പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻറർ കൺവെൻഷനു തുടക്കമായി
നാം വിനീതരായാൽ ദൈവം വലിയ കാര്യങ്ങൾ ചെയ്യും: പാസ്റ്റർ റോബിൻ ജോഷ്വാ
വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളുരു
ബാംഗ്ലൂർ: വിശ്വാസികൾ വിനീതരായാൽ ദൈവം അവർക്ക് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യുമെന്ന് പാസ്റ്റർ റോബിൻ ജോഷ്വാ (ആസ്ട്രേലിയ) പ്രസ്താവിച്ചു. കർണാടകയിലെ പെന്തെക്കൊസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെൻ്റർ കൺവെൻഷൻ്റെ ആരംഭദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാർഥനാ ഭവനത്തിൻ്റെ പര്യായമാണ് ബെഥാന്യ. അവിടെ വിനയത്തോടെയുള്ള പ്രാർഥനക്ക് ദൈവം മറുപടി നൽകും. ഇന്നത്തെ സാഹചര്യത്തിൽ വിശ്വാസികൾ ദൈവത്തിങ്കലേക്ക് കൺകൾ ഉയർത്തി പ്രാർഥിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ പി.ജി.തോമസിൻ്റെ ( വിജയവാഡ ) പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.
ഇന്നു മുതൽ ഹെന്നൂർ - ബാഗലൂർ റോഡ് ഗധലഹള്ളി പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ സെന്ററിൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന, 7-ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിനും രാത്രി 10 നും ഉണർവ് യോഗം, വൈകിട്ട് 6ന് സുവിശേഷ പ്രസംഗം ,ഗാനശുശ്രൂഷ , ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പ്രത്യേക യുവജന സമ്മേളനം എന്നിവ നടക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു. സമാപന ദിവസമായ മാർച്ച് 24 ന് ( ഞായർ ) രാവിലെ 9 -ന് മംഗലാപുരം, ഗോവ, ശിവമൊഗ, ഹൊസുരു , ഹാസൻ ,മൈസൂരു , തുംകൂരു തുടങ്ങി കർണാടകയിലെ 46 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന നടക്കും. ഞായറാഴ്ച വൈകിട്ട് യോഗത്തോടെ കൺവെൻഷൻ സമാപിക്കും.
ബാംഗ്ലൂർ സെൻ്റർ പാസ്റ്റർ തമ്പി ദുരൈയും സഹ ശുശ്രൂഷകരും കൺവെൻഷന് മുഖ്യ നേതൃത്വം നൽകും.