തടവുകാരനായി പൗലോസിന്റെ അവസാനത്തെ മിഷനറി യാത്ര: കപ്പൽച്ഛേദവും മാൾട്ടയിൽ പൗലോസ് നയിച്ച സുവിശേഷ ദൗത്യവും 

തടവുകാരനായി പൗലോസിന്റെ അവസാനത്തെ മിഷനറി യാത്ര: കപ്പൽച്ഛേദവും മാൾട്ടയിൽ പൗലോസ് നയിച്ച സുവിശേഷ ദൗത്യവും 

തടവുകാരനായി പൗലോസിന്റെ അവസാനത്തെ മിഷനറി യാത്ര: കപ്പൽച്ഛേദവും മാൾട്ടയിൽ പൗലോസ് നയിച്ച സുവിശേഷ ദൗത്യവും 

ഡോ. ബിനു ഡാനിയൽ

പ്പൊസ്തലപ്രവൃത്തികൾ ഇരുപത്തേഴും ഇരുപത്തിയെട്ടും അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ അവസാന യാത്ര ഒരു തടവുകാരന്റെ യാത്ര മാത്രമല്ല. അത് ദൈവവിളിയോട് അചഞ്ചലമായ വിശ്വസ്തത പുലർത്തിയ ഒരു മനുഷ്യന്റെ കഥയാണ്. ഹൃദയം തകർന്ന നിമിഷങ്ങളിലും ആത്മവിശ്വാസം കൈവിടാതെ, വേദനയെ ശക്തിയാക്കി മുന്നോട്ട് നടന്ന ആത്മദൗത്യത്തിന്റെ സാക്ഷ്യം. പൗലോസ് റോമൻ പടയാളികളുടെ കാവലിൽ  നിയന്ത്രണത്തിൽ ആയിരുന്നു എങ്കിലും അവന്റെ ആത്മാവ് സ്വതന്ത്രമായിരുന്നു. റോമിലെ സീസറുടെ മുമ്പിൽ ന്യായവിധിക്ക് ഹാജരാകുവാൻ പോകുന്ന ഒരു തടവുകാരൻ ആയിരുന്നു പൗലോസ്. എന്നാൽ ആ യാത്രയിൽ അവൻ കൊണ്ടുപോയത് ദൈവരാജ്യത്തിന്റെ സന്ദേശവും വേദന അനുഭവിക്കുന്ന മനുഷ്യർക്കുള്ള പ്രത്യാശയും ആയിരുന്നു. അവർ യാത്ര പുറപ്പെട്ടത് സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു.

പൗലോസ് അപ്പൊസ്തലൻ  കൈസര്യയിൽ നിന്ന് കപ്പൽ കയറുമ്പോൾ അവന്റെ മനസ്സ് നിറഞ്ഞത് അനിശ്ചിതത്വമായിരുന്നു. യെരുശലേമിൽ അനുഭവിച്ച പീഡനങ്ങളും തടവുകളും കഴിഞ്ഞ് ഇനി എന്ത് സംഭവിക്കും എന്ന ചിന്ത. എങ്കിലും ദൈവത്തിന്റെ വിളി മുന്നോട്ട് നയിച്ചു. റോമിൽ എത്തി സാക്ഷ്യം വഹിക്കേണ്ടതുണ്ടെന്ന് അവൻ അറിയാമായിരുന്നു. ജൂലിയസ് എന്ന റോമൻ ശതാധിപന്റെ കാവലിൽ മറ്റു തടവുകാരോടൊപ്പം അവൻ യാത്ര തുടങ്ങി. കൂടെ ലൂക്കോസും മറ്റു സഹയാത്രക്കാരും ഉണ്ടായിരുന്നു.

റോമിലേക്കുള്ള യാത്രയിൽ തടവുകാരനായിരുന്നെങ്കിലും, ജൂലിയസ് എന്ന ശതാധിപൻ പൗലോസിനോട് കാണിച്ച കരുണ മൂലം പൗലോസ് അസാധാരണമായ ഒരു സ്വാതന്ത്ര്യം അനുഭവിച്ചു., അവരിൽ നിന്നു ആവശ്യമായ സഹായവും പരിചരണവും ലഭിച്ചു. കഠിനമായ കാവൽ നിയന്ത്രണങ്ങൾക്കിടയിലും, പൗലോസിന് ആളുകളുമായി സംസാരിക്കാനും ആത്മീയമായും ശാരീരികമായും ശക്തി നേടാനും സാധിച്ചു. ഈ സ്വാതന്ത്ര്യം ദൈവത്തിന്റെ പദ്ധതിയിൽ അവന്റെ യാത്ര സുരക്ഷിതമായി മുന്നേറുന്നതിനുള്ള ഒരു അനുഗ്രഹമായി മാറി.

കടൽയാത്ര പതുക്കെ ഭീഷണിയായി മാറി. കപ്പൽ ക്രെത്തയിൽ എത്തിയപ്പോൾ പൗലോസ് മുന്നറിയിപ്പ് നൽകി. ഇനി യാത്ര തുടരുന്നത് അപകടകരമെന്ന് അവൻ പറഞ്ഞു. എന്നാൽ തടവുകാരന്റെ ശബ്ദം ആരും കേട്ടില്ല. കാറ്റിന്റെ ശക്തിയിലും മനുഷ്യരുടെ തീരുമാനങ്ങളിലും ദൈവത്തിന്റെ ശബ്ദം പലപ്പോഴും അവഗണിക്കപ്പെടുന്നതിന്റെ ദുഃഖം ആ നിമിഷത്തിൽ പൗലോസിന്റെ ഹൃദയത്തിൽ പതിഞ്ഞിരിക്കണം.

പിന്നീട് ഈശാനമൂലൻ (വടക്കുകിഴക്കൻ ഭാഗത്തുനിന്ന് വീശിയ അതിശക്തമായ കൊടുങ്കാറ്റ്) എന്ന കൊടുങ്കാറ്റ് കപ്പലിനെ പിടിച്ചു കുലുക്കി. പതിനാലു ദിവസങ്ങൾ സൂര്യനെയും നക്ഷത്രങ്ങളെയും കാണാതെ അവർ കടലിൽ അലഞ്ഞു. രക്ഷപ്പെടുമെന്ന പ്രത്യാശ എല്ലാവരും കൈവിട്ടപ്പോൾ പൗലോസ് മാത്രം നിലകൊണ്ടു. ദൈവത്തിന്റെ ദൂതൻ അവനെ സന്ദർശിച്ചു. ഒരാളും നശിക്കുകയില്ലെന്നും കപ്പൽ മാത്രമേ നഷ്ടപ്പെടുകയുള്ളൂ എന്നും അവൻ ഉറപ്പു നൽകി. ആ വാക്കുകൾ പൗലോസിന്റെ കണ്ണുകളിൽ വെളിച്ചമായി മാറി. തടവുകാരനായ അവൻ തന്നെ കപ്പലിലെ എല്ലാവർക്കും ധൈര്യത്തിന്റെ ശബ്ദമായി.

പതിനാലാം രാത്രിയിൽ കരയോട് അടുക്കുന്നതിന്റെ സൂചനകൾ കണ്ടു. പുലർച്ചെ കപ്പൽ മണൽപ്പരപ്പിൽ ഇടിച്ചു. തിരമാലകൾ കപ്പലിന്റെ പിന്നെ പിറകുവശം തകർത്തു. മരണം മുന്നിൽ നിൽക്കുമ്പോഴും ദൈവവാക്ക് നിറവേറ്റപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ഇരുനൂറ്റി എഴുപത്തിയാറുപേരും ജീവൻ നഷ്ടപ്പെടാതെ കരയിൽ എത്തി. ചിലർ നീന്തിയും ചിലർ തകർത്ത കപ്പലിന്റെ മരക്കഷണങ്ങൾ പിടിച്ചും. ദൈവത്തിന്റെ വാഗ്ദത്തം ഒരു തടവുകാരന്റെ വാക്കിലൂടെ സത്യമായി.

അവർ എത്തിയത് മെലീത്ത എന്ന ദ്വീപിൽ ആയിരുന്നു. ഇന്ന് അത് അറിയപ്പെടുന്നത് മാൾട്ട എന്ന പേരിലാണ്. അവിടത്തെ ആളുകൾ അവരെ  വളരെ സ്നേഹത്തോടെയും കരുണയോടെയും സ്വീകരിച്ചു. മഴയും കഠിനമായ ശീതവും കാരണം അവർ ഉടൻ തീ കൂട്ടി, അവരെ  എല്ലാവരെയും ചൂടേകി ആശ്വസിപ്പിച്ചു. ആ സമയത്ത് പൗലോസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പോൾ, ചൂടുനിമിത്തം ഒരു അണലി പുറത്തുവന്ന് അവന്റെ കൈയിൽ പറ്റി. അത് അവന്റെ കൈമേൽ തൂങ്ങുന്നത് കണ്ട ദ്വീപുകാർ, ഈ മനുഷ്യൻ ഒരു കൊലപാതകനായിരിക്കണം; കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നു തമ്മിൽ പറഞ്ഞു. എന്നാൽ പൗലോസ് ആ അണലിയെ തീയിൽ കുടഞ്ഞുകളഞ്ഞു, അവനു യാതൊരു ദോഷവും സംഭവിച്ചില്ല. ഇതിലൂടെ മനുഷ്യരുടെ വിലയിരുത്തലുകൾ എത്ര എളുപ്പം തെറ്റിപ്പോകുന്നതാണെന്നും ദൈവത്തിന്റെ ശക്തി എത്ര മഹത്തായതാണെന്നും എല്ലാവർക്കും ബോധ്യമായി.

അവിടെ ദ്വീപിന്റെ പ്രധാനാധികാരിയായിരുന്ന പുബ്ലിയോസ് പൗലോസിനെയും കൂട്ടുകാരെയും തന്റെ വീട്ടിൽ സ്വീകരിച്ചു. അവന്റെ അപ്പൻ പനിയും അതിസാരവും ബാധിച്ച് കിടപ്പിലായിരുന്നു. പൗലോസ് പ്രാർത്ഥിച്ചു കൈവെച്ചു. രോഗം മാറി. ആ വീട്ടിൽ കരച്ചിൽ പ്രത്യാശയായി. തുടർന്ന് ദ്വീപിലെ രോഗികൾ ഒരൊന്നായി വന്നു. അവർക്കും സൗഖ്യം ലഭിച്ചു. റോമാക്കാരുടെ തടവുകാരൻ ആയിരുന്നു എങ്കിൽ കൂടി, അവർ കണ്ടത് സ്നേഹത്തോടെ കൈവെക്കുന്ന ഒരു ദൈവദാസനെയായിരുന്നു.

അവർ മൂന്നു മാസം മാൾട്ടയിൽ താമസിച്ചു. ശീതകാലം പതുക്കെ കടന്നുപോയി. ആ ദിവസങ്ങളിൽ പൗലോസിന്റെ ഹൃദയം എത്രവട്ടം റോമിൽ ഉണ്ടാകാൻ പോകുന്ന വിധിയെ പറ്റി ചിന്തിച്ചു കാണും. അവനെ അവിടെ കാത്തിരുന്നത് വീണ്ടും തടവും അനിശ്ചിതമായ ഭാവിയുമാണെന്നു അവൻ അറിഞ്ഞിരുന്നു. എന്നിരുന്നാലും മാൾട്ടയിലെ ആ കാലം ദൈവത്തിന്റെ കരുണ വ്യക്തമാകുന്ന ദിവസങ്ങളായിരുന്നു. ദ്വീപുകാർ അവരെ ആദരവോടെ സ്വീകരിച്ചു, യാത്രയ്ക്കാവശ്യമായ എല്ലാം സന്തോഷത്തോടെ നൽകി. അവർ മാൾട്ട വിട്ടുപോയപ്പോൾ, ആ ദ്വീപിന്റെ മണ്ണിൽ പ്രത്യാശയുടെ വിത്തുകൾ നിശ്ശബ്ദമായി വിതറപ്പെട്ടിരുന്നു.

വസന്തകാലം എത്തിയപ്പോൾ അവർ വീണ്ടും കപ്പലിൽ കയറി യാത്ര തുടർന്നു. കടൽപാത പിന്നിട്ട ശേഷം അവർ ഇറ്റലിയിലെ ഒരു തുറമുഖത്ത് എത്തി. അവിടെ നിന്ന് കരമാർഗം വഴി മുന്നോട്ട് നീങ്ങി. യാത്രയ്ക്കിടയിൽ വിശ്വാസസഹോദരന്മാർ അവനെ കാണാൻ എത്തി. അവരെ കണ്ട നിമിഷം പൗലോസിന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞു. അവൻ ദൈവത്തോട് കൃതജ്ഞത അർപ്പിച്ചു, പുതുവീര്യവും ധൈര്യവും അവന്റെ ഉള്ളിൽ പുനർജനിച്ചു. കൈകളിൽ ചങ്ങലകളുണ്ടായിരുന്നുവെങ്കിലും അവൻ ഒരുനിമിഷം പോലും തളർന്നില്ല.  അവന്റെ കണ്ണുകളിൽ കണ്ണുനീരും പ്രത്യാശയും ഒരുപോലെ തിളങ്ങി, മുന്നിലെ വഴിയെ വിശ്വാസത്തോടെ നോക്കുന്ന ആത്മാവിന്റെ പ്രകാശമായി.

അവസാനം അവൻ എത്തിയത് റോം എന്ന നഗരത്തിലേക്കാണ്. സാമ്രാജ്യത്തിന്റെ ഹൃദയം. അവിടെ അവന് ഒരു സൈനികന്റെ കാവലിൽ സ്വന്തമായി വാടകവീട്ടിൽ താമസിക്കുവാൻ അനുവാദം ലഭിച്ചു. തടവിലായിരുന്നിട്ടും അവൻ സ്വതന്ത്രനായി പ്രസംഗിച്ചു.

യഹൂദനേതാക്കളെ വിളിച്ചു. തന്റെ വിശ്വാസത്തെക്കുറിച്ച് പറഞ്ഞു. ചിലർ വിശ്വസിച്ചു ചിലർ നിരസിച്ചു. അപ്പോൾ പൗലോസ് അന്യജാതികളിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു. അവർ കേൾക്കും എന്ന വിശ്വാസത്തോടെ.

അപ്പൊസ്തല പ്രവൃത്തികളുടെ അവസാന വാക്കുകൾ ഹൃദയം തകർക്കുന്നവയാണ്. രണ്ടുവർഷം അവൻ അവിടെ താമസിച്ചു. ആരും തടയാതെ ധൈര്യത്തോടെ ദൈവരാജ്യം പ്രസംഗിച്ചു. ഒരു തടവുകാരൻ ലോകത്തെ മാറ്റിമറിക്കുന്ന സുവിശേഷം പ്രസംഗിച്ചു. അതിനുശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വചനത്തിൽ വ്യക്തമായ വിവരങ്ങൾ നൽകുന്നില്ല. നീറോ ചക്രവർത്തിയുടെ പീഡനകാലത്ത് പൗലോസ് രക്തസാക്ഷിത്വം വരിച്ചു എന്ന് പറയപ്പെടുന്നു
പൗലോസിന്റെ ഈ അവസാന യാത്ര നമ്മെ കരയിപ്പിക്കുന്നതിന്റെ കാരണം അവന്റെ വേദന മാത്രമല്ല. ചങ്ങലകളിൽ പോലും ദൈവവിളിയോട് അവൻ വിട്ടുവീഴ്ച ചെയ്യാത്തതാണ്. തകർന്ന കപ്പലുകളിൽ നിന്നും തകർന്ന മനുഷ്യരിൽ നിന്നും ദൈവം തന്റെ മഹത്വം വെളിപ്പെടുത്തുന്നു എന്ന സത്യം പൗലോസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അവന്റെ യാത്ര അവസാനിച്ചെങ്കിലും അവന്റെ വിശ്വാസത്തിന്റെ പാത ഇന്നും അനേകരുടെ ഹൃദയങ്ങളിൽ തുടരുന്നു.
പൗലോസിന്റെ മാൾട്ടയിലെ താമസം ഒരു ഇടവേളയായിരുന്നില്ല. അത് ദൈവം ഉദ്ദേശിച്ച ഒരു നിശ്ചിത കാലഘട്ടമായിരുന്നു.

Advertisement