കന്യാസ്തീകളുടെ അറസ്റ്റ്: ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി; പരക്കെ പ്രതിഷേധം
രാജ്യത്ത് നടക്കുന്നത് ഭരണകൂടങ്ങളുടെയും നിയമപാലകരുടെയും ഒത്താശയോടെയുള്ള ക്രൈസ്തവ പീഡനം: പിസിഐ
തിരുവല്ല: മനുഷ്യക്കടത്തും മത പരിവർത്തനവും ആരോപിച്ച് സിസ്റ്റർ വന്ദനയെയും സിസ്റ്റർ പ്രീതിയെയും അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ.
സംഘ് പരിവാറിന്റെ നേതൃത്വത്തിലുള്ള വർഗീയ ശക്തികൾ ക്രൈസ്തവ സമൂഹത്തിന് എതിരെ കാണിക്കുന്ന ഏറ്റവും ഒടുവിലത്തെ നെറികേടാണ് ഛത്തീസ്ഗഡിൽ നടന്നത്. ദൈനംദിനം ക്രൈസ്തവ ആരാധനാലയങ്ങൾ അക്രമിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും പാസ്റ്റർമാരെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്നത് ഇവരുടെ സ്ഥിരം ശൈലിയാണ്. സംസ്ഥാന ഭരണകൂടങ്ങളുടെയും നിയമപാലകരുടെയും പിന്തുണയോടെയാണ് ക്രൈസ്തവ പീഡനം. നൂറുകണക്കിന് മിഷണറിമാരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചാർത്തി ജയിലിൽ അടച്ചിരിക്കുകയാണ്.
ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യം ക്രൈസ്തവർക്കും ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മതേതര ഇന്ത്യയിൽ ക്രൈസ്തവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പിസിഐ നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പാസ്റ്റർ ജെ ജോസഫ്, ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യുസ്, ജനറൽ ട്രഷറാർ ജിനു വർഗീസ് നാഷണൽ കോർഡിനേറ്റർ അജി കുളങ്ങര, വൈസ് പ്രസിഡൻ്റുമാരായ പാസ്റ്റർ വൈ. യോഹന്നാൻ ജയ്പൂര്, സാം ഏബ്രഹാം കലമണ്ണിൽ, പാസ്റ്റർ ഫിലിപ് ഏബ്രഹാം സെക്രട്ടറിമാരയ ബെന്നി കൊച്ചുവടക്കേൽ, പാസ്റ്റർ ലിജോ കെ.ജോസഫ്, പാസ്റ്റർ റോയ്സൺ ജോണി, ഡിപ്പാർട്മെന്റ് കൺവീനർമാരായ പാസ്റ്റർ എം.കെ.കരുണാകരൻ പി.ഡി.വർഗീസ് ചെന്നൈ ബ്ലസിൻ ജോൺ മലയിൽ എന്നിവർ പ്രസംഗിച്ചു.

