ദൈവസഭയും രാഷ്ട്രീയവും

ദൈവസഭയും രാഷ്ട്രീയവും

"ഭയും രാഷ്ട്രവും" (Church and State)  നടത്തിയ അവിശുദ്ധകൂട്ടു കെട്ടുകളുടെ തിക്ത ഫലങ്ങൾ സഭാചരിത്രത്തിന്റെ ഏടുകൾ മറിച്ചാൽ കാണാവുന്നതാണ്. എ. ഡി. 590ൽ തുടങ്ങി, നൂറ്റാണ്ടുകളിലൂടെ സഭയെ അന്ധകാരത്തിൽ  തളച്ചിട്ട പാപ്പാധിപത്യം (Papacy) മദ്ധ്യകാലഘട്ടത്തിൽ  രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. ലിയോ IX, പീയുസ് IX ജൂലിയസ് ll തുടങ്ങിയ മാർപ്പാപ്പമാർ രാജ്യങ്ങൾക്കെതിരെ സ്വന്തം സൈന്യങ്ങളെ വിന്യസിക്കുകയും യുദ്ധം നയിക്കുകയും ചെയ്തിട്ടുണ്ട്. സൈന്യ ത്തെ പലർക്കും കൂലിക്ക് നൽകിയിട്ടുണ്ട്.  എ. ഡി. 962ൽ, തന്നെ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ (Holy Roman Empire)  ചക്രവർത്തിയാക്കിയ പോപ്പ് ജോൺ XII നെ,  ഓട്ടോ ഒന്നാമൻ ചക്രവർത്തി 963ൽ നീക്കം ചെയ്ത് ലിയോ എട്ടാമനെ മാർപ്പാപ്പ ആക്കിയ ചരിത്രവുമുണ്ട്. 

ഫ്രാൻസിന്റെ ആഭ്യന്തരഭരണത്തിൽ കൈകടത്തിയ ബോണിഫെസ് എട്ടാമൻ പാപ്പായെ 1303ൽ ഫിലിപ്പ് നാലാമൻ രാജാവ് തടവിലാക്കിയിട്ടുണ്ട്. 1309 മുതൽ 1377 വരെ ഫ്രഞ്ച് രാജാക്കന്മാർ  പാപ്പാ മാരെ നിയമിക്കുകയും റോമിൽ നിന്ന് ഫ്രാൻസിലെ അവിഗ്നനിൽ തടങ്കലിൽ(Babylonian Captivity of the Church) എന്നപോലെ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സഭയും രാഷ്ട്രവും തമ്മിലുള്ള വേർപാട് പാലിക്കാതിരുന്നതിന്റെ  ചില ദുരനുഭവങ്ങളാണ് പറഞ്ഞുവരുന്നത്. നവീകരണകാലഘട്ടത്തിൽ ശുഭോദർക്കമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. സഭയുടെ അധികാരം രാഷ്ട്രത്തിന്റെ അധികാര വുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല എന്ന്  മാർട്ടിൻ ലൂഥർ  "The doctrine of the two Kingdoms" എന്ന തന്റെ കൃതിയിൽ അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. 

ഇതിന്റെ തുടർച്ച എന്ന പോലെ അനാബാപ്റ്റിസ്റ്റുകളുടെ ഉപദേശങ്ങളിൽ, സഭ രാഷ്‌ട്രീയത്തിൽ ഇടപെടുവാൻ പാടില്ല എന്ന് നിഷ്കർഷിച്ചു. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റ്‌ തോമസ് ജെഫേർസൺ 1872 ൽ ബാപ്റ്റിസ്റ്റ് അസോസിയേഷന് അയച്ച കത്തിൽ സഭയ്ക്കും രാഷ്ട്രത്തിനും ഇടയിൽ കൃത്യമായ ഒരു വിഭജനഭിത്തി (Wall of Separation) ഉണ്ടായിരിക്കണം എന്ന് പറഞ്ഞത് സുപ്രീം കോടതി ഒരിക്കൽ ഉദ്ധരിച്ചിട്ടുണ്ട്.

ദൈവസഭ ഐഹികഭരണകൂടത്തിന്റെ ഭാഗമാകും എന്ന് തിരുവചനവും പറയുന്നില്ല. പ്രവചന പുസ്തകങ്ങളിലെ പരാമർശങ്ങളെല്ലാം ഭാവികാലസംബന്ധിയാണ്. സഹസ്രാബ്ദവാഴ്ച്ചാസൂചനകൾ നമുക്ക് ഏറെ പരിചിതമാണ് .( യെശ.9:6,7, ദാനി. 2:44, 7:27, വെളി. 29:1-7) "എന്റെ രാജ്യം ഐഹികമല്ല" എന്ന കർത്താവിന്റെ ഖണ്ഡിതമായ പ്രഖ്യാപനം (യോഹ. 18:36) നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ. 

ലോകത്തിലെ അധികാര വ്യവസ്ഥകൾ അംഗീകരിക്കുവാനും നിയമങ്ങൾ പാലിക്കുവാനും അങ്ങ് തയ്യാറായിരുന്നു എന്നും ഓർക്കുക (യോഹ. 19:11, ലൂക്കോ. 20:25). ഭൗതീക അധികാരങ്ങളോട് തികഞ്ഞ നിസ്സംഗതയും വിരക്തിയും പ്രകടമാക്കിയവനാണ് നമ്മുടെ കർത്താവ് ( യോഹ. 6:15,മത്താ.4:8,9) അപ്പൊസ്ഥലന്മാരുടെ വീക്ഷണവും വ്യത്യസ്തമല്ല (1 പത്രോ. 2:17, റോമ. 13:1-7, 1കൊരി. 6:2) 

2025 ഓഗസ്റ്റ് 4,5 തീയതികളിൽ അമേരിക്കൻ എ. ജി. ജനറൽ പ്രസ്ബിറ്ററി അംഗീകരിച്ച "Position Paper of Christians and Citizenship" എന്ന രേഖയിലെ പ്രസക്തമായ ഭാഗം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതം എന്നു കരുതുന്നു. " മറ്റൊരു രാജ്യത്തിന്റെ പൗരന്മാരാണ് തങ്ങൾ എന്ന യാഥാർഥ്യബോധമാണ് വിശ്വാസികളെ എപ്പോഴും ഭരിക്കേണ്ടത്. അഭിനവ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ സ്‌ഥാപിതതാല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവരാണ്. വ്യക്തിപരവും രാഷ്ട്രീയവുമായ വിധേയത്വത്തെക്കാൾ ദൈവജനം സുവിശേഷപ്രചരണ ത്തിനാണ് മുൻഗണന കൊടുക്കേണ്ടത് "

നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷകസംഘടനകളിൽ അഹോരാത്രം പ്രവർത്തിച്ചവരും കൊടിയ മർദ്ദനമേറ്റവരും പ്രത്യശാസ്ത്രങ്ങളുടെ പൊള്ളത്തരങ്ങൾ കണ്ടുമടുത്തവരും നേതാക്കന്മാരുടെ നയവഞ്ചനയാൽ നെഞ്ചുപിടഞ്ഞവരുമായ നമ്മുടെ ചെറുപ്പക്കാർ ക്രിസ്തുവിനെ അഭയം ചൊല്ലിവന്ന, സ്വർഗ്ഗരാജ്യത്തിന്റെ നേർപതിപ്പായ ദൈവസഭയിൽ രാഷ്ട്രീയ പ്രവേശനത്തിന്റെ ആഹ്വാനങ്ങൾ മുഴങ്ങുമ്പോൾ എന്തു ചെയ്യണമെന്നും നാം ചിന്തിക്കണം 

Advertisement