മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കും; പേടിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്‌

മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കും; പേടിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്‌

ന്യൂഡല്‍ഹി: കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാ​ഗമായി മൊബൈലുകളിൽ ചൊവ്വാഴ്ച (31-10-2023) ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പിൻ്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം. നാളെ (31-10-2023) ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കുന്നവർ പരിഭ്രാന്തരാവേണ്ടതില്ല, ഇതൊരു അടിയന്തിര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണ്.

അലാറം പോലുള്ള ശബ്ദമാകും ഫോണിൽ നിന്ന് വരിക. കൂട്ടത്തോടെ നിരവധി ഫോണുകൾ ഇത്തരത്തിൽ ശബ്ദിക്കും. പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നടക്കാൻ പോകുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ലക്ഷ്യം.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളുടെ ഫോണുകൾ ഒരുമിച്ച് ശബ്ദിച്ചിരുന്നു. അലാറം പോലെയുള്ള ഉച്ചത്തിലുള്ള ബീപ് അലേർട്ടും അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ് വന്നത്. ഇത്തരത്തിൽ കൂട്ടത്തോടെ നിരവധി ഫോണുകൾ ശബ്ദിക്കുമ്പോൾ പരിഭ്രാന്തരാവേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. ഉപയോക്താക്കൾ ഈ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായ അലേർട്ടുകൾ നൽകുകയുമാണ് സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏത് മൊബൈൽ നെറ്റ്‌വർക്ക് ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങൾ അയയ്‌ക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈൽ ഓപ്പറേറ്റർമാർക്ക് സാധിക്കും. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലേർട്ടിലൂടെ ലക്ഷ്യമിടുന്നത്.

യഥാർത്ഥ ദുരന്ത മുന്നറിയിപ്പല്ലെന്ന ബോധ്യമുണ്ടാകാനായി 'സാമ്പിൾ ടെസ്റ്റ് മെസേജ്' എന്ന് ലേബൽ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഭാവിയിൽ മൊബൈൽ ഫോണുകൾ കൂടാതെ ടെലിവിഷൻ, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയും അലേർട്ടുകൾ നൽകുന്ന കാര്യം പരി​ഗണനയിലുണ്ട്.

Advertisement