം ശക്തമായ സംരക്ഷണം ഉറപ്പുനൽകുമെന്നല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ല.

തിരഞ്ഞെടുപ്പു വന്നുകഴിഞ്ഞു നമ്മുടെ ഓരോ വോട്ടിനും വിലയുണ്ട്. ആർക്കു വോട്ടുചെയ്യണമെന്നു നിങ്ങൾക്കു തീരുമാനിക്കാം: പക്ഷേ, അതു വീണ്ടും നമ്മെ ദുരിതത്തിലാക്കുന്ന രീതിയിലേക്കു നയിക്കരുതെന്നു മാത്രം. നമ്മുടെ വോട്ടുകൾ പ്രാർഥനാപൂർവം, വിവേകത്തോടെ ഉപയോഗിക്കുക.

Advertisement