ഇനി സത്യം ഉറങ്ങട്ടെ...
ഷാജൻ പാറക്കടവിൽ
ഒറ്റിക്കൊടുക്കാൻ കൈനീട്ടം വാങ്ങുന്നവൻ...സ്വീകരിച്ച ശരീരവും രക്തവും ദഹനേന്ദ്രിയങ്ങൾ ഏറ്റുവാങ്ങുന്നതിനു മുമ്പ് മനസ്സ് നിറയെ വിഷം നിറച്ചു...കർണ്ണപുടങ്ങളിൽ വന്നലയ്ക്കുന്ന നാണയ തുട്ടുകളുടെ സീൽക്കാരം ഒറ്റികൊടുക്കുന്നവന്റെ മന:സാക്ഷിയിൽ വിധി ന്യായമായി മുഴങ്ങി...ഒടുവിൽ സത്യം തണുത്തുറഞ്ഞ മനസ്സിന്റെ സമ്മതം തേടി..ചുംബനം...!.ഗുരുവിന്റെ കവിൾ തടങ്ങളിൽ ചുണ്ടുകൾ അമരുമ്പോൾ ലോകം സത്യത്തെ ഒറ്റികൊടുക്കുകയായിരുന്നു... ഒടുവിൽ സത്യം മരിച്ചു... ഇനി കാത്തിരിപ്പ്... മൂന്നാം നാളിൽ സത്യത്തിന്റെ ഉയിർപ്പിനായ്...

അവർക്ക് അവനെ കൊല്ലണമായിരുന്നു,അത് സാധിച്ചു. മന:സ്സാക്ഷി മരവിച്ചവർ അത് വൈകാരിക തലങ്ങൾക്ക് അടിമപ്പെട്ടവനെ കൊണ്ട് സാധിച്ചെടുത്തു. മത രാഷ്ട്രീയ സാമൂഹിക നിയമങ്ങൾ കൊണ്ടും പ്രമാണങ്ങൾ കൊണ്ടും തോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ അവർ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ അവർ കണക്കുകൂട്ടി തോൽപ്പിക്കുവാൻ കൂടെ ഉള്ളവനെ കൂട്ടുപിടിച്ചു. കൂടെക്കൂട്ടി പഠിപ്പിച്ചു കൊടുത്ത പ്രമാണങ്ങളും നിയമങ്ങളും ഉപദേശങ്ങളും ജീവിതചര്യകളും നീതിപൂർവ്വമായ ജീവിത രീതികളും ഉയർത്തിപ്പിടിച്ച് സംരക്ഷിക്കേണ്ട മൂല്യങ്ങളും കേവലം വൈകാരികമായി ഉണർത്തലുകൾ നടത്തുന്ന പ്രകമ്പനങ്ങൾക്ക് അടിമപ്പെട്ട് ഭൗതികതയുടെ പ്രത്യാശാസ്ത്രം ജീവിതത്തിന്റെ ആവശ്യകതയായി കണ്ടപ്പോൾ മരവിച്ച മനസ്സാക്ഷിയുടെ വിധി ന്യായത്തിൽ മറന്നുപോയതും ഗുരുവെന്ന മൂല്യത്തെയും ലോകത്തിന്റെ രക്ഷകനെയും പ്രതീക്ഷയെയും ആയിരുന്നു. കൊല്ലാൻ തുനിഞ്ഞിറങ്ങിയവർക്ക് കൊല്ലാതെ കൊല്ലാൻ കൂട്ടുനിന്നവൻ. ചിലമ്പൊലികൾ ചിലതൊക്കെ മറക്കാൻ അവനെ പ്രേരിപ്പിച്ചു. ഒടുവിൽ സ്നേഹത്തിന്റെ മൂർത്തിഭാവം എന്ന വ്യാജേനെ ചുംബനം കൊണ്ട് അവൻ ഒറ്റിക്കൊടുത്തു. ആദ്യത്തെ മരണവിധി അവൻ എഴുതുകയായിരുന്നു.

അന്ത്യ അത്താഴത്തിൽ അരയിൽ ചേല ചുറ്റി ദാസ്യവൃത്തി ചെയ്ത ഗുരു. ലോകത്തിന്റെ വിമോചനത്തിനു വേണ്ടി തകർക്കപ്പെടാൻ പോകുന്ന ശരീരത്തിന്റെയും രക്തത്തിന്റെയും ഓർമ്മയായി അപ്പവും ദ്രാക്ഷാരസവും ഏറ്റുവാങ്ങുമ്പോൾ യുദയുടെ ചുണ്ടുകൾ അറിയാതെ വിറക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ വഞ്ചനയുടെ ക്രൗര്യം നിറഞ്ഞിരുന്നു. ആ മുഖഭാവം നിശബ്ദ കൊലയാളിയുടെതായിരുന്നു. ആ കർണ്ണപുടങ്ങളിൽ അപ്പോഴും നാണയത്തൊട്ടുകളുടെ ചിലമ്പുലി ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു. കൊലയ്ക്കു കൂട്ടിനിൽക്കണമെന്ന് അവൻ തീരുമാനിച്ചുറച്ചിരുന്നു.
നിശയുടെ നിശബ്ദതയിൽ പ്രാർത്ഥിച്ചുണർത്തിയ സംഗീതം പോലെ അന്ന് ഗത്സമനയിൽ ഹൃദയം പങ്കുവെക്കലിൽ വിയർപ്പ് തുള്ളികൾ നിറമണിഞ്ഞപ്പോൾ പിതൃവത്സല്യത്തിന് മുമ്പിൽ വാക്കുകൾ കൊണ്ട് ദൗത്യത്തിന്റെ വിലപേശൽ നടക്കുമ്പോൾ ഒടുവിൽ പിതാവിന്റെ ആജ്ഞാനുവർത്തിയായി ദൗത്യം ഏറ്റെടുത്ത് അറിഞ്ഞുകൊണ്ടുതന്നെ മരണത്തിലേക്ക് നടന്ന് അടുക്കുന്ന രക്ഷകൻ. പ്രിയ ശിഷ്യന്റെ ചുംബനം ഒരു കാരണം മാത്രം. പിന്നീടുള്ള ശാരീരിക മാനസിക വൈകാരിക ആഘാതങ്ങൾ ദൗത്യത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞ് സഹനത്തോടെ കുല മരത്തിലേക്ക് നടന്നുപോകുന്ന ദൈവപുത്രനായ മനുഷ്യൻ. വിധി ന്യായങ്ങൾ നീതിമാൻ എന്ന് നാമകരണം ചെയ്തെങ്കിലും ബഹുജനത്തിന്റെ സ്വന സമുന്വയത്തിന്റെ മുൻപിൽ ന്യായാധിപനു പോലും കൈകഴുകി നിവർത്തിയുള്ളൂ. ഒടുവിൽ പീഡാനുഭവങ്ങൾ സഹനത്തിന്റെ ആൾരൂപമായി മാറുകയും മരണം സത്യമായവൻ സ്വയം കൈവരിക്കുകയും ചെയ്തു. നീതിമാൻ എന്ന വിധിയെഴുത്ത് നടത്തിയവർ നിരവധി. പക്ഷേ ലോകം അവനെ ബർബാസിന്റെ പകരക്കാരനായി പരിഗണിച്ചു.
ഇനി നിശബ്ദമായ നിദ്ര. കാത്തിരിപ്പിന്റെ നിമിഷാർത്ഥങ്ങൾ. സത്യം പിറക്കാൻ ലോകത്തിന്റെ കാത്തിരിപ്പ്. ഉയർത്തവനെ ഹൃദയപൂർവ്വം നമുക്ക് സ്വീകരിക്കാൻ കാത്തിരിക്കാം. സത്യത്തെ ക്രൂശിക്കാൻ ആർക്കാണ് കഴിയുക...?.

