'ഇനി ഞാൻ മരിക്കട്ടെ' മിഷൻ മുന്നേറ്റത്തിന്റെ കാൽനൂറ്റാണ്ട്!
'ഇനി ഞാൻ മരിക്കട്ടെ' മിഷൻ മുന്നേറ്റത്തിന്റെ കാൽനൂറ്റാണ്ട്!
തയ്യാറാക്കിയത്
കൊച്ചുമോൻ ആന്താര്യത്ത്
ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇനിയും മുന്നോട്ടു പോകുവാൻ ഒരു വഴിയും ഇല്ല. മുൻപിൽ ആത്മഹത്യ മാത്രം! അതിനു ഏറ്റവും എളുപ്പമേറിയ മാർഗം ചിന്തിച്ചപ്പോഴാണ് 'ഇനി ഞാൻ മരിക്കട്ടെ ' എന്ന പുസ്തകം ശ്രദ്ധയിൽപ്പെട്ടത്. "ജീവിതം പെട്ടെന്നു അവസാനിപ്പിക്കാനുള്ള ടിപ്സ് തേടി ഞാൻ ആ പുസ്തകം വായിച്ചു തുടങ്ങി. അത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ജീവിതം തീർത്തു കളയുവാൻ വഴിതേടിയ അക്രൈസ്തവനായ എനിക്ക് പുതിയൊരു ജീവിതം തുടങ്ങുവാൻ ഈ പുസ്തകത്തിലൂടെ കർത്താവ് സഹായിച്ചു. ക്രൈസ്തവ രക്തസാക്ഷികളുടെ ആവേശകരമായ ജീവിതകഥകൾ എന്നെ ആഴമായി സ്വാധീനിച്ചു.
കർത്താവിനെ കണ്ടെത്തുക മാത്രമല്ല ഏഴു വർഷമായി ഉത്തര ഭാരതത്തിൽ പൂർണ സമയ സുവിശേഷകനായി ഞാൻ പ്രവർത്തിക്കുന്നു". ബീഹാറിലെ മിഷനറിയുടെ ഈ സാക്ഷ്യം കേട്ടപ്പോൾ ഒരു കോടി രൂപ റോയൽറ്റി ലഭിക്കുന്നതിനേക്കാൾ സംതൃപ്തിയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പുസ്തക രചയിതാക്കളായ പാസ്റ്റർ വി പി ഫിലിപ്പും ഷിബു മുള്ളംകാട്ടിലും പറയുന്നു.
ജയിൽ ലൈബ്രറിയിൽ
മിഡിൽ ഈസ്റ്റ് രാജ്യത്തിലെ ഒരു ജയിൽ ലൈബ്രറി. പ്രധാന ഭാഷകളിലെ തെരഞ്ഞടുക്കപ്പെട്ട പുസ്തകങ്ങൾ അവിടെയുണ്ട്. മലയാള പുസ്തകങ്ങളിലേറെയും പ്രശസ്തമായ സെക്കുലർ നോവലുകളാണ്. അതിനിടയിൽ 'ഇനി ഞാൻ മരിക്കട്ടെ' എന്ന പുസ്തകം കണ്ട ഒരു ബിസിനസ്കാരൻ ഗ്രൻഥ കർത്താവിനെ വിവരമറിയിച്ചു. ഈ പുസ്തകം ജയിൽ ലൈബ്രറിയിൽ എങ്ങനെയെത്തി എന്നത് ഇന്നും അത്ഭുതമാണ്! ''ദൈവം ചിലരുടെ കണ്ണുകളെ കുരുടാക്കി പുസ്തകം അവിടെ എത്തിച്ചു'' എന്ന മറുപടി മാത്രമായിരുന്നു പുസ്തക രചയിതാക്കൾക്കു പറയാൻ ശേഷിച്ചത്!
ഈ പുസ്തകം വായിക്കരുത്
ഒരു ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പാൾ രോഗിയായി ആശുപത്രിയിൽ കിടക്കുകയാണ്. അദ്ദേഹത്തെ സന്ദർശിക്കുവാൻ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമുള്ള മറ്റൊരു പ്രധാന വ്യക്തി എത്തുന്നു. രോഗി നല്ല ഉറക്കത്തിലാണ്, നെഞ്ചോടു ചേർന്ന് ഒരു പുസ്തകവും. അതിന്റെ തലക്കെട്ട് വായിച്ച സന്ദർശകൻ ഞെട്ടി, 'ഇനി ഞാൻ മരിക്കട്ടെ'. രോഗി ഉണർന്നപ്പോൾ സന്ദർശകൻ ഉപദേശിച്ചു "സാറെ, വളരെ ക്ഷീണിതനും രോഗിയുമായി കിടക്കുമ്പോൾ ഇങ്ങനെയുള്ള പുസ്തകം വായിക്കരുത്". ആ വേദശാസ്ത്ര അദ്ധ്യാപകനാകട്ടെ താൻ വായിച്ചുകൊണ്ടിരുന്ന പേജിലെ ക്രൈസ്തവ രക്തസാക്ഷിയുടെ കഥ വായിച്ചു കേൾപ്പിച്ചു. കോരിത്തരിച്ച സന്ദർശകൻ പുസ്തകം വാങ്ങി വീട്ടിൽപോയി മുഴുവനും വായിച്ചു. പിന്നീട് പ്രസാധകരെ കണ്ടു കൂടുതൽ കോപ്പി വാങ്ങി അനേകർക്ക് വിതരണം ചെയ്തു!
'ഇനി ഞാൻ മരിക്കട്ടെ-ക്രൈസ്തവ പീഡനത്തിന്റെ ചരിത്രപ്പാടുകൾ' എന്ന പുസ്‌തകം പ്രസിദ്ധീകരണത്തിന്റെ കാൽ നൂറ്റാണ്ടു പിന്നിട്ടപ്പോൾ എഴുത്തുകാരായ വി പി ഫിലിപ്പും ഷിബു മുള്ളംകാട്ടിലും ദൈവത്തിനു നന്ദി പറയുന്നു. പുസ്തക രചനയെക്കുറിച്ചോ പ്രസിദ്ധീകരണത്തെക്കുറിച്ചോ വലിയ അറിവില്ലാതിരുന്ന വിദ്യാർത്ഥികളായ രണ്ടു യുവാക്കൾ ആത്മപ്രേരിതമായി എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കൃതിയാണ് 'ഇനി ഞാൻ മരിക്കട്ടെ'. ഇതിനോടകം എട്ട് പതിപ്പുകളും തമിഴ് പതിപ്പും ഉൾപ്പെടെ ആയിരകണക്കിന് കോപ്പികൾ വായനക്കാരിലെത്തി. ഫിലിപ്പ് - ഷിബു കൂട്ടുകെട്ട് 'ഇനി ഞാൻ മരിക്കട്ടെ' എന്ന പുസ്തകത്തിലൂടെ
ക്രൈസ്തവ പുസ്തക പ്രസിദ്ധീകരണ രംഗത്ത് പുതു ചരിതമെഴുതി.
പുസ്തകത്തിന്റെ അവതാരികയിൽ പാസ്റ്റർ കെ സി ജോൺ ഇങ്ങനെ കുറിച്ചു "ഭാരതത്തിലെ സമകാലിക സംഭവങ്ങളുടെ പശ്ചാതലത്തിൽ രക്തസാക്ഷികളുടെ ചരിത്രം രചിച്ചു വിശ്വാസികൾക്ക് ആവേശം നല്കിയിരിക്കുകയാണ് വി പി ഫിലിപ്പും ഷിബു മുള്ളംകാട്ടിലും. അഗ്നിയിൽ കുരുത്തതാണ് ക്രിസ്തുവിന്റെ സഭ. വിശ്വാസികളുടെ രക്തം ചീന്തിയാൽ ഓരോ തുള്ളിയും നൂറു നൂറു വിശ്വാസികളെ എഴുന്നേല്പിക്കും. അതാണ് ചരിത്രത്തിന്റെ പാഠം. അതിനെ വെളിപ്പെടുത്തിയിരിക്കുകയാണ് 'ഇനി ഞാൻ മരിക്കട്ടെ' എന്ന പുസ്തകം". ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു, ഡോ. റ്റി ജി കോശി,ഡോ.ഏഴംകുളം സാംകുട്ടി, സുവി.ജെ സി ദേവ് എന്നവരുടെ വിലയിരുത്തലും പുസ്തകത്തിന് മിഴിവേകി.
പുസ്തകത്തിന്റെ നാൾവഴി
'ഇനി ഞാൻ മരിക്കട്ടെ' പുസ്തകത്തിന്റെ രചനയുടെ പശ്ചാത്തലം മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി ലൈബ്രറിയാണ്. അവിടെ ബി ഡി വിദ്യാർത്ഥിയായിരുന്ന ഫിലിപ്പിനു ദൈവം നൽകിയ നിയോഗം തന്റെ പ്രിയ മിത്രം ഷിബു മുള്ളംകാട്ടിലുമായി പങ്കുവച്ചു.
അവർ ഒരുമിച്ചു യാത്രചെയ്തു, രാത്രികളെ പകലാക്കി ഗ്രൻഥ രചനയിൽ സജീവമായി. ഇരുവരും വിദ്യർത്ഥികളായിരുന്നുവെങ്കിലും പഠനത്തിനിടെ സമയം കണ്ടെത്തി. ഇന്നത്തെപ്പോലെ ഇന്റർനെറ്റും ഗൂഗിളും പരിചിതമല്ലാത്ത കാലത്തു ലൈബ്രറികൾ തന്നെ ആയിരുന്നു ആശ്രയം. മണക്കാല സെമിനാരിയിലെ റവ. സാമുവേൽ മാത്യു, ലൈബ്രേറിയൻ കെ എ ഫിലിപ്പ് , അസിസ്റ്റന്റ് ലൈബ്രേറിയൻ ജെ. ജപാസിംഗ് എന്നിവർ പ്രോത്സാഹനങ്ങൾ നൽകി. കുറ്റപ്പുഴ ഗോസ്പൽ ഫോർ ഏഷ്യ സെമിനാരിയിലെ ലൈബ്രറി നന്നായി ഉപയോഗിക്കാൻ അദ്ധ്യാപകനും ഫിലിപ്പിന്റ സഹോദരനുമായ റവ. വി. പി. കുരിയാച്ചൻ സഹായിച്ചു. കയ്യെഴുത്തുപ്രതി തയ്യാറാക്കുവാൻ ഒപ്പം നിന്ന ജോൺസൺ ജോൺ, ഫിലിപ്പിന്റെയും ഷിബുവിന്റെയും സ്നേഹിതർ, ഗുഡ്‌ന്യൂസ് വാരിക എഡിറ്റോറിയൽ ബോർഡ് തുടങ്ങിയവർ ഈ ഉദ്യമത്തിൽ സഹകരിച്ചു. എം. വി. ഫിലിപ്പാണ് (സണ്ണി) ആദ്യ കവർ ഡിസൈൻ ചെയ്തത്, എട്ടാം പതിപ്പ് മാത്യു പാലത്തുങ്കലും. എഴുത്തുകാരുടെ കൂട്ടായ്മയായ ക്രൈസ്തവ ബോധിയാണ് ആദ്യ പതിപ്പിന്റെ പ്രസാധനം, പിന്നീട് മീഡിയ മിഷനും ഏറ്റെടുത്തു. ഏഴാം പതിപ്പ് കുവൈറ്റ് പി വൈ പി എ യാണ് പ്രസിദ്ധീകരിച്ചത്.
ഒരിക്കൽ മിഷൻ ലീഡറായ റവ. ജേക്കബ് ടി ആന്റണി പറഞ്ഞു "ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ വേദപുസ്തക വായനയ്ക്ക് ശേഷം 'ഇനി ഞാൻ മരിക്കട്ടെ' എന്ന പുസ്തകത്തിൽനിന്നും ഒരു മിഷനറിയുടെ ചരിത്രവും വായിക്കും". കോഴിക്കോട് നടന്ന മിഷൻ കോൺഫ്രൻസിൽ പാസ്റ്റർ വി.ടി. എബ്രഹാമാണ് പുസ്തകം പരിചയപ്പെടുത്തിയത്. നൂറുകോപ്പികൾ പതിനഞ്ചു മിനിറ്റുകൾകൊണ്ട് തീർന്നു. പിന്നീട് നൽകുവാൻ കോപ്പികൾ ഉണ്ടായിരുന്നില്ല. സൺഡേസ്കൂൾ , യുവജന വാർഷിക യോഗങ്ങളിലും ബൈബിൾ കോളേജ് ബിരുദദാന സമ്മേളനങ്ങളിലും വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകിയിരുന്നത് 'ഇനി ഞാൻ മരിക്കട്ടെ' എന്ന പുസ്തകം ആയിരുന്നു. വിവിധ ബൈബിൾ കോളേജിലെ ആയിരക്കണക്കിന് വിദ്യാർഥികൾ പുസ്തകം സ്വന്തമാക്കി, മിഷൻ ഫീൽഡുകളിൽ ഉറപ്പോടെ യാത്രചെയ്തു.
ആദ്യപതിപ്പു 1999 ജനുവരിയിൽ ഡോ. ടി ജി കോശി പ്രകാശനം ചെയ്തു. അതേ ആഴ്ചയാണ് ഒറീസ്സയിലെ മനോഹർപൂരിൽ ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമോത്തിയും സുവിശേഷത്തിനു വേണ്ടി കത്തിയെരിയുന്നത്. ഭാരത സഭ വേദനിക്കുമ്പോൾ ഈ പുസ്തകം വായിച്ചവർക്കു ധൈര്യമായി. കോപ്പികൾ തീർന്നതോടെ രണ്ടാം പതിപ്പ് ഗ്രഹാം സ്റ്റെയിൻസിന്റെ ചരിത്രവും ചേർത്ത് മൂന്ന് ആഴ്ചക്കുള്ളിൽ പുറത്തിറക്കി. നോർത്ത് ഇന്ത്യയിലെ നൂറു കണക്കിന് മിഷനറിമാർ 'ഇനി ഞാൻ മരിക്കട്ടെ' നിറകണ്ണുകളോടെ വായിച്ചു തീർത്തു. നിരവധി കന്യാസ്ത്രീകളും പുരോഹിതന്മാരും പുസ്തകത്തിന്റെ കോപ്പി സ്വന്തമാക്കിയതും എഴുത്തുകാർ ഓർമ്മിക്കുന്നു.
മികച്ച ഉള്ളടക്കം
നൂറിലധികം ക്രൈസ്തവ രക്തസാക്ഷികളുടെ ചരിത്രം വിവരിക്കുന്ന 'ഇനി ഞാൻ മരിക്കട്ടെ' യുടെ ഉള്ളടക്കം അടുക്കും ചിട്ടയോടും കൂടിയതാണ്. സാക്ഷികളായ രക്തസാക്ഷികൾ എന്ന് തുടങ്ങുന്ന ഒന്നാം ഭാഗം യേശുക്രിസ്തുവിന്റെയും അപ്പോസ്തോലന്മാരുടെയും ചരിത്രം വിവരിക്കുകയും ക്രൈസ്തവ പീഡനങ്ങളുടെ കാരണങ്ങളും ഫലങ്ങളും ചർച്ച ചെയ്യുന്നു. ഏഴു ഭാഗങ്ങളിലായി ഓരോ നൂറ്റാണ്ടിലേയും രക്തസാക്ഷികളുടെ അനുഭവങ്ങൾ വിവരിക്കുക മാത്രമല്ല, ഒടുവിലായി 'പ്രകാശധാര' എന്ന കുറിപ്പ് വായനക്കാരെ സ്പർശിക്കയും ചെയ്യുന്നു. ഭാരതത്തിലെ ക്രൈസ്തവ രക്തസാക്ഷികളെക്കുറിച്ചു പറയുകയും ഭാരത ഭരണഘടനയുടെ അടിസ്ഥാനത്തിൽ ക്രൈസ്തവ പീഡനങ്ങൾ പഠന വിധേയമാക്കുന്നു എന്നതും ഈ കൃതിയെ വ്യത്യസ്തമാക്കി.
ഗ്ലാഡിസ് സ്റ്റെയിൻസിൻ്റെ അഭിമുഖം
പുസ്തകത്തിന്റെ പരിഷ്കരിച്ച എട്ടാം പതിപ്പിൽ ആധുനിക രക്ത സാക്ഷികളുടെ ചരിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗ്രഹാം സ്റ്റെയിൻസിന്റെ വിധവ ഗ്ലാഡിസ് സ്റ്റെയിൻസുമായി ഷിബു മുള്ളംകാട്ടിൽ നടത്തിയ അഭിമുഖവും പുതിയ പതിപ്പിലുണ്ട്. കാൽ നൂറ്റാണ്ടു മുൻപ് രണ്ടു വിദ്യാർത്ഥികൾ എഴുതിയ 'ഇനി ഞാൻ മരിക്കട്ടെ' എന്ന പുസ്തകം സമൂഹത്തെ എത്രമാത്രം സ്വാധീനിച്ചു എന്നതിന് ഉദാഹരണങ്ങൾ നിരവധിയാണ്. പാസ്റ്റർ വി പി ഫിലിപ്പും ഷിബു മുള്ളംകാട്ടിലും ക്രൈസ്തവ സാഹിത്യ രംഗത്ത് സജീവമാണ്. ഇന്നും പല വായനക്കാരും തങ്ങളെ തിരിച്ചറിയുന്നത് 'ഇനി ഞാൻ മരിക്കട്ടെ' എന്ന പുസ്തകത്തിലൂടെയാണെന്ന് ഗ്രൻഥകർത്താക്കൾ അഭിമാനത്തോടെ പറയുന്നു.
പുസ്തകത്തിന്റെ കോപ്പികൾക്ക്:
9961515487
9447358997(WhatsApp only)
Advertisement