ജെബ്ബേസ് റ്റോം ചാക്കോയ്ക്ക് ഡോക്ടറേറ്റ്
ഷാർജ: ഐപിസി ഷാർജ സഭാംഗം ജെബ്ബേസ് റ്റോം ചാക്കോ ജർമനിയിലെ പ്രശസ്തമായ ബോൺ യൂണിവേഴ്‌സിറ്റിയിൽനിന്നു തിയററ്റിയ്ക്കൽ ഫിസിക്‌സിൽ ഡോക്ടറേറ്റു നേടി.
ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽനിന്നു ഉയർന്ന നിലയിൽ ബിരുദപഠനം പൂർത്തിയാക്കിയ ജെബ്ബേസ് ജർമനിയിലെതന്നെ, മലയാളം വേദപുസ്തകപരിഭാഷയ്ക്കു പ്രസിദ്ധനായ മിഷനറി ഹെർമ്മൻ ഗുണ്ടർട്ട് പഠിച്ച, പ്രസിദ്ധമായ റ്റൂബിംഗൻ യൂണിവേഴ്‌സിറ്റിയിലായിരുന്നു മാസ്റ്റേസ് ചെയ്തത്. പ്ലസ് റ്റു വരെ അജ്മാനിലെ അൽ അമീർ സ്‌കൂളിൽ പഠിച്ച ജെബ്ബേസ് അക്കാലയളവിൽ സഭയിലെ സൺഡേസ്‌കൂൾ പഠനത്തിലും യുവജനയോഗങ്ങളിലും സജീവമായിരുന്നു.
നിരവധി പ്രതിസന്ധികളോടു പോരാടിയാണു ജെബ്ബേസ് വിദ്യാഭ്യാസത്തിൽ ഉയരങ്ങൾ കീഴടക്കിയത്. ബോൺ യൂണിവേഴ്‌സിറ്റിയിൽ തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു ഗവേഷണപഠനം. രണ്ടര നൂറ്റാണ്ടിനു മുൻപു സ്ഥാപിതമായ ബോൺ യൂണിവേഴ്‌സിറ്റി ലോകത്തിലെതന്നെ മുൻനിര ഗവേഷണകേന്ദ്രങ്ങളിലൊന്നാണ്. മുപ്പതിനായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സർവകലാശാലയിൽനിന്നു പതിനൊന്നുപേർ നൊബേൽ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.
മുപ്പത്തഞ്ചു വർഷമായി ഐപിസി ഷാർജയിലെ സജീവ സഭാംഗങ്ങളാണു മാതാപിതാക്കൾ. ചിറ്റാർ നിറയന്നൂർ കടമാംകുന്നിൽ തോമസ് ചാക്കോ (ജോസ്) യാണു പിതാവ്. മാതാവ് മുണ്ടിയപ്പള്ളിൽ മഠത്തിൽ റെയ്ച്ചൽ ചാക്കോ ഐപിസിയിലെ പ്രസിദ്ധ ശുശ്രൂഷകനായിരുന്ന പാസ്റ്റർ എം. വി. ചാക്കോ (മുണ്ടിയപ്പള്ളിയപ്പച്ചൻ) യുടെ സഹോദരന്റെ കൊച്ചുമകളാണ്. ഏകസഹോദരൻ ജൊഹാൻ റ്റോം ചാക്കോ കാനഡയിൽ പഠനത്തോടൊപ്പം ജോലിചെയ്തുവരുന്നു. നാട്ടിൽ ചിറ്റാർ ഐപിസി അംഗമാണു കുടുംബം.
Advertisemen